സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തം: നഷ്ടം ഇത്ര വലുതോ?

പുതിയ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളുമാണ് നശിച്ചത്
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തം: നഷ്ടം ഇത്ര വലുതോ?
Published on

ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിലെ നഷ്ടം ആയിരം കോടിയിലേറെയെന്ന് കമ്പനി. പുതുതായി സൗകര്യങ്ങള്‍ ഒരുക്കിയ കെട്ടിടത്തിലാണ് കഴിഞ്ഞദിവസം തീപിടിത്തമുണ്ടായത്. പുതിയ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും നശിച്ചത് കാരണം നഷ്ടത്തിന്റെ വ്യാപ്തി 1,000 കോടിയിലധികമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി ഇ ഒ അദാര്‍ പൂനവാല പറഞ്ഞു.

പുതിയ ഉല്‍പ്പന്നങ്ങളായ ബി സി ജി, റോട്ടവൈറസ് വാക്‌സിനുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് തയാറെടുക്കുന്നതിനിടെയാണ് തീപിടിത്തം. ഇത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ ഉല്‍പ്പാദനത്തെയോ സ്റ്റോക്കിനെയോ തീപിടിത്തം ബാധിക്കില്ല. ഇത് സാമ്പത്തിക നഷ്ടമാണെന്നും വാക്‌സിനുകളുടെ വിതരണത്തെ ഇത് ബാധിക്കില്ലെന്നും പൂനവാല പറഞ്ഞു.

'തീപിടിത്തമുണ്ടായ ഭാഗത്ത് വാക്‌സിനുകള്‍ ഒന്നും തന്നെ നിര്‍മ്മിക്കുന്നില്ല. കോവിഷീല്‍ഡ് വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന കെട്ടിടമല്ല അത്' കമ്പനി മാനേജിംഗ് ഡയരക്ടറും ചെയര്‍മാനുമായ സൈറസ് പൂനവല്ല പറഞ്ഞു.

പുതിയ കെട്ടിടത്തില്‍ ഇന്‍സ്റ്റാളേഷന്‍ നടത്തിയിരുന്ന ബിസിജി, റോട്ട വൈറസ് വാക്സിനുകളുടെ ഫില്ലിംഗ് ലൈനിലും ബള്‍ക്ക് പ്രൊഡക്ഷന്‍ ലൈനിലുമാണ് നാശനഷ്ടമുണ്ടായതെന്ന് പൂനവാല പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒന്നിലധികം ഉല്‍പ്പാദന സൗകര്യങ്ങളുണ്ട്, മാത്രമല്ല ബിസിജി, റോട്ടവൈറസ് വാക്‌സിന്‍ എന്നിവ വിതരണം ചെയ്യാന്‍ കഴിയും. ശേഷി വിപുലീകരണത്തിലും ഭാവി ഉല്‍പാദനത്തിലുമാണ് കൂടുതല്‍ നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മഞ്ജരി സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ കാമ്പസില്‍ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ പൂനെ പോലീസ് അന്വേഷണം ആരംഭിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com