വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; എ.ഐ ക്യാമറ വഴി ഓട്ടോമാറ്റിക് പിഴ; നിബന്ധനകൾ കടുപ്പിക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ഇൻഷുറൻസ് ഇല്ലാത്ത 16.54 കോടി വാഹനങ്ങൾ; ഇരകൾക്ക് നഷ്ടപരിഹാരം തടയപ്പെടുന്നു; കടുത്ത നടപടികൾക്ക് സുപ്രീം കോടതിയുടെ നിർദേശം
Supreme Court Directions On Uninsured Vehicles
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ഇന്ത്യൻ നിരത്തുകളിലൂടെ ഓടുന്ന വാഹനങ്ങളിൽ 56 ശതമാനത്തിനും സാധുവായ ഇൻഷുറൻസ് പരിരക്ഷയില്ലാത്തവയാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നതോടെ, കടുത്ത നടപടികളിലേക്ക് കടന്ന് സുപ്രീം കോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്നതും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് ക്യാമറകൾ (ANPR) വഴി ഇ-ചെല്ലാൻ അയക്കുന്നതും ഉൾപ്പെടെയുള്ള നിർണായക ശിക്ഷാനടപടികൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി വിവിധ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി.

ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 146 പ്രകാരമുള്ള ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

56% വാഹനങ്ങളും ഇൻഷുറൻസിന് പുറത്ത്

2024 ഡിസംബറിലെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിച്ചാണ് സുപ്രീം കോടതി ആശങ്ക പങ്കുവെച്ചത്.

  • ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ: 30.48 കോടി

  • ഇൻഷുറൻസ് ഇല്ലാത്തവ: 16.54 കോടി (56%)

  • അപകട നിരക്ക്: രാജ്യത്തുണ്ടാകുന്ന റോഡപകടങ്ങളിൽ 22 ശതമാനത്തിലും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളാണ് ഉൾപ്പെടുന്നത്.

നിരത്തുകളിലൂടെ ഓടുന്ന പകുതിയിലധികം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലാത്തതിനാൽ, അപകടത്തിൽപ്പെടുന്ന ഇരകൾക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം ലഭിക്കുന്നത് തടയപ്പെടുകയോ ദീർഘകാല നിയമപോരാട്ടങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

നടപ്പിലാക്കാൻ പരി​ഗണിക്കുന്ന കടുത്ത നിയമങ്ങൾ

1. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന: ഇൻഷുറൻസ് പുതുക്കാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് തടയുന്ന പൈലറ്റ് പ്രോജക്റ്റ് തയാറാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ബോഡിയായ ഐ.ആർ.ഡി.എ (IRDAI), കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും കോടതി ആവശ്യപ്പെട്ടു. പെട്രോളിയം മന്ത്രാലയവും ഈ നിർദേശത്തോട് തത്വത്തിൽ അനുകൂലമായ പ്രതികരണം നടത്തിയിട്ടുണ്ട്.

2. എ.എൻ.പി.ആർ (ANPR) ക്യാമറകൾ വഴി ഓട്ടോമാറ്റിക് പിഴ: ദേശീയപാതകളിലെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിംഗ് (ANPR) ക്യാമറകളെ ഇൻഷുറൻസ് വിവരങ്ങൾ ലഭ്യമായ 'വാഹൻ' (VAHAN) പോർട്ടലുമായി ബന്ധിപ്പിക്കും. ഇൻഷുറൻസില്ലാതെ റോഡിലിറങ്ങുന്ന വാഹനങ്ങൾ ക്യാമറയിൽ പതിഞ്ഞാൽ ഉടൻ തന്നെ ഓട്ടോമാറ്റിക്കായി വാഹന ഉടമകൾക്ക് ഇ-ചെല്ലാൻ അയക്കും.

ഇൻഷുറൻസ് കാലാവധി ഉയർത്തി

പുതിയ കാറുകൾ വാങ്ങുമ്പോൾ നിലവിലുള്ള നിർബന്ധിത തേഡ് പാർട്ടി ഇൻഷുറൻസ് കാലാവധി 3 വർഷത്തിൽ നിന്ന് 4 വർഷമായും ഇരുചക്ര വാഹനങ്ങളുടേത് 5 വർഷത്തിൽ നിന്ന് 6 വർഷമായും ഉയർത്താനും സുപ്രീം കോടതി നിർദ്ദേശിച്ചു. 1996-ൽ ആന്ധ്രാപ്രദേശിലുണ്ടായ ഒരു വാഹനാപകട കേസുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഓഗസ്റ്റ് 14-നകം ബന്ധപ്പെട്ട ഏജൻസികൾ റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റ് 18-ന് ഈ കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com