Begin typing your search above and press return to search.
അനധികൃത നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകര്‍ പോകുന്നത് തടയിടാന്‍ പുതിയ ഉല്‍പ്പന്നവുമായി സെബി
ഇടത്തരക്കാരുടെ സമ്പാദ്യം പ്രയോജനപ്പെടുത്തുന്നതിനും അതിലൂടെ അവര്‍ക്ക് കൂടുതല്‍ നേട്ടം ലഭ്യമാക്കുന്നതിനും ഉതകുന്ന പുതിയ നിക്ഷേപ ഉല്‍പ്പന്നം തയാറാവുന്നു. ഇന്ത്യയുടെ മൂലധന വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) ഈ ഉല്‍പ്പന്നത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്റ് സര്‍വീസസി (PMS)നും ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടി(AIFs) നും ഇടയില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഓഹരി വിപണി കുതിച്ചുയരുന്നതിന്റെയും വിപണിയിലേക്ക് പുതിയ നിക്ഷേപകരുടെ ഒഴുക്ക് ഉണ്ടാകുന്നതിന്റെയും പശ്ചാത്തലത്തിലാണ് സമയോചിതമായ ഈ നീക്കം.
ഇതില്‍ നിക്ഷേപിക്കാനുള്ള കുറഞ്ഞ തുക 10 ലക്ഷം രൂപയായിരിക്കും. മ്യൂച്വല്‍ ഫണ്ടുകളില്‍ 500 രൂപയും പിഎംഎസില്‍ 50 ലക്ഷം രൂപയും എഐഎഫില്‍ ഒരുകോടി രൂപയുമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം നടത്തേണ്ടത്. മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ കൂടുതലും പിഎംഎസ്, എഐഎഫിനേക്കാള്‍ കുറവും ആയ 10 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ പ്രാപ്തരായ ഇടത്തരം സമ്പന്നരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങളും മാനദണ്ഡങ്ങളും സെബി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓഹരി, ഡെബ്റ്റ് അധിഷ്ഠിതമായതും രണ്ടും ചേര്‍ന്ന ഹൈബ്രിഡ് ഉല്‍പ്പന്നങ്ങളും പുറത്തിറക്കിയേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വഴക്കമുള്ളതും ഉയര്‍ന്ന റിസ്‌ക് എടുക്കല്‍ ശേഷിയുള്ളതും വലുതുമായ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അനധികൃതവും രജിസ്റ്റര്‍ ചെയ്യപ്പെടാത്തതുമായ നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകര്‍ പോകുന്നതിന് തടയിട്ട് നിയമവിധേയമായ നിക്ഷേപ പദ്ധതികളിലേക്ക് അവരെ എത്തിക്കാന്‍ ഇത് സഹായിക്കും.
നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഈ പുതിയ ആസ്തി വിഭാഗം വാഗ്ദാനം ചെയ്യാന്‍ എല്ലാ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും അനുമതി ലഭിക്കുമെന്നാണ് സൂചന. 50 ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടാത്ത ഒരുകൂട്ടം നിക്ഷേപകരെ ഈ നൂതന ഉല്‍പ്പന്നങ്ങളിലൂടെ ആകര്‍ഷിക്കാനാകുമെന്ന് പല വിദഗ്ധരും കരുതുന്നു. ഈ വിഭാഗത്തിലെ പലരും വരും നാളുകളില്‍ ഉയര്‍ന്ന പി.എം.എസ് സ്‌കീമുകളിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവരും ഉണ്ട്. പുതിയ അസറ്റ് ക്ലാസ്, ഇന്നൊവേഷന് പ്രോത്സാഹനമാകുകയും മത്സരം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
Next Story
Videos