

തിരക്കേറിയ ഹൈവേയില്‍ വാഹനങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്ന കാര്‍! സിനിമയില്‍ അല്ല; ഷാര്‍ജയില്‍. മണിക്കൂറില്‍ 180 കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന 'ലിബര്‍ട്ടി' കാര്‍ ഗതാഗത രംഗത്ത് പുതു വിപ്ലവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡച്ച് കമ്പനിയായ പിഎഎല്‍-വി (PAL-V) ആണ് പറക്കും കാര്‍ രംഗത്തിറക്കിയത്. വിജയകരമായ പരീക്ഷണ പറക്കലിന് ശേഷം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഷാര്‍ജ റിസര്‍ച്ച് ടെക്‌നോളജി ആന്റ് ഇന്നവേഷന്‍ പാര്‍ക്കില്‍ കഴിഞ്ഞ ദിവസമാണ് കാറിന്റെ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയത്. ചെറിയ വിമാനം പറന്നു പൊങ്ങുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. 2 പേര്‍ക്ക് യാത്ര ചെയ്യാം. 20 കിലോ ലഗേജും കൊണ്ടു പോകാം. 500 കിലോമീറ്റര്‍ തുടര്‍ച്ചയായി സഞ്ചരിക്കാനുള്ള ശേഷിയുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വേഗത്തില്‍ പറന്നെത്താന്‍ കഴിയുമെന്നാണ് പിഎഎല്‍-വി കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. അബൂദബിയില്‍ നിന്ന് മസ്‌കറ്റിലേക്ക് രണ്ട് മണിക്കൂറില്‍ എത്താം. തെളിയിക്കപ്പെട്ട ടെക്‌നോളജി ഉപയോഗിച്ചാണ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായും കമ്പനി അറിയിച്ചു.
ഏവിയേഷന്‍ ടെക്‌നോളജിയില്‍ ഉപയോഗിക്കുന്ന, സ്വതന്ത്ര സ്പിന്നിംഗ് റോട്ടര്‍ വഴി പറന്ന് ഉയരാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് പറക്കും കാറിന് ഉപയോഗിക്കുന്നത്. ജിറോപ്ലെയിനും ചെറിയ കാറും ചേര്‍ന്നുള്ള സങ്കര വാഹനമാണിത്. മൂന്ന് ചക്രങ്ങളുള്ള കാര്‍ 200 മീറ്റര്‍ നീളമുള്ള എയര്‍സ്ട്രിപ്പില്‍ നിന്നാണ് ടേക്ക് ഓഫ് ചെയ്യുന്നത്. 30 മീറ്റര്‍ റണ്‍വെയിലാണ് ലാന്റിംഗ്. ജിറോ പ്ലെയിന്‍ ലൈസന്‍സുള്ള പൈലറ്റാണ് വാഹനം നിയന്ത്രിക്കുന്നത്. എട്ട് ലക്ഷം ഡോളറാണ് കാറിന്റെ വില.
ദുബൈ ആസ്ഥാനമായ ഏവിട്ടേര എന്ന കമ്പനിയാണ് ജിസിസിയില്‍ പറക്കും കാര്‍ വിപണിയില്‍ ഇറക്കുന്നത്. കമ്പനിയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 30 ശതമാനം ജിസിസിയില്‍ ആവശ്യമായി വരുമെന്ന് ഏവിട്ടേര പ്രതിനിധികള്‍ അറിയിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ വാഹനം വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine