

റെഗുലേറ്ററി അംഗീകാരമില്ലാത്ത നിരവധി സ്ഥാപനങ്ങള്‍ ബോണ്ട് നിക്ഷേപ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന മുന്നറിയിപ്പ് നല്‍കി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപകര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്‌ഫോമുകള്‍ ഒഴിവാക്കണമെന്നാണ് സെബിയുടെ മുന്നറിയിപ്പ്.
അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ നേടാതെ നിരവധി ഫിന്‍ടെക് സ്ഥാപനങ്ങളും സ്റ്റോക്ക് ബ്രോക്കര്‍മാരും ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്‌ഫോം ദാതാക്കളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സെബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അസാധാരണമാംവിധം ഉയര്‍ന്ന ഗ്യാരണ്ടീഡ് റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്ന സമീപകാല പത്രപരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
രജിസ്റ്റര്‍ ചെയ്യാത്ത പ്ലാറ്റ്ഫോമുകള്‍ റെഗുലേറ്ററി മേല്‍നോട്ടമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നും പരാതി പരിഹാരം ഉള്‍പ്പെടെയുള്ള ഔപചാരിക നിക്ഷേപക സംരക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നും സെബി വ്യക്തമാക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍, 2013ലെ കമ്പനി ആക്ടിലെയും 1992ലെ സെബി ആക്ടിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. അനിയന്ത്രിതമായ ബോണ്ടുകള്‍ വില്‍ക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന സമാന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ സെബി മുന്നറിയിപ്പ് നല്കിയിരുന്നു.
ഇടപാട് നടത്തും മുമ്പ് അംഗീകൃത പ്ലാറ്റ്‌ഫോമാണെന്ന് നിക്ഷേപകര്‍ ഉറപ്പുവരുത്തണമെന്ന് സെബി വ്യക്തമാക്കുന്നു. പ്ലാറ്റ്‌ഫോമുകളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സെബി വെബ്‌സൈറ്റില്‍ ലഭ്യമാണ്. നേരത്തെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും സമാനമായ മുന്നറിയിപ്പ് നിക്ഷേപകര്‍ക്ക് നല്കിയിരുന്നു.
ബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ളതെന്ന് തോന്നിക്കുന്ന ഫോട്ടോകള്‍ ഉപയോഗിച്ച് സോഷ്യല്‍മീഡിയയിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കുന്ന സംഘങ്ങള്‍ക്കെതിരേയായിരുന്നു ഇത്. ഉയര്‍ന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ നിക്ഷേപകര്‍ എളുപ്പത്തില്‍ വഞ്ചിതരാകുന്നു. കേരളത്തിലടക്കം ഇത്തരം തട്ടിപ്പുകള്‍ തുടര്‍ക്കഥയായതോടെയാണ് സെബിയുടെ ഇടപെടല്‍.
Read DhanamOnline in English
Subscribe to Dhanam Magazine