'സമ്പന്ന മനുഷ്യ സ്‌നേഹി 'പട്ടിക: ഒന്നാമത് ശിവ് നാടാര്‍, രണ്ടാമത് പ്രേംജി;അംബാനി മൂന്നാമതായി
ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ മനുഷ്യസ്നേഹികളുടെ പട്ടികയില്‍ എച്ച്.സി.എല്‍ ടെക്‌നോളജീസ് ചെയര്‍മാന്‍ ശിവ് നാടാര്‍ ഒന്നാമത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 826 കോടി രൂപയാണ് ജീവകാരുണ്യ പ്രര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം സംഭാവന ചെയ്തതെന്ന് എഡല്‍ഗൈവ് ഹുറുന്‍ ഇന്ത്യ ഫിലന്ത്രോപ്പി ലിസ്റ്റ് 2019 ല്‍ പറയുന്നു.
വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി 453 കോടി രൂപ ജീവകാരുണ്യ പ്രര്‍ത്തനങ്ങള്‍ക്കു നല്‍കി രണ്ടാം സ്ഥാനത്താണ്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 402 കോടി രൂപയുമായി മൂന്നാമതും.നൂറു പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മൊത്തം കോര്‍പറേറ്റ് സംഭാവനയുടെ 61 ശതമാനം വരും ഇതില്‍ ആദ്യത്തെ 10 വ്യക്തികളില്‍ നിന്നുള്ളത്. ബാക്കി 90 പേര്‍ നല്‍കിയത് മൊത്തം തുകയുടെ 39 ശതമാനം മാത്രമാണ്.
അടുത്തിടെ ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ 2019 ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ 14.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ശിവ് നാടാര്‍ ആറാം സ്ഥാനത്താണ്. 51.4 ബില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള മുകേഷ് അബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഗൗതം അദാനി, ഹിന്ദുജ സഹോദരങ്ങള്‍, പല്ലോന്‍ജി മിസ്ത്രി ,
ഉദയ് കൊട്ടാക്, രാധാകിഷന്‍ ദമാനി ,ഗോദ്റെജ് കുടുംബം,ലക്ഷ്മി മിത്തല്‍, കുമാര്‍മംഗലം ബിര്‍ല എന്നീ പേരുകളാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. സമ്പാദ്യത്തിലെ മൂന്നില്‍ രണ്ടോളം ഭാഗം ഭാഗം ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെച്ചതോടെ പട്ടികയില്‍ അസിം പ്രേംജിയുടെ റാങ്ക് നില 17 ാം സ്ഥാനത്തേക്കു താഴ്ന്നിരുന്നു.
സമ്പന്നരായ ഇന്ത്യക്കാര്‍ കൂടുതല്‍ സമ്പന്നരാകുമ്പോള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സംഭാവന മല്‍കുന്നതായി എഡല്‍ഗൈവ് ഫൗണ്ടേഷന്‍ സിഇഒ വിദ്യ ഷാ പറഞ്ഞു.വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി പണമെറിയുന്ന കാര്യത്തില്‍ കോര്‍പ്പറേറ്റ് ഇന്ത്യ പൊതുവേ പുലര്‍ത്തുന്ന വലിയ താല്‍പ്പര്യവും വ്യക്തമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.ജീവകാരുണ്യത്തിനായി പണം വെറുതെ കൊടുക്കുന്നതിലേറെയായി ശാക്തീകരണം മുന്നില്‍ക്കണ്ടുള്ള നിക്ഷേപ ദൗത്യങ്ങളെറ്റെടുക്കുന്നതിലാണ് കോര്‍പ്പറേറ്റുകള്‍ ഇക്കാലത്തു ശ്രദ്ധിക്കുന്നതെന്ന് ഹുറുന്‍ റിപ്പോര്‍ട്ട് ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് റിസര്‍ച്ചറുമായ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു.
1976 ലാണ് ശിവ് നാടാര്‍ എച്ച്.സി.എല്‍ കമ്പനി സ്ഥാപിച്ചത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടുകള്‍ ഇന്ത്യയിലെ ഐ.ടി ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വേര്‍ കമ്പനികളില്‍ മുന്തിയ സ്ഥാനത്തേക്ക് കമ്പനി വളര്‍ന്നു. 2008 ല്‍ നാടാര്‍ക്ക് പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
കഴിഞ്ഞയാഴ്ച നാഗ്പുരില്‍ ആര്‍എസ്എസിന്റെ വിജയദശമി ചടങ്ങില്‍ മുഖ്യാതിഥികളിലൊരാളായി പങ്കെടുത്ത് എച്ച്‌സിഎല്‍ ചെയര്‍മാന്‍ ശിവ് നാടാര്‍ നടത്തിയ പ്രസംഗം രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ചു ശിവ് നാടാര്‍ ഫൗണ്ടേഷന്‍ മുന്‍കൈ എടുക്കുന്ന 'ശിക്ഷ'യിലൂടെ കണ്ടെത്തിയ അമ്പരപ്പിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകളാണ് നാടാര്‍ പ്രധാനമായും അവതരിപ്പിച്ചത്.
ശിക്ഷാ ടീം അംഗങ്ങള്‍ നടത്തിയ ഒരു പഠനത്തില്‍ യുപിയില്‍ അഞ്ച് വയസില്‍ താഴെയുള്ള 46 ശതമാനം കുട്ടികളും പോഷകാഹരക്കുറവ് മൂലം വളര്‍ച്ച മുരടിച്ചു പോകുന്ന അവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇത് തലച്ചോറ് ചുരുങ്ങുന്നതിനും മാനസിക ശേഷി കുറച്ച് പഠനവൈകല്യത്തിനും ഇടയാക്കുന്നുവെന്നും നാടാര്‍ വ്യക്തമാക്കി.കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ശരാശരി മാസവരുമാനം 6400 രൂപ മാത്രമാണെന്നും തന്റെ ടീമംഗങ്ങള്‍ കണ്ടെത്തിയതായി നാടാര്‍ പറഞ്ഞു. കൃഷിക്കുപരിയായുള്ള അതിജീവന മാര്‍ഗങ്ങള്‍ ഗ്രാമീണ മേഖലയില്‍ വളരെ കുറവാണെന്ന കാര്യവും രത്തന്‍ ടാറ്റ, രാഹുല്‍ ബജാജ്, അസീം പ്രേംജി തുടങ്ങി വ്യാവസായിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ ശിവ് നാടാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.