

പാക്കറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലും പാക്കേജിംഗിലും നിര്‍ണായക മാറ്റത്തിന് വഴിയൊരുക്കി സുപ്രീം കോടതി ഉത്തരവ്. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അനുവദനീയമായ അളവിലും കൂടുതലുള്ള ഉല്‍പ്പന്നങ്ങളുടെ പാക്കറ്റിന് മുന്‍വശത്ത് തന്നെ വ്യക്തമായ മുന്നറിയിപ്പ് ലേബലുകള്‍ (Front-of-pack warning labels) പതിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാരിനും ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയ്ക്കുമാണ് (FSSAI) ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
ചുവപ്പ് നിറത്തിലുള്ള ഷഡ്ഭുജാകൃതിയിലാണ് (Hexagon) മുന്നറിയിപ്പ് ലേബലുകള്‍ നല്‍കേണ്ടത്. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് കൂടുതലാണെങ്കില്‍ യഥാക്രമം 'HIGH FAT', 'HIGH SUGAR', 'HIGH SALT' എന്നിങ്ങനെ രേഖപ്പെടുത്തണം. എഴുത്തിനൊപ്പം അവ തിരിച്ചറിയാനുള്ള ചിത്രരൂപത്തിലുള്ള ചിഹ്നങ്ങളും വേണം.
മൂന്നിനും കൂടി ഒരൊറ്റ മുന്നറിയിപ്പ് നല്കിയാല് പോരെന്നും ഓരോന്നിനും പ്രത്യേകം ലേബല്‍ വേണമെന്നും കോടതി വ്യക്തമാക്കി. ഓരോ മുന്നറിയിപ്പ് ചിഹ്നത്തിനും പാക്കറ്റിന്റെ പ്രധാന പ്രദര്‍ശന ഭാഗത്തിന്റെ 4 മുതല്‍ 5 ശതമാനം വരെ വലുപ്പമുണ്ടാകണം.
ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ പ്രത്യേകം ചേര്‍ക്കുന്ന പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് മാത്രം അടിസ്ഥാനമാക്കി മുന്നറിയിപ്പ് നല്കിയാല് പോരെന്നും കോടതി വ്യക്തമാക്കി. പരിധി വളരെ താഴ്ന്നാല്‍ മിക്ക ഭക്ഷ്യ ഉല്പന്നങ്ങളിലും മുന്നറിയിപ്പ് നല്‍കേണ്ടിവരും. ഇത് ഉപയോക്താക്കള്‍ മുന്നറിയിപ്പുകളെ അവഗണിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാം. അതേസമയം, പരിധി ഉയര്‍ത്തിയാല്‍ ആരോഗ്യത്തിന് ഹാനികരമായ പല ഉല്പന്നങ്ങളും മുന്നറിയിപ്പില്ലാതെ വിപണിയിലെത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളില്‍ കര്‍ശനമായ ഭക്ഷ്യ ലേബലിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ ഇന്ത്യയിലും സമാനമായ സമീപനം സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. അമേരിക്കയിലെയും ബ്രിട്ടനിലെയും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന വിവരങ്ങളും സംരക്ഷണവും ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും ലഭിക്കേണ്ടതുണ്ട്.
പുതിയ മാനദണ്ഡങ്ങള്‍ നടപ്പാകുന്നതോടെ ബിസ്കറ്റ്, ചിപ്സ്, ചോക്ലേറ്റ്, ശീതളപാനീയങ്ങള്‍, റെഡി ടു ഈറ്റ് ഭക്ഷ്യ ഉല്പന്നങ്ങള് എന്നിവ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് പാക്കേജിംഗില്‍ മാറ്റം വരുത്തേണ്ടി വന്നേക്കും. മുന്നറിയിപ്പ് ലേബലുകള്‍ ഒഴിവാക്കുന്നതിനായി ഉല്‍പ്പന്നങ്ങളിലെ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കുന്നതും കമ്പനികള്‍ പരിഗണിച്ചേക്കാം.
നാല് മാസത്തിനുള്ളില്‍ പുതിയ ചട്ടങ്ങള്‍ തയാറാക്കാനാണ് എഫ്എസ്എസ്എഐ ലക്ഷ്യമിടുന്നത്. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത ശേഷം പാക്കേജിംഗില്‍ മാറ്റം വരുത്താന്‍ ഭക്ഷ്യ കമ്പനികള്‍ക്ക് 365 ദിവസത്തെ സാവകാശം ലഭിക്കും. ഈ കാലാവധി അനാവശ്യമായി നീട്ടിനല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. കരട് ചട്ടങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി പത്ത് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine