ഒരു ലിറ്റര്‍ വിസ്‌കി ₹6,300: ഷാരൂഖ് ഖാന്റെ മദ്യവ്യവസായ എന്‍ട്രി ഹിറ്റായി, സഞ്ജയ് ദത്തിന് ശക്തമായ വെല്ലുവിളി

ഇന്ത്യന്‍ സിനിമയിലെ താരചക്രവര്‍ത്തി ഷാരുഖ് ഖാന്‍ ബിസിനസ് ലോകത്തും വിജയം കൊയ്ത സംരംഭകനാണ്. സ്‌പോര്‍ട്‌സ് ലീഗ് മുതല്‍ സിനിമ നിര്‍മാണവും മദ്യ കമ്പനിയും ഷാരുഖിന് സ്വന്തമായുണ്ട്. ഇപ്പോഴിതാ ഷാരുഖിന്റെയും മകന്‍ ആര്യന്‍ ഖാന്റെയും ഉടമസ്ഥതയിലുള്ള സ്‌കോച്ച് വിസ്‌കി ബ്രാന്‍ഡായ ഡിയാവോള്‍ ന്യൂയോര്‍ക്ക് വേള്‍ഡ് സ്പിരിറ്റ് മല്‍സരത്തില്‍ ബെസ്റ്റ് ഓവറോള്‍ സ്‌കോച്ച്, ബെസ്റ്റ് ഓഫ് ക്ലാസ് അവാര്‍ഡുകള്‍ സ്വന്തമാക്കി.
2023ലാണ് ഷാരുഖ് ഖാനും മകനും ചേര്‍ന്ന് പ്രീമിയം വിസ്‌കി ബ്രാന്‍ഡ് ആരംഭിച്ചത്. ഡിയാവോള്‍ പ്രധാനമായും വിസ്‌കിയും വോഡ്കയുമാണ് വിപണിയിലിറക്കുന്നത്. പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഉത്പന്നനിര. 3,900 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ത്യന്‍ വിപണിയില്‍ ചുരുങ്ങിയ കാലംകൊണ്ട് സ്വാധീനമുറപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ലാബ് വെഞ്ചേഴ്‌സ് ആണ് ഡിയാവോള്‍ ബ്രാന്‍ഡിന്റെ മാതൃകമ്പനി.

ബോളിവുഡിന്റെ മദ്യബിസിനസ്

ഷാരൂഖ് ഖാന്‍ മാത്രമല്ല ബോളിവുഡില്‍ മദ്യ ബിസിനസില്‍ പണംമുടക്കിയിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്ലെന്‍വാക്ക് സ്‌കോച്ച് വിസ്‌കി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ വിപണിവിഹിതമുള്ള കമ്പനിയാണ്. കഴിഞ്ഞ വര്‍ഷമാണ് താരം മദ്യ വ്യവസായത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ആദ്യ വര്‍ഷം തന്നെ 5 ലക്ഷം കുപ്പികള്‍ വില്‍ക്കാന്‍ സഞ്ജയ് ദത്തിന്റെ കമ്പനിക്ക് സാധിച്ചിരുന്നു.
ഷാരുഖ് ഖാന്‍ പ്രീമിയം സെഗ്മെന്റിലാണ് ശ്രദ്ധയൂന്നിയതെങ്കില്‍ സഞ്ജയ് ദത്ത് ഇടത്തരം വിസ്‌കി പ്രേമികളെയാണ് ലക്ഷ്യമിട്ടത്. 1,500-2,000 നിരക്കിലാണ് വില്പന. അടുത്ത് തന്നെ കേരള മാര്‍ക്കറ്റിലേക്കും രംഗപ്രവേശം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഗ്ലെന്‍വാക്ക്.
Related Articles
Next Story
Videos
Share it