കോഴിക്കോട്ടെ ചിത്രചുമര്‍ അബുദബിയിലെ ആര്‍ട്ട് സ്‌പേസിലേക്ക്; കയറ്റുമതി ചിലവ് 10 ലക്ഷം രൂപ
കാല്‍നൂറ്റാണ്ട് പഴക്കമുള്ള ഒരു ചിത്രചുമര്‍ കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിക്കാന്‍ ചിലവ് 1.5 ലക്ഷം രൂപ. അബുദബിയിലേക്ക് കടല്‍ കടക്കാന്‍ കയറ്റുമതി ചിലവ് 10 ലക്ഷം രൂപയും. സാധാരണ ഗതിയില്‍ 30,000 രൂപ ചിലവു വരുന്ന കോഴിക്കോട്-കൊച്ചി കണ്ടയ്‌നര്‍ യാത്രക്ക് ഇത്രയും ചിലവ് വര്‍ധിക്കാന്‍ കാരണം ആ ചിത്രചുമരിന്റെ അപൂര്‍വ്വത തന്നെ. കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ കടലുണ്ടി ആനങ്ങാടി എല്‍.പി.സ്‌കൂളില്‍ പൊളിച്ചു മാറ്റിയ ഈ ചുമരിന് കാല്‍നൂറ്റാണ്ട് പഴക്കമുണ്ട്. ഓണക്കാലത്ത് പൂക്കളമിടുകയും ഊഞ്ഞാലാടുകയും ചെയ്യുന്ന കുട്ടികളും അത് കാണാന്‍ വരുന്ന മാവേലിയുമാണ് ചുമരിലെ വര്‍ണ ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പൈതൃക മൂല്യത്തില്‍ ആകൃഷ്ടരായി അബുദബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഇത് ഏറ്റെടുക്കുകയായിരുന്നു. കൊച്ചിയില്‍ നിന്ന് കപ്പല്‍ മാര്‍ഗം ഈ ചുമര്‍ യാത്ര തുടങ്ങി. പത്തു ദിവസത്തിന് ശേഷം അബുദാബി യൂണിവേഴ്‌സിറ്റിയിലെ ഹൗസ് ഓഫ് വാള്‍സ് എക്‌സിബിഷനില്‍ ചരിത്രസ്മാരകമായി ഇടം പിടിക്കും. കൊയിലാണ്ടി ആനങ്ങാടി സ്‌കൂളിന്റെ പുനര്‍നിര്‍മാണ ചുമതലയുള്ള ഫൈസല്‍ ഷഹാന ഫൗണ്ടേഷന്‍ മുഖേനയാണ് ചിത്രചുമര്‍ അബുദബിയിലെ യൂണിവേഴ്‌സിറ്റിയിലെത്തുന്നത്.
പ്രത്യേക ട്രൈലര്‍ തെലങ്കാനയില്‍ നിന്ന്
കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി മാനേജിംഗ് ഡയരക്ടറായ കോഴിക്കോട്ടെ സി.കെ. ഗ്ലോബല്‍ ട്രേഡിംഗ് കമ്പനിയാണ് ഇത് അബുദബിയിലേക്ക് കയറ്റുമതി ചെയ്യുന്നത്. 14.5 അടി ഉയരമുള്ള ചുമര്‍ പൊട്ടാതെ കൊച്ചിയില്‍ എത്തിക്കുന്നത് ഏറെ ശ്രമകരമായിരുന്നെന്ന് മുന്‍ഷിദ് അലി പറഞ്ഞു. ഇതിനായി ലോ ബെഡഡ്ഡ് ട്രൈലര്‍ കൊണ്ടു വന്നത് തെലങ്കാനയില്‍ നിന്നാണ്. 18 ചക്രങ്ങളുള്ള ലോറി കോഴിക്കോട് എത്താന്‍ 30,000 രൂപയായിരുന്നു ചിലവ്. സുരക്ഷിതമായി പായ്ക്ക് ചെയ്ത ചുമര്‍, ക്രെയിന്‍ ഉപയോഗിച്ച് ഓപ്പണ്‍ കണ്ടയ്‌നറില്‍ കയറ്റി രാത്രിയില്‍ മാത്രമായിരുന്നു യാത്രയെന്ന് മുന്‍ഷിദ് അലി പറഞ്ഞു. ഇത്തരം വലിയ വസ്തുക്കള്‍ കൊണ്ടു പോകുന്നതിന് കേരളത്തിലെ റോഡുകളില്‍ നിരവധി തടസ്സങ്ങളാണ് നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാംസ്‌കാരിക വിനിമയത്തിന്റെ അടയാളം
കോഴിക്കോടിന്റെ പൈതൃക ചിഹ്നമായ 'ഉരു' ഗള്‍ഫ് നാടുകളിലേക്ക് കൊണ്ടു പോകാറുണ്ടെങ്കിലും ഇത്തരത്തില്‍ ചിത്രചുമര്‍ കയറ്റുമതി ചെയ്യുന്നത് അപൂര്‍വ്വതയാണ്. കേരളത്തിന്റെ സാംസ്‌കാരിക അടയാളമായി ഇത് അബുദബിയില്‍ ഇനി പ്രദര്‍ശന വസ്തുവായി മാറും. കടല്‍ കടന്ന് പോകുന്ന മലബാറിന്റെ പെരുമകളുടെ പട്ടികയില്‍ ഈ ചുമരും ഇടം പിടിക്കും. യു.എ.ഇയിലെ പ്രവാസികള്‍ക്ക് നാടിന്റെ ഓര്‍മ്മകളുണര്‍ത്താന്‍ ഒരു കാഴ്ച കൂടി.