

സൗദി അറേബ്യന്‍ കറന്‍സിയായ റിയാലിനും, ഇനി ഡോളറിനെ പോലെ പുതിയ ചിഹ്നം. സാമ്പത്തിക ഇടപാടുകള്‍ക്ക് ഏകീകൃത രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ രൂപ കല്‍പ്പന ചെയ്ത പുതിയ റിയാല്‍ ചിഹ്നം സൗദി രാജാവ് സല്‍മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പുറത്തിറക്കി. സൗദിയുടെ സാംസ്‌കാരിക പൈതൃകം കൂടി ഉള്‍പ്പെടുന്ന ചിഹ്നം ദേശീയ, അന്താരാഷ്ട്ര രംഗങ്ങളില്‍ ഉപയോഗിച്ചു തുടങ്ങും. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് പുതിയ കറന്‍സി ചിഹ്നം.
അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് സൗദി റിയാലിന് നിലവില്‍ ഉപയോഗിച്ചു വരുന്ന SAR എന്നതിനൊപ്പമായിരിക്കും പുതിയ ചിഹ്നം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ പൈതൃകത്തിന്റെയും സമ്പദ് ഘടനയുടെയും ഭാവിയുടെയും ചിഹ്നം എന്ന മുഖവുരയോടെയാണ് പുതിയ ചുവടുവെയ്പ്പ്. അറബിക് കാലിഗ്രാഫിയിലാണ് ഇത് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. സാമ്പത്തിക, സാംസ്‌കാരിക മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് രൂപ കല്‍പ്പനക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഡോളര്‍, യൂറോ തുടങ്ങിയ ശക്തമായ കറന്‍സികളെ പോലെ ആഗോള തലത്തില്‍ അറിയപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചിഹ്നം റിയാലിന് നല്‍കിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അടുത്ത കാലങ്ങളില്‍ സ്വന്തം കറന്‍സികള്‍ക്ക് ചിഹ്നങ്ങള്‍ രൂപകല്‍പ്പന ചെയ്ത് ആഗോളശ്രദ്ധ നേടിയിരുന്നു. പുതിയ ചിഹ്നം ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ റിയാലിന്റെ സ്വത്വം ശക്തിപ്പെടുത്തുന്നതാകുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അയ്മന്‍ അല്‍ സവാരി വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine