ജിന്‍ഡാലിന്റെ മണി പവറില്‍ അടിതെറ്റിയത് കോണ്‍ഗ്രസിനും ബി.ജെ.പിക്കും, ഇന്ത്യയിലെ അതിസമ്പന്ന ഇനി എം.എല്‍.എ

രാജ്യത്ത് ഏറ്റവും കൂടുതല്‍ സമ്പാദ്യത്തിന് ഉടമയായ വനിതയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ സാവിത്രി ജിന്‍ഡാല്‍ ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കമാല്‍ ഗുപ്തയെയും കോണ്‍ഗ്രസിന്റെ റാം നിവാസ് റാരയെയും പരാജയപ്പെടുത്തി 18,941 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സാവിത്രിയുടെ വിജയം. 2021 മുതല്‍ ഹരിയാനയിലെ നഗര വികസന-ഭവനകാര്യ വകുപ്പ് മന്ത്രിയായിരുന്നയാളാണ് കമല്‍ ഗുപ്ത. 2005ലും 2009ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ജിന്‍ഡാല്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു.
2005ല്‍ ഭര്‍ത്താവായിരുന്ന ഒ.പി ജിന്‍ഡാലിന്റെ മരണത്തോടെയാണ് സാവിത്രി രാഷ്ട്രീയത്തിലേക്കും ബിസിനസിലേക്കും രംഗപ്രവേശനം ചെയ്യുന്നത്. സാവിത്രിയുടെ നേതൃത്വത്തിലുള്ള ജിന്‍ഡാല്‍ ഗ്രൂപ്പിന് സ്റ്റീല്‍, പവര്‍, മൈനിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ബിസിനസുണ്ട്. ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങളും ഇതിനിടയില്‍ സാവിത്രിയെ തേടിയെത്തി.
2005ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഹിസാറില്‍ നിന്നും സാവിത്രി ആദ്യമായി ഹരിയാന നിയമസഭയിലെത്തുന്നത്. 2009ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2013 വരെ ഹരിയാനയില്‍ മന്ത്രിപദവും അലങ്കരിച്ച സാവിത്രി പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നും അകന്നു. ഫോബ്‌സിന്റെ കണക്കുപ്രകാരം 3.65 ലക്ഷം കോടി രൂപയാണ് 74 കാരിയായ സാവിത്രിയുടെ സമ്പാദ്യം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച കണക്കുപ്രകാരം 270 കോടി രൂപയാണ് ഇവരുടെ സമ്പാദ്യം. കോണ്‍ഗ്രസ് നേതാവായിരുന്ന മകന്‍ നവീന്‍ ജിന്‍ഡാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കുരുക്ഷേത്ര ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ച നവീന്‍ നിലവില്‍ ബി.ജെ.പി എം.പിയാണ്.

Related Articles
Next Story
Videos
Share it