ഭൂമി ചെറു പ്ലോട്ടുകളാക്കി വില്‍ക്കുകയാണോ? ഇനി കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യണം

വില്‍പനാവശ്യത്തിനായി ഭൂമി പ്ലോട്ടുകളായി വിഭജിക്കുകയോ അതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നുണ്ടെങ്കില്‍ കെ-റെറയില്‍ (കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി) രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ചട്ടങ്ങള്‍ അടങ്ങുന്ന അറിയിപ്പ് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വില്‍പനയ്ക്കായി ഉദ്ദേശിച്ച് 500 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ഭൂമിയില്‍ നടക്കുന്ന പ്ലോട്ട് വികസനം കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യണം.
സര്‍ക്കാര്‍ നിര്‍ദേശം ഇവയാണ്:
  • ഭൂമി പ്ലോട്ടാക്കി വിഭജിച്ച് വില്‍ക്കുന്നത് സംബന്ധിച്ച ചട്ടങ്ങളടങ്ങുന്ന പൊതു അറിയിപ്പ് സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
  • കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ 2019ലെ ചട്ടം 4, റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്) ആക്ട്, 2016ലെ വകുപ്പ് മൂന്ന് എന്നിവ പ്രകാരമുള്ള അറിയിപ്പുകളാണ് പ്രദര്‍ശിപ്പിക്കേണ്ടത്.
  • ചട്ട പ്രകാരമുള്ള വികസന അനുമതി പത്രമോ (ഡെവലപ്മെന്റ് പെര്‍മിറ്റ്), ലേ ഔട്ട് അനുമതിയോ കൂടാതെ സ്വന്തം അധികാര പരിധിയില്‍ ഭൂമി പ്ലോട്ടാക്കി വിഭജിക്കുന്നുണ്ടെന്ന് ഏതെങ്കിലും രീതിയില്‍ അറിയിപ്പ് ലഭിച്ചാല്‍ 1994ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 235 പ്രകാരമോ 1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 408 പ്രകാരമോ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കണം.
തര്‍ക്കങ്ങളൊഴിവാക്കാം
ഭൂമി പ്ലോട്ടുകളായി തിരിക്കുമ്പോള്‍ അതില്‍ റോഡ്, കിണര്‍, വാട്ടര്‍ ടാങ്ക്, ഡ്രെയ്നേജ്, കളിസ്ഥലം, പാര്‍ക്കിംഗ് തുടങ്ങിയ പൊതു സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. അവയുടെ അവകാശം എല്ലാ പ്ലോട്ടുകള്‍ക്കും ഉറപ്പാക്കാനും ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനുമെല്ലാം കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സാധിക്കും. 500 ചതുരശ്ര മീറ്ററില്‍ അധികം വിസ്തൃതിയുള്ള പ്ലോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് നിയമം. എന്നാല്‍ പ്ലോട്ടുകള്‍ക്കിടയില്‍ പൊതുവായ റോഡ്, കിണര്‍ തുടങ്ങിയവ ഇല്ലെങ്കില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല. കുടുംബ സ്വത്ത് പ്ലോട്ടുകളായി വീതം വെയ്ക്കുമ്പോഴും റെറ രജിസ്‌ട്രേഷന്‍ ബാധകമല്ല.
വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം
rera.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്ലോട്ട് രജിസ്ട്രേഷന്‍ ചെയ്യാനാകും. ചതുരശ്ര മീറ്ററിന് 10 രൂപയാണ് നിരക്ക്. തദ്ദേശ സ്ഥാപനം നല്‍കിയ ഡെവലപ്മെന്റ് പെര്‍മിറ്റ്, ടൗണ്‍ പ്ലാനറുടെ ലേ ഔട്ട് അനുമതി തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം. നിലവില്‍ കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്ത ഏറ്റവും ചെറിയ വില്ല പദ്ധതിയാണ് സോഫിയ അമേലിയ. എറണാകുളം ഏലൂരില്‍ മൈത്രി റോഡിലാണ് ജോയ്സ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഈ പദ്ധതി. 615 ചതുരശ്ര മീറ്റര്‍ (15.2 സെന്റ്) മാത്രമാണ് പദ്ധതിയുടെ വിസ്തൃതി.
രജിസ്റ്റര്‍ ചെയ്യാത്തവ വില്‍ക്കാനാവില്ല
വില്‍പന ലക്ഷ്യമിട്ടുള്ള പ്ലോട്ട് തിരിക്കലിന് തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ വികസന അനുമതി ആവശ്യമാണ്. ഭൂമിയുടെ ആകെ വിസ്തീര്‍ണം അര ഹെക്ടറില്‍ (1.24 ഏക്കര്‍) കൂടുകയും പ്ലോട്ടുകളുടെ എണ്ണം 20ല്‍ കൂടുകയും ചെയ്താല്‍ ജില്ലാ ടൗണ്‍ പ്ലാനറുടെ ലേ ഔട്ട് അനുമതി വാങ്ങേണ്ടി വരും. രജിസ്റ്റര്‍ ചെയ്യാത്ത പ്ലോട്ടുകള്‍ വില്‍ക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്താല്‍ പദ്ധതി തുകയുടെ 10 ശതമാനം വരെ പിഴ നല്‍കേണ്ടി വരും.


(ധനം ബിസിനസ് മാഗസിന്റെ ഏപ്രിൽ 30ലെ ലക്കത്തിൽ നിന്ന്)​
Related Articles
Next Story
Videos
Share it