
മലബാറിലെ യാത്രാ തിരക്ക് കണക്കിലെടുത്താണ് പുതിയതായി ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ ട്രെയിന്‍ അവതരിപ്പിച്ചത്. എന്നാല്‍ യാത്രക്കാരുടെ തിരക്ക് കൂടുതലുളള ദിവസങ്ങളില്‍ ഈ ട്രെയിന് സര്‍വീസ് ഇല്ല എന്ന പരാതി വ്യാപകമാകുകയാണ്. ശനിയും തിങ്കളുമാണ് മേഖലയില്‍ ഏറ്റവുമധികം ആളുകള്‍ സഞ്ചരിക്കുന്നത്.
എന്നാല്‍ ശനി, ഞായർ, തിങ്കൾ ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നില്ല. ഇതോടെ യാത്രക്കാര്‍ വീണ്ടും നേത്രാവതി അടക്കമുളള ട്രെയിനുകളില്‍ കയറുകയും വലിയ തിരക്ക് പഴയതു പോലെ സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉളളത്. മാത്രവുമല്ല നേത്രാവതി എക്സ്പ്രസിലെ റിസർവ്ഡ് കോച്ചുകളിൽ ജനറൽ ടിക്കറ്റുമായി ആളുകള്‍ സഞ്ചരിക്കുന്നത് ഏറെ പരാതികള്‍ക്കും ഇടയാക്കിയിരുന്നു.
ട്രെയിനിന്റെ സമയക്രമം
ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് (06031) വൈകിട്ട് 3.40 ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 7.40 ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് സര്‍വീസ് നടത്തുന്നത്. 11 സ്റ്റേഷനുകളിൽ സ്റ്റോപ്പുകളുളള ട്രെയിന്‍ വൈകിട്ട് 5.30 നാണ് കോഴിക്കോട് സ്റ്റേഷനിലെത്തുക.
കണ്ണൂർ-ഷൊർണൂർ (06032) ട്രെയിന്‍ രാവിലെ 8.10 ന് കണ്ണൂരിൽ നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.30 നാണ് ഷൊർണൂരിലെത്തുക. ട്രെയിനിന്റെ പരിപാലനം ഷൊർണൂരിൽ വെച്ച് നടത്തുന്നതാണ് നിലവിലെ ബുദ്ധിമുട്ടുകള്‍ക്ക് കാരണം. രാത്രി ട്രെയിന്‍ എത്തുന്ന കണ്ണൂരിൽ തന്നെ പരിപാലന ജോലികള്‍ നടത്താനായാല്‍ ആഴ്ചയില്‍ ആറു ദിവസങ്ങളില്‍ ട്രെയിന് സർവീസ് നടത്താനാകുമെന്നാണ് പൊതുവേയുളള അഭിപ്രായം.
Read DhanamOnline in English
Subscribe to Dhanam Magazine