

രാജ്യത്തെ കടുത്ത എൽപിജി (LPG) ക്ഷാമം മുതലെടുത്ത് ഗ്യാസ് ഏജൻസികളും ഇടനിലക്കാരും സിലിണ്ടറുകൾക്ക് കൊള്ളവില ഈടാക്കുന്നു. പകുതിയിലധികം ഇന്ത്യൻ കുടുംബങ്ങളും പാചകവാതക വിതരണത്തിൽ തടസം നേരിടുന്നുണ്ട്. സാധാരണയായി 900 മുതൽ 1,000 രൂപ വരെ വിലയുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഡൽഹി-എൻസിആർ പോലുള്ള ഇടങ്ങളിൽ 1,500 മുതൽ 2,800 രൂപ വരെ ഈടാക്കുന്നതായി ലോക്കൽ സർക്കിൾസ് (LocalCircles) നടത്തിയ സർവേ വ്യക്തമാക്കുന്നു.
രാജ്യവ്യാപകമായി ഏകദേശം 19,000 ആളുകളിൽ നിന്നുളള പ്രതികരണങ്ങളാണ് സർവേയിൽ തേടിയത്. നിലവില്‍ 43 ശതമാനം പേർ വീട്ടിലേക്ക് എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഇല്ലെന്നും ഡെലിവറികൾ പതിവുപോലെ എത്തിയതായും പറയുന്നു. ബാക്കിയുള്ളവർ പതിവിലും കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നതായി അഭിപ്രായപ്പെട്ടു. ചില ആളുകൾക്ക് കരിഞ്ചന്തയിൽ നിന്ന് ഉയർന്ന വിലയ്ക്ക് എൽപിജി സിലിണ്ടർ വാങ്ങേണ്ടി വന്നതായും സർവേ കണ്ടെത്തി.
പലയിടങ്ങളിലും സിലിണ്ടറൊന്നിന് 100 മുതൽ 500 രൂപ വരെ അധികമായി വാങ്ങുന്നതായും ആവശ്യമുള്ള ഉപയോക്താക്കള്‍ കരിഞ്ചന്തയെ ആശ്രയിക്കുന്നതായും റിപ്പോർട്ടുകളണ്ട്. പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ അസ്ഥിരതയാണ് വിതരണത്തെ ബാധിച്ചത്. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 85-90 ശതമാനവും ഈ കടൽപാത വഴിയാണ് എത്തുന്നത്.
മുംബൈ, ബംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിൽ എൽപിജി ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലും പലഭാഗങ്ങളിലും സിലിണ്ടര്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ക്ഷാമം പരിഹരിക്കാൻ സർക്കാർ അവശ്യ സാധന നിയമം (Essential Commodities Act) പ്രകാരം ഗാർഹിക ഉപയോക്താക്കൾക്ക് മുൻഗണന നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പൂഴ്ത്തിവെപ്പ് തടയാനായി സിലിണ്ടർ ബുക്കിംഗ് കാലാവധി 21 ദിവസത്തിൽ നിന്നും 25 ദിവസമായി ഉയർത്തിയിരിക്കുകയാണ്. കരിഞ്ചന്ത തടയുന്നതിനായി ഗ്യാസ് ഏജൻസികളുടെ പട്ടിക തയാറാക്കാനും നിരീക്ഷണം ശക്തമാക്കാനും പലയിടങ്ങളിലും പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മൂലം ഇൻഡക്ഷൻ കുക്കറുകളെ ആശ്രയിക്കാൻ സാധാരണക്കാർ നിർബന്ധിതരായിരിക്കുകയാണ്.
Severe LPG shortage in India has triggered black-market sales, with domestic cylinders priced up to ₹2,800 amid supply disruptions linked to global tensions.
Read DhanamOnline in English
Subscribe to Dhanam Magazine