Begin typing your search above and press return to search.
കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവിയെന്ത്? ട്രൂഡോയുടെ വന്‍പതനം ആസന്നം? കൈപിടിച്ചവര്‍ തിരിഞ്ഞുകൊത്തി
ഇന്ത്യ വിരുദ്ധ നിലപാടുകളായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മുഖമുദ്ര. ഖലിസ്ഥാന്‍ വിഘടനവാദ ഗ്രൂപ്പുകള്‍ക്കും ഇന്ത്യ വിരുദ്ധര്‍ക്കും കാനഡയില്‍ സുരക്ഷ താവളമൊരുക്കുന്നുവെന്ന വിമര്‍ശനം ഇന്ത്യ ഒളിഞ്ഞും തെളിഞ്ഞു ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ കാനഡയില്‍ ട്രൂഡോ യുഗത്തിന് അന്ത്യം കുറിച്ചേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
സിഖ് വംശജര്‍ക്ക് ആധിപത്യമുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍.ഡി.പി) പിന്തുണ പിന്‍വലിച്ചതോടെ ലിബറല്‍ പാര്‍ട്ടി ന്യൂനപക്ഷമായി. പാര്‍ലമെന്റി 24 സീറ്റുകളായിരുന്നു എന്‍.ഡി.പിക്ക് ഉണ്ടായിരുന്നത്. 338 അംഗ പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 170 സീറ്റുകളാണ്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 154 അംഗങ്ങളാണുള്ളത്.
ഈ മാസം 16ന് അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ ട്രൂഡോ വിശ്വാസവോട്ടെടുപ്പില്‍ തേടേണ്ടിവരും. പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അവിശ്വാസ പ്രമേയം ആവശ്യപ്പെടുമെന്നാണ് സൂചന. എന്‍.ഡി.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ ട്രൂഡോയ്ക്ക് അധികാരത്തില്‍ തുടരാം.
ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞു
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഭിപ്രായ സര്‍വേകളിലെല്ലാം ട്രൂഡോയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വളരെ പിന്നിലാണ്. നിയന്ത്രണമില്ലാത്ത കുടിയേറ്റം മൂലം വീടുകളുടെ വാടക വര്‍ധിച്ചതും തൊഴിലില്ലായ്മ പെരുകിയതും ജനങ്ങളുടെ അപ്രതീതിക്ക് കാരണമായി.
ട്രൂഡോ സര്‍ക്കാരിന് ജനങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടെന്ന് മനസിലാക്കിയാണ് ജഗ്മീത് സിംഗിന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതും പാര്‍ട്ട്‌ടൈം ജോലിസമയം കുറച്ചതും ഉള്‍പ്പെടെയുള്ള നയങ്ങളായിരിക്കാം ഒരുപക്ഷേ സിംഗിനെ പ്രകോപിപ്പിച്ചത്. കാനഡയിലുള്ള സിഖ് കമ്മ്യൂണിറ്റിയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വോട്ട്ബാങ്ക്.
2025 ഒക്ടോബറിലാണ് കാനഡയില്‍ ഫെഡറല്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അടുത്തിടെ വന്നൊരു സര്‍വേയില്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ട്രൂഡോയുടെ പാര്‍ട്ടിയേക്കാള്‍ 22 ശതമാനത്തിന്റെ മേധാവിത്വമുണ്ട്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമോ
ഈ വര്‍ഷം തുടക്കം വരെ കുടിയേറ്റത്തിനും ഖലിസ്ഥാന്‍ വാദത്തിനും വാതില്‍ തുറന്നിട്ടു കൊടുത്ത നേതാവാണ് ട്രൂഡോ. എന്നാല്‍ താഴേത്തട്ടില്‍ ജനങ്ങള്‍ക്കിടയില്‍ പുകയുന്ന അതൃപ്തി തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. അതുകൊണ്ട് തന്നെ പ്രതിപക്ഷം അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാലും കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ തുടരാനാണ് സാധ്യത.
Next Story