റിലയന്‍സ് ഹോം ഫിനാന്‍സ് കേസില്‍ അംബാനിയുടെ മകന് തിരിച്ചടി; ഒരു കോടി രൂപ പിഴ ചുമത്തി സെബി

റിലയന്‍സ് ഹോം ഫിനാന്‍സ് കേസില്‍ പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ മകന്‍ ജയ് അന്‍മോല്‍ അംബാനിക്ക് തിരിച്ചടി. സ്ഥാപനത്തില്‍ നിന്ന് കോര്‍പ്പറേറ്റ് വായ്പകള്‍ വഴിവിട്ട് അനുവദിച്ചതിന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ജയ് അന്‍മോലിന് ഒരു കോടി രൂപ പിഴ ചുമത്തി. ജനറല്‍ പര്‍പ്പസ് കോര്‍പ്പറേറ്റ് ലോണുകള്‍ (ജി.പി.സി.എൽ) അനുവദിക്കുന്നതില്‍ അശ്രദ്ധ വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് സെബിയുടെ നടപടി. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ചീഫ് റിസ്‌ക് ഓഫീസറായിരുന്ന കൃഷ്ണന്‍ ഗോപാലകൃഷ്ണന് 15 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ഇരുവരും 45 ദിവസത്തിനകം പിഴയടക്കണമെന്ന് സെബി ആവശ്യപ്പെട്ടു.

നിക്ഷേപകരുടെ താല്‍പര്യം മാനിച്ചില്ലെന്ന് സെബി

കമ്പനിയുടെ നിക്ഷേപകരുടെ താല്‍പര്യങ്ങളെ മാനിക്കാതെയാണ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയരക്ടറായ ജയ് അന്‍മോല്‍ വായ്പകള്‍ നല്‍കിയതെന്ന് സെബി കുറ്റപ്പെടുത്തി. അവശ്യമായി പാലിക്കേണ്ട ധാര്‍മ്മികത ഇക്കാര്യത്തില്‍ ഉണ്ടായില്ല. കമ്പനിയെ സ്വന്തം വരുതിയിലാക്കുകയും ഡയരക്ടര്‍ പദവിക്ക് മുകളിലായി ഇടപെടുകയും ചെയ്തു. കോര്‍പ്പറേറ്റ് ലോണുകള്‍ അനുവദിക്കുന്നതില്‍ വലിയ അശ്രദ്ധയാണ് കാണിച്ചത്. റിലയന്‍സ് കാപിറ്റല്‍ അടക്കമുള്ള റിലയന്‍സ് ഗ്രൂപ്പിലെ കമ്പനികള്‍ക്ക് ചട്ടങ്ങളൊന്നും പാലിക്കാതെയാണ് വായ്പകള്‍ അനുവദിച്ചതെന്നും സെബിയുടെ നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. വായ്പകള്‍ അനുവദിച്ച രേഖകളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കൃഷ്ണന്‍ ഗോപാലകൃഷ്ണന് അറിയമായിരുന്നുവെന്നും സെബി ചൂണ്ടിക്കാട്ടി. റിലയന്‍സ് ഹോം ഫിനാന്‍സ് കേസില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നേരത്തെ സെബി കണ്ടെത്തിയിരുന്നു. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ക്ക് നിയമം ലംഘിച്ച് വായ്പകള്‍ അനുവദിച്ചതായി സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു സംഭവത്തില്‍, അനില്‍ അംബാനിയെ ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് കഴിഞ്ഞ മാസം സെബി വിലക്കിയിരുന്നു.

Related Articles
Next Story
Videos
Share it