70വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാന്‍ ടാറ്റ സണ്‍സ്

70വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാന്‍ ടാറ്റ സണ്‍സ്
Published on

ടാറ്റ സണ്‍സില്‍ നിന്ന് ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് (എസ് പി ഗ്രൂപ്പ്) പിന്‍വാങ്ങുമ്പോള്‍ ഇന്ത്യന്‍ ബിസിനസ് ചരിത്രത്തിലെ മറ്റൊരു അധ്യായത്തിന് തിരശ്ശീല വീഴുന്നു. ടാറ്റ ഗ്രൂപ്പുമായി 1930 മുതലുള്ള ബന്ധമാണ് എസ്പി ഗ്രൂപ്പിനുള്ളത്. എസ്പി ഗ്രൂപ്പ് ചെയര്‍മാന്‍ പല്ലോണ്‍ജി ഷപ്പൂര്‍ജി മിസ്ട്രിയുടെ മകന്‍ സൈറസ് മിസ്ട്രിയെ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ പദവിയില്‍ 2016 ഒക്ടോബറില്‍ പുറത്താക്കിയതിനുശേഷമുള്ള നിയമപോരാട്ടം തുടരുന്നതിനിടെ ഇന്നലെയാണ് എസ് പി ഗ്രൂപ്പ്, ടാറ്റ സണ്‍സില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനം അറിയിക്കുന്നത്. ഇരുഗ്രൂപ്പുകളും തമ്മിലുള്ള തര്‍ക്കത്തിന് കൂടി ഈ നീക്കത്തിലൂടെ അന്ത്യമുണ്ടാകും.

വിങ്ങുന്ന ഹൃദയത്തോടെയാണ് ഈ തീരുമാനം എടുക്കുന്നതെന്നും എന്നാല്‍ എല്ലാവര്‍ക്കും നല്ലത് വരാന്‍ ഇതാണ് മികച്ച വഴിയെന്നും എസ് പി ഗ്രൂപ്പ് പ്രസ്താവനയില്‍ പറയുന്നുണ്ട്.

സൈറസ് മിസ്ട്രിയും രത്തന്‍ ടാറ്റയും തമ്മില്‍ കടുത്ത നിയമപോരാട്ടം തുടരുന്നതിനിടെ, കടബാധ്യതയിലായ എസ് പി ഗ്രൂപ്പ് തങ്ങളുടെ കടഭാരം കുറയ്ക്കാന്‍ ടാറ്റ സണ്‍സിലെ ഓഹരികള്‍ പണയപ്പെടുത്തി വായ്പ എടുക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെയും ടാറ്റ സണ്‍സ് രംഗത്തുവന്നു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി എസ് പി ഗ്രൂപ്പിന് ഉണ്ടാവുകയും ചെയ്തു.

ചൊവ്വാഴ്ച, ടാറ്റ സണ്‍സ് എസ് പി ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാന്‍ തയ്യാറാണെന്ന് സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തു. മിസ്ട്രി കുടുംബം നയിക്കുന്ന എസ് പി ഗ്രൂപ്പിന് ടാറ്റ സണ്‍സില്‍ 18.37 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ടാറ്റ സണ്‍സിലെ ഏറ്റവും വലിയ മൈനോരിറ്റി ഷെയര്‍ഹോള്‍ഡറും മിസ്ട്രി കുടുംബമാണ്. തങ്ങളുടെ ഓഹരികള്‍ക്ക മിസ്ട്രി കുടുംബം മുന്നോട്ട് വെയ്ക്കുന്ന മൂല്യമായിരിക്കും ഒരുപക്ഷേ ഈ ഇടപാടില്‍ ഇനി അടുത്ത കടമ്പയാകുക. ടാറ്റ സണ്‍സിന്റെ മൊത്തം മൂല്യം 9.7 ട്രില്യണ്‍ രൂപ കണക്കാക്കി, 1.78 ട്രില്യണ്‍ രൂപയാകും എസ് പി ഗ്രൂപ്പ് പ്രതീക്ഷിക്കുന്ന മൂല്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com