

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന നേട്ടം ദുബൈയിലെ ബുര്‍ജ് ഖലീഫ സ്വന്തമാക്കിയിട്ട് 14 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും അതിശയകരമായ കാലാസൃഷ്ടിയെന്ന് വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖലീഫ ഇതിനോടകം പല റെക്കോഡുകളും സ്വന്തമാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ ഏറ്റവും വലിയകെട്ടിടമെന്ന വിശേഷണം ബുര്‍ജ് ഖലീഫയ്ക്ക് നഷ്ടമാകാന്‍ പോകുന്നു.
സൗദിയുടെ സ്വന്തം
സൗദി അറേബ്യയില്‍ നിര്‍മാണം നടന്നുവരുന്ന ജിദ്ദ ടവര്‍ അഥവാ കിംഗ്ഡം ടവറായിരിക്കും ഇനി ഈ സ്ഥാനം നേടുകയെന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് പറയുന്നത്. 1000 മീറ്റര്‍ ഉയരത്തില്‍, അതായത് ഒരു കിലോമീറ്ററും 2,281 അടി നീളത്തിലുമാണ് ജിദ്ദ ടവര്‍ നിര്‍മിക്കുന്നത്. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടും.
ലക്ഷ്വറി ഭവനങ്ങള്‍, ഓഫീസ് സ്‌പേസ്, സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍, ആഡംബര കെട്ടിട സമുച്ചയങ്ങള്‍ എന്നിവ ഒരുമിക്കുന്ന ടവര്‍ നിര്‍മിക്കുന്നത് ജിദ്ദ എക്കണോമിക് കമ്പനിയാണ് . ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ കേന്ദ്രവും ഇവിടെയാകുമെന്നാണ് അറിയുന്നത്. അഞ്ച് വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2023ല്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 1.3 ബില്യണ്‍ ഡോളറാണ് പ്രാഥമിക നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
റെക്കോഡുകളും തട്ടിയെടുക്കും
ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന സ്ഥാനം മാത്രമല്ല മറ്റു പലതും ബുര്‍ജ് ഖലീഫയില്‍ നിന്ന് തട്ടിയെടുത്തേക്കും ജിദ്ദ ടവര്‍. നിലകളുടെ എണ്ണം, ഏറ്റവും ഉയരത്തിലുള്ള ഔട്ട്‌ഡോര്‍ ഒബ്‌സര്‍വേഷന്‍ ഡെക്ക്, ഏറ്റവും ഉയര്‍ന്ന ഫ്രീസ്റ്റാന്‍ഡിംഗ് സ്ട്രക്ചര്‍, ഏറ്റവും വലിയ എല്‍.ഇ.ഡി ഇല്യൂമിനേഷന്‍, റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം എന്നിങ്ങനെ നിരവധി റെക്കോഡുകള്‍ നിലവില്‍ ബുര്‍ജ് ഖലീഫയ്ക്കുണ്ട്.
2004ല്‍ നിര്‍മാണം തുടങ്ങിയ ബുര്‍ജ് ഖലീഫ 2010ലാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.എണ്ണയില്‍ നിന്നുള്ള വരുമാനം മാത്രം ശ്രദ്ധിച്ചിരുന്ന ദുബൈയെ ബിസിനസ്, ടൂറിസം, ലക്ഷ്വറി എന്നിവയിലേക്കും വഴിമാറ്റാനുള്ള നയത്തിന്റെ ഭാഗമായിരുന്നു ബുര്‍ജ് ഖലീഫയുടെ നിര്‍മാണം. അത് വളരെ വിജയകരമായി നടപ്പാകുകയും ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine