കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരം; ദുബൈ സ്കൂളുകളിൽ എനര്‍ജി ഡ്രിങ്കിന്‌ വിലക്ക്

കുട്ടികള്‍ എനര്‍ജി ഡ്രിങ്ക്‌സ് കൊണ്ടുവരുന്നതും കുടിക്കുന്നതും വിലക്കി ദുബൈയിലെ സ്‌കൂളുകള്‍. ഇത്തരം പാനീയങ്ങള്‍ കുടിച്ചശേഷം അല്‍പ്പസമയത്തേക്ക് ഉന്മേഷം ലഭിക്കുമെങ്കിലും ദീര്‍ഘകാലത്ത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇത് വ്യക്തമാക്കി നിരവധി സ്‌കൂളുകള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികളില്‍ മാനസിക പിരിമുറുക്കം, രക്തസമ്മര്‍ദ്ദം, ആക്രമണോത്സുക സ്വഭാവം, പ്രമേഹം, ഉറക്കമില്ലായ്മ, വയറുവേദന തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്ന 2020ലെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയുടെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ കുട്ടികളുടെ പഠനത്തെയും ദോഷകരമായി ബാധിക്കും.
മലയാളിയായ സണ്ണി വര്‍ക്കി സ്ഥാപിച്ച ദുബൈയിലെ പ്രമുഖ സ്‌കൂളായ ജെംസ് വേള്‍ഡ് അക്കാഡമിയും എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുമ്പോഴുള്ള ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം ഡ്രിങ്കുകള്‍ക്ക് അനുമതി നല്‍കിയാല്‍ ശരീരത്തിന് ദോഷകരമായ മറ്റ് പാനീയങ്ങളും കുട്ടികള്‍ കുടിക്കാനിടയുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.


Related Articles
Next Story
Videos
Share it