

എന്‍.ഡി.ടി.വി ഏറ്റെടുക്കലില്‍ അദാനി ഗ്രൂപ്പിന്റെ അരുതാത്ത ഇടപെടല്‍ നടന്നെന്ന് സെബി. ഓഹരി വില സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അദാനി എന്റര്‍പ്രൈസസ് ഡയറക്ടര്‍ പ്രണവ് അദാനി ബന്ധുക്കളുമായി പങ്കുവെച്ചു. ഇത് ഇന്‍സൈഡര്‍ ട്രേഡിംഗ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഓഹരി വിപണി നിയന്ത്രണ സ്ഥാപനം ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 2022ലാണ് എന്‍.ഡി.ടി.വിയിലെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഈ സമയത്ത് ഓഹരി വിലയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഭാര്യാസഹോദരന്മാരായ കുനാല്‍ ഷാ, നൃപാല്‍ ഷാ, ഭാര്യാപിതാവ് ധന്‍പാല്‍ഷാ എന്നിവരുമായി പ്രണവ് അദാനി പങ്കുവെച്ചു. ഓഹരി വിലയെ സ്വാധീനിക്കാന്‍ ഇടയുള്ള വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെക്കാന്‍ ബന്ധപ്പെട്ട കമ്പനി ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത സമയത്തേക്ക് സെബി വിലക്കേര്‍പ്പെടുത്താറുണ്ട്. അണ്‍പബ്ലിഷ്ഡ് പ്രൈസ് സെന്‍സിറ്റീവ് ഇന്‍ഫര്‍മേഷന്‍ (യു.പി.എസ്.ഐ) പരിധി എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ സമയത്ത് പ്രണവ് അദാനിയും ബന്ധുക്കളുമായി ഓഹരി വിലയില്‍ ആശയ വിനിമയം നടത്തിയെന്നാണ് സെബി ആരോപണം.
2022 ഓഗസ്റ്റ് 23നാണ് എന്‍.ഡി.ടി.വിയെ ഓപ്പണ്‍ ഓഫറിലൂടെ ഏറ്റെടുക്കുന്ന വിവരം അദാനി ഗ്രൂപ്പ് പരസ്യമാക്കുന്നത്. വിപണി ക്ലോസ് ചെയ്ത ശേഷമായിരുന്നു പ്രഖ്യാപനം. പൊതുഓഹരി ഉടമകളില്‍ നിന്ന് അദാനി ഗ്രൂപ്പ്, വിശ്വപ്രധാന്‍ കൊമേഷ്യല്‍, എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് എന്നിവര്‍ ചേര്‍ന്ന് 26 ശതമാനം ഓഹരികളാണ് ഏറ്റെടുക്കലില്‍ ഉള്‍പ്പെട്ടത്. ഓഹരിയൊന്നിന് 294 രൂപ നിരക്കില്‍ 1.676 കോടി ഓഹരികളാണ് ഏറ്റെടുത്തത്. ഏതാണ്ട് 492.81 കോടി രൂപ വിലമതിക്കുന്ന ഇടപാടായിരുന്നു ഇത്.
പിറ്റേന്ന്, അതായത് ഓഗസ്റ്റ് 24ന്, വിപണി തുറന്നപ്പോള്‍ തന്നെ എന്‍.ഡി.ടി.വി ഓഹരികള്‍ 2.5 ശതമാനം ഉയരത്തിലായി. വ്യാപാരാന്ത്യം 5 ശതമാനത്തോളം നേട്ടത്തിലായിരുന്നു ഓഹരികള്‍. എന്‍.ഡി.ടി.വിയിലെ അദാനി നിക്ഷേപമാണ് ഓഹരി വിലയെ ഉയര്‍ത്തിയത്. ഇത് നേരത്തെ മനസിലാക്കിയ കുനാല്‍ ഷായും മറ്റും നേരത്തെ തന്നെ എന്‍.ഡി.ടി.വി ഓഹരികള്‍ വാങ്ങിയെന്നും നോട്ടീസില്‍ ആരോപിക്കുന്നു. പ്രഖ്യാപനം വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഓഹരി വാങ്ങല്‍ ഇന്‍സൈഡര്‍ ട്രേഡിംഗിന്റെ പരിധിയില്‍ വരുന്നതാണെന്നും സെബി ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സെബിയോ അദാനി ഗ്രൂപ്പോ പ്രതികരിച്ചിട്ടില്ല.
ഒരു കമ്പനിയെക്കുറിച്ചുള്ള പുറത്തുവിടാത്ത നിര്‍ണ്ണായക വിവരങ്ങള്‍ ഉപയോഗിച്ച് ആ കമ്പനിയുടെ ഉള്ളിലുള്ളവരോ അടുപ്പമുള്ളവരോ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാറുണ്ട്. ഇന്ത്യന്‍ നിയമപ്രകാരം ഇത് നിയമവിരുദ്ധമാണ്. പൊതുജനങ്ങള്‍ക്ക് അറിവില്ലാത്ത വിവരങ്ങള്‍ ഉപയോഗിച്ച് കമ്പനിക്കാര്‍ മുന്‍തൂക്കം നേടുന്നത് തടയാനാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine