Begin typing your search above and press return to search.
ഇ.വി ബസുകള്‍ കേരളത്തില്‍ വേണ്ടെന്ന് ശശി തരൂര്‍ എം.പി, പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുമെന്ന് കേന്ദ്രം, ഇ.വി കള്‍ക്കെതിരായ വാദം പ്രസക്തമോ?
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 2034 ഓടെ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുമെന്ന് പറഞ്ഞത്. പകരം ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം കൂട്ടാനാണ് കേന്ദ്രസർക്കാർ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എം.പി.
കേരളത്തില്‍ ഇ-ബസുകള്‍ വ്യാപകമാക്കണമെന്ന തന്റെ മുന്‍ നിലപാടില്‍ നിന്ന് പിന്നോക്കം പോകുകയാണെന്ന് തരൂര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് കേരള ഘടകം ഉന്നയിച്ച വാദങ്ങളെ പിന്തുണച്ചാണ് തരൂര്‍ നിലപാട് മാറ്റം അറിയിച്ചത്.
ചിന്താശൂന്യമായ ഇ.വി നയം ഇന്ത്യയുടെ ഭാവിയെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പാണ് കേരള ഘടകം നല്‍കുന്നത്. കാർബൺ (CO2) ബഹിര്‍ഗമനം കുറയ്ക്കുക എന്നതാണ് ഇ.വി കളെ പ്രോത്സാഹിപ്പിക്കാനുളള പ്രധാന ലക്ഷ്യമായി പറയുന്നത്. പുറം കാഴ്ചയിൽ ഇ.വി കൾ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നില്ല എന്നത് ശരിയാണ്.
എന്നാൽ ബാറ്ററികൾ ചാർജ് ചെയ്യുന്നതിന് ആവശ്യമായ വൈദ്യുതി ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ചാണ് എന്നതിനാല്‍, ഇത് ധാരാളം കാർബൺ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുമെന്ന വാദമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
ഇ.വി കൾ വലിയ തോതില്‍ വര്‍ധിക്കുന്നതിന് അനുസരിച്ച്, അവ ചാർജ് ചെയ്യുന്നതിനുള്ള വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനായി കൽക്കരി അധിഷ്ഠിത ഊര്‍ജ നിലയങ്ങള്‍ ക്രമാതീതമായി സ്ഥാപിക്കുന്നത് ഭാവിയില്‍ വലിയ വിപത്താണ് സൃഷ്ടിക്കുക.
ടാറ്റാ നെക്സോണ്‍ ഇ.വി മാക്സിന് 40.5 kWh ബാറ്ററി ഉപയോഗിച്ച് ഫുൾ ചാർജില്‍ 276 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഇതേ ദൂരം ഐസി എഞ്ചിനുകള്‍ക്ക് സഞ്ചരിക്കാന്‍ 11.66 ലിറ്റര്‍ പെട്രോളോ 10.62 ലിറ്റര്‍ ഡീസലോ ആവശ്യമായി വരും.
40 KWh ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 50 KWh വൈദ്യുതി ആവശ്യമാണ്. ടാറ്റാ നെക്സോണ്‍ ഇ.വി മാക്സ് പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 26.7 കിലോ കൽക്കരി ആവശ്യമായി വരും. ഇത്രയും ഫോസില്‍ ഇന്ധനം ഉപയോഗിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ ഏകദേശം രണ്ടര മടങ്ങ് കാർബൺ ബഹിര്‍ഗമനമാണ് ഉണ്ടാകുകയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഇത്തരത്തില്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം ഭാവിയില്‍ കൂടുതല്‍ അപകടമാണ് സൃഷ്ടിക്കുകയെന്നും ഇവര്‍ പറയുന്നു.
Next Story
Videos