കുറ്റിയാട്ടൂര്‍ മാങ്ങ, മാമ്പഴ വിപണിയിലെ ബ്രാന്‍ഡായതെങ്ങനെ?

ഒരുനാടിന്റെ പേരില്‍ അറിയപ്പെടുന്ന കുറ്റിയാട്ടൂര്‍ മാമ്പഴത്തിന് മലബാറിലെ വിപണിയില്‍ ആവശ്യക്കാരേറെയാണ്
കുറ്റിയാട്ടൂര്‍ മാങ്ങ, മാമ്പഴ വിപണിയിലെ  ബ്രാന്‍ഡായതെങ്ങനെ?
Published on

മാര്‍ച്ച്, ഏപ്രില്‍ മാസക്കാലമായാല്‍ മലബാറിലെ പഴവര്‍ഗ വിപണിയില്‍ ഏവരും ചോദിച്ചെത്തുന്നൊരു മാമ്പഴമുണ്ട്, കുറ്റിയാട്ടൂര്‍ മാങ്ങ... കണ്ണൂര്‍ ജില്ലയിലെ ഒരു നാടിന്റെ പേരില്‍ അറിയപ്പെടുന്ന ഈ 'ബ്രാന്‍ഡഡ് മാമ്പഴം' ഏവരും ഇഷ്ടപ്പെടാനുള്ള കാരണവും അതിന്റെ രുചിയിലെ വ്യത്യസ്തത തന്നെയാണ്. 30-40 വര്‍ഷത്തോളം ഇതരസംസ്ഥാനത്തുനിന്നെത്തുന്ന മാമ്പഴങ്ങള്‍ കഴിച്ച് ശീലിച്ച മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത കുറ്റിയാട്ടൂര്‍ മാമ്പഴം അടുത്തിടെയാണ് വിപണികളില്‍ സജീവമായി കാണാന്‍ തുടങ്ങിയത്. പ്രധാനമായും കണ്ണൂര്‍, കോഴിക്കോട് തുടങ്ങി മാര്‍ക്കറ്റുകളാണ് ഇവയുടെ വിപണിയെങ്കിലും കോവിഡ് രൂക്ഷമായതോടെ രണ്ട് സീസണ്‍ കാലത്തും ഇവിടത്തുകാര്‍ക്ക് കൂടുതലായി മാര്‍ക്കറ്റിലെത്തിക്കാനായിട്ടില്ല. എങ്കിലും മലബാറിലെ വിപണികളില്‍ കുറ്റിയാട്ടൂര്‍ മാങ്ങ ഒരു ബ്രാന്‍ഡഡ് ഐറ്റമായി തുടരുന്നു.

പേര് വന്നതിങ്ങനെ

കണ്ണൂര്‍ നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കുറ്റിയാട്ടൂര്‍ പഞ്ചായത്തിലാണ് ഈ മാമ്പഴം കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ തന്നെയാണ് കുറ്റിയാട്ടൂര്‍ മാങ്ങ എന്ന പേര് വരാന്‍ കാരണവും. എങ്കിലും നമ്പ്യാര്‍ മാങ്ങ എന്ന പേരിലും ഈ മാമ്പഴം പ്രശസ്തമാണ്. കര്‍ഷിക സമ്പത്തിനാല്‍ അനുഗ്രഹീതമായ കുറ്റിയാട്ടുകാര്‍ ഉത്സവക്കാലമായാണ് മാമ്പഴക്കാലത്തെ കാണുന്നത്. ഇക്കാലയളവില്‍ ഏകദേശം രണ്ട് കോടിയുടെ മാമ്പഴങ്ങളാണ് ഇവിടെനിന്നും കയറ്റുമതി ചെയ്യുന്നത്. മറ്റുള്ളവയില്‍നിന്ന് പുളിയും മധുരവും സമന്വയിച്ച രുചിയായതിനാല്‍തന്നെ ആവശ്യക്കാരുമേറെയാണ്. രണ്ട് മാസം ലഭിക്കുന്ന ഈ മാങ്ങകള്‍ നിരവധി ആളുകള്‍ക്ക് ജീവിതച്ചെലവിനുള്ള ബദല്‍ മാര്‍ഗമാണെന്നും ഇവിടത്തുകാര്‍ പറയുന്നു.

ഡിസംബര്‍ മാസം തൊട്ട് ഒരുക്കങ്ങള്‍

ഡിസംബര്‍ ആദ്യവാരത്തില്‍ മാവുകള്‍ പൂത്തുലയാന്‍ തുടങ്ങുമ്പോള്‍ തന്നെ ഏജന്റുമാര്‍ മാവുകള്‍ പാട്ടത്തിനെടുക്കാന്‍ രംഗത്ത് വരും. ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ മൂപ്പെത്തുന്ന മാങ്ങള്‍ പറിച്ചെടുത്ത് പഴുപ്പിച്ചതിന് ശേഷമാണ് വിപണികളിലേക്കെത്തിക്കുന്നത്. മാങ്ങള്‍ പഴുപ്പിക്കാനായി കാഞ്ഞിരമരത്തിന്റെ ഇലകളും വൈക്കോലുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചണച്ചാക്ക് ഉപയോഗിച്ച് ഭദ്രമായി അടച്ചുവയ്ക്കുന്ന ഈ മാങ്ങള്‍ നാല് ദിവസം കൊണ്ട് പഴുക്കുകയും ചെയ്യും. എന്നാല്‍ വേനല്‍ മഴ ചതിച്ചാല്‍ വിപണിയില്‍ മാമ്പഴത്തിന്റെ വില കുറയുമെന്നാണ് പാട്ടക്കാര്‍ പറയുന്നത്. ചില സീസണ്‍ സമയങ്ങളില്‍ കനത്ത നഷ്ടവും നേരിടേണ്ടിവരുന്നതായും ഇവര്‍ പറയുന്നു.

കോവിഡും പ്രതിസന്ധിയിലാക്കി

എല്ലാ മേഖലയെയും പോലെ കോവിഡും ഈ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. 'കഴിഞ്ഞവര്‍ഷം വലിയ തുകയ്ക്ക് പാട്ടമെടുത്തിരുന്നെങ്കിലും മാര്‍ച്ച് മാസത്തോടെ വന്ന ലോക്ക്ഡൗണ്‍ കാരണം മാമ്പഴം പൂര്‍ണമായും വിപണിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്' വര്‍ഷങ്ങളായി ഇവിടെ പാട്ടം നടത്തുന്ന കുറ്റിയാട്ടൂര്‍ വേശാലയിലെ പി.കെ മഹ്‌റൂഫ് പറയുന്നു. രണ്ട് വര്‍ഷങ്ങളായി മാര്‍ക്കറ്റില്‍ നല്ല വില കുറ്റിയാട്ടൂര്‍ മാങ്ങകള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വര്‍ഷം ലോക്ക്ഡൗണ്‍ അത്ര ബാധിച്ചില്ലെങ്കിലും കാലാവസ്ഥ കാരണം വിഭവദൗര്‍ലഭ്യം അനുഭവപ്പെട്ടതായും മഹ്‌റൂഫ് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com