തരൂരിന് കോൺഗ്രസിൻ്റെ 'ഭീകര' വെട്ട്, മോദിയുടെ 'ഭീകര' കൈത്താങ്ങ്; പാക് ഭീകരത ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ എം.പിമാര്‍ വിദേശത്തേക്ക്

ഏഴംഗ സര്‍വകക്ഷി സംഘം മെയ് 23ന് 10 ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കമിടും
shahi tharoor world map
Facebook / Shashi Tharoor
Published on

പാക് ഭീകരപ്രവര്‍ത്തനങ്ങളും ഓപറേഷന്‍ സിന്ദൂരിലേക്ക് ഇന്ത്യയെ നയിച്ച കാര്യങ്ങളും അന്താരാഷ്ട്ര തലത്തില്‍ വിശദീകരിക്കാനുള്ള സര്‍വകക്ഷി സംഘത്തെ ശശി തരൂര്‍ എം.പി നയിക്കും. മെയ് 23ന് ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന സംഘം വാഷിംഗ്ടണ്‍, ലണ്ടന്‍, അബുദാബി, പ്രിട്ടോറിയ, ടോക്കിയോ തുടങ്ങിയ രാജ്യതലസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. 10 ദിവസമാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. തരൂരിന് പുറമെ രവിശങ്കര്‍ പ്രസാദ്, സഞ്ജയ് കുമാര്‍, ബൈജയന്ത് പാണ്ഡ, കനിമൊഴി കരുണാനിധി, സുപ്രിയ സുലേ, ശ്രീകാന്ത് ഏക്‌നാഥ് ഷിന്‍ഡേ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ക്കൊപ്പം ഉദ്യോഗസ്ഥരുമുണ്ടാകും.

കോണ്‍ഗ്രസ് പട്ടികയില്‍ തരൂര്‍ ഇല്ല

ഭരണകക്ഷി അംഗങ്ങള്‍ക്കൊപ്പം പ്രതിപക്ഷത്തെയും ചേര്‍ത്താണ് വിദേശരാജ്യങ്ങളിലേക്ക് നയതന്ത്ര സംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂരിന്റെ പേരില്ലായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് സംഘത്തിലേക്ക് ആളെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചത്. ഉച്ചയോടെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് നാല് പേരുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. മുന്‍കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, ലോക്‌സഭയിലെ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാ എം.പിയായ ഡോ.സെയിദ് നാസര്‍ ഹുസൈന്‍, ലോക്‌സഭാ എം.പി രാജ ബ്രാര്‍ എന്നിവരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്.

പക്ഷേ സര്‍ക്കാര്‍ ശശി തരൂരിനെ തന്നെ സംഘത്തെ നയിക്കാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. അടുത്തിടെ തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇതോടെ തരൂരിനെ കോണ്‍ഗ്രസ് ശാസിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തരൂര്‍ ലക്ഷ്മണ രേഖ ലംഘിച്ചുവെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. അതേസമയം, സര്‍വകക്ഷി സംഘത്തെ നയിക്കാനുള്ള തീരുമാനത്തില്‍ അഭിമാനമുണ്ടെന്ന് തരൂര്‍ പ്രതികരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com