

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി ആരാംകോ (Saudi Aramco) ഇന്ത്യയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നു. എണ്ണ വില്പനയ്ക്ക് ഉപരിയായി ഇന്ത്യയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ സൗദി ഭരണകൂടം സന്നദ്ധത അറിയിച്ചിരുന്നു.
ദക്ഷിണേന്ത്യയിലാണ് സൗദി ആരാംകോയ്ക്ക് കൂടി പങ്കാളിത്തമുള്ള പദ്ധതി വരുന്നത്. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ രാമയ്യപട്ടണം തുറമുഖത്തിന് സമീപമാണ് റിഫൈനറി കം പെട്രോകെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്.
96,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. സൗദി ആരാംകോ 20 ശതമാനം ഓഹരി പങ്കാളിത്തമാകും നേടുക. പൊതുമേഖല കമ്പനിയായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കുമെന്നാണ് വിവരം. രാജ്യത്തെ പ്രധാന ബാങ്കുകള്‍ക്ക് 4-5 ശതമാനം ഓഹരി നല്കും. ഈ ഗ്രീന്‍ഫീല്‍ഡ് റിഫൈനറിയുടെ 30-40 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനും ബിപിസിഎല്ലിന് പദ്ധതിയുണ്ട്.
സംസ്ഥാനത്തിന്റെ തലവര മാറ്റുന്ന പദ്ധതിക്ക് എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്കുന്നത്. പദ്ധതിക്കായി 6,000 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വിശദമായ സാധ്യത പഠനത്തിനുശേഷം പ്രൊജക്ടിന്റെ അന്തിമ ചെലവ് സംബന്ധിച്ച് വ്യക്തമാക്കുമെന്ന് ബിപിസിഎല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തര വിപണിയില്‍ എണ്ണ വില്പനയ്‌ക്കൊപ്പം പെട്രോകെമിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയും പുതിയ പ്ലാന്റിന്റെ ലക്ഷ്യങ്ങളാണ്. ഓരോ വര്‍ഷവും കോടികളുടെ വിദേശനാണ്യം നേടാന്‍ പെട്രോകെമിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ സാധിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയശേഷം നിരവധി വന്‍ പദ്ധതികളാണ് ചന്ദ്രബാബു നായിഡു ആന്ധ്രയിലേക്ക് കൊണ്ടുവരുന്നത്. മോദി സര്‍ക്കാരില്‍ നായിഡുവിനുള്ള സ്വാധീനവും കേന്ദ്ര സഹായം കൂടുതല്‍ ലഭിക്കാന്‍ വഴിയൊരുക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine