അനധികൃത നിക്ഷേപ ഉപദേശങ്ങൾ നല്‍കിയതിന് യൂട്യൂബര്‍ക്ക് 10 ലക്ഷം പിഴയിട്ട് സെബി, 9.5 കോടി രൂപ റീഫണ്ട് ചെയ്യാനും ആവശ്യം

രജിസ്റ്റർ ചെയ്യാത്ത നിക്ഷേപ ഉപദേശക ബിസിനസ് നടത്തിയതിന് യൂട്യൂബർക്ക് എതിരെ നടപടി സ്വീകരിച്ച് ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). യൂട്യൂബര്‍ രവീന്ദ്ര ബാലു ഭാരതിക്കും ഇയാളുടെ സ്ഥാപനമായ രവീന്ദ്ര ഭാരതി എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനും എതിരെയാണ് സെബി നടപടി സ്വീകരിച്ചത്.
അവര്‍ അനധികൃത പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച 9.5 കോടി രൂപ റീഫണ്ട് ചെയ്യാന്‍ സെബി ആവശ്യപ്പെട്ടു. 2025 ഏപ്രിൽ 4 വരെ ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതിൽ നിന്ന് സെബി ഇവരെ വിലക്കിയിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും നിക്ഷേപ ഉപദേശങ്ങള്‍, വ്യാപാര
ശുപാർശകൾ, സേവനങ്ങൾ തുടങ്ങിയവയിലൂടെ ഭാരതിയും കമ്പനിയും അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകർഷിച്ചതായും സെബി അന്വേഷണത്തിൽ കണ്ടെത്തി.
രണ്ട് യൂട്യൂബ് ചാനലുകളിലായി 19 ലക്ഷം സബ്‌സ്‌ക്രൈബർമാരാണ് ഭാരതിക്കുളളത്. ഫോളോവേഴ്സില്‍ അപകടകരമായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഭാരതി തൻ്റെ സ്വാധീനം പ്രയോജനപ്പെടുത്തി.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വെളിപ്പെടുത്തുന്നതിൽ ഇയാളുടെ കമ്പനി പരാജയപ്പെട്ടതായി സെബി വ്യക്തമാക്കി. സെബി രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ച കമ്പനി ഉയർന്ന വരുമാനമാണ് വാഗ്ദാനം ചെയ്തത്.
ഭാരതിക്കും കൂട്ടാളികള്‍ക്കും എതിരെ 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഓഹരി വിപണിയില്‍ വഞ്ചനാപരമായ പ്രവർത്തനങ്ങളിലും അംഗീകാരമില്ലാത്ത പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെയുളള മുന്നറിയിപ്പാണ് സെബിയുടെ നടപടി.
Related Articles
Next Story
Videos
Share it