

ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി റിസര്‍വ് ബാങ്കിനെ സമീപിച്ച് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മല സീതാരാമനും ടാറ്റ ട്രസ്റ്റിലെ പ്രധാനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ടാറ്റ ട്രസ്റ്റിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്.
ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുമായി പ്രമോട്ടര്‍മാര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കമ്പനിയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അതിനിടെയാണ് പല്ലോന്‍ജി ഗ്രൂപ്പ് വീണ്ടും ആര്‍ബിഐയെ സമീപിച്ചത്.
ടാറ്റ സണ്‍സില്‍ പല്ലോന്‍ജി ഗ്രൂപ്പിന് 18.37 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ലിസ്റ്റ് ചെയ്താല്‍ അവരുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കാം. വന്‍ കടത്തിലാണ് പല്ലോന്‍ജി ഗ്രൂപ്പ്. ടാറ്റ സണ്‍സിലെ ഓഹരികള്‍ വിറ്റഴിച്ച് കടം വീട്ടാമെന്നതാണ് അവരുടെ മനസിലിരുപ്പ്. 60,000 കോടി രൂപയ്ക്കടുത്താണ് പല്ലോന്‍ജി ഗ്രൂപ്പിന്റെ കടം. ഇതില്‍ പകുതിയും വായ്പ ഇനത്തിലാണ്.
ഹോള്‍ഡിംഗ് കമ്പനിയാണ് ടാറ്റ സണ്‍സ്. ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാര്‍ച്ച് 31 വരെയുള്ള പ്രകടനം അനുസരിച്ച് വിപണിമൂല്യം ഏകദേശം 15,08,070 കോടി രൂപയ്ക്ക് മുകളില്‍ വരും.
നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായിട്ടാണ് ടാറ്റ സണ്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്പനിയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന് മൂന്നു വര്‍ഷം മുമ്പ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ചെങ്കിലും ലിസ്റ്റിംഗ് പൂര്‍ത്തിയാക്കാന്‍ ടാറ്റ സണ്‍സിന് സാധിച്ചിട്ടില്ല. തുടക്കം മുതല്‍ ലിസ്റ്റിംഗ് ചെയ്യണമെന്ന പക്ഷക്കാരാണ് പല്ലോന്‍ജി ഗ്രൂപ്പ്.
1865ല്‍ സ്ഥാപിതമായ കമ്പനിയാണ് ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്. എന്‍ജിനീയറിങ്, നിര്‍മാണ, അടിസ്ഥാന സൗകര്യ നിര്‍മാണ, റിയല്‍ എസ്റ്റേറ്റ്, ജലം, ഊര്‍ജം, ധനകാര്യ സേവനങ്ങള്‍ അടങ്ങിയ ഉപ കമ്പനികളുമായി 50ഓളം രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.
മുംബൈയിലെ റിസര്‍വ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആസ്ഥാനം, ടാറ്റ ഗ്രൂപ്പിന്റെ താജ് മഹല്‍ പാലസ്, ഒമാന്‍ സുല്‍ത്താന്റെ കൊട്ടാരം, കൊച്ചിയിലെ ലുലുമാള്‍ തുടങ്ങിയവ നിര്‍മിച്ചത് ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പാണ്. ഇടക്കാലത്ത് ടാറ്റ സണ്‍സ് ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ചെയര്‍മാനായിരുന്ന പല്ലോന്‍ജി മിസ്ത്രിയുടെ മകനാണ്. 2016ല്‍ സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ഇതിനുശേഷം ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമായിരുന്നില്ല.
Read DhanamOnline in English
Subscribe to Dhanam Magazine