

മഹാരാഷ്ട്രയിലെ ഉള്ളിപ്പാടങ്ങളില്‍ കാലം തെറ്റി പെയ്ത മഴ കേരളത്തിലെ അടുക്കളകളിലും ആശങ്കയുണ്ടാക്കും. വിവിധ സംസ്ഥാനങ്ങളിലെ വിപണികളില്‍ എത്താനുള്ള സവാള ശേഖരം വ്യാപകമായാണ് നശിച്ചത്. ഇതോടെ സവാള വില വരും ദിവസങ്ങളില്‍ കുത്തനെ ഉയരുമെന്നാണ് സൂചന. ഈ മാസം ആദ്യത്തില്‍ കാലം തെറ്റിയെത്തിയ മഴയാണ് വില്ലനായത്. വിളവെടുപ്പിന്റെ അവസാനഘട്ടം എത്തി നില്‍ക്കെയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. വിളവെടുത്ത് കൂട്ടിയ സവാള ശേഖരവും കഴിഞ്ഞയാഴ്ചകളില്‍ വിളവെടുപ്പിന് പാകമായ ചെടികളും നശിച്ചവയില്‍ പെടുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.
സവാളക്ക് വിപണിയില്‍ കടുത്ത ക്ഷാമത്തിനിടയാക്കുന്നതാണ് പുതിയ പ്രതിസന്ധി. വിപണിയില്‍ ചരക്ക് എത്തുന്നത് കുറയും. മഹാരാഷ്ട്രയിലെ നഗരപ്രദേശങ്ങളില്‍ വില വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ഉള്ളി കൃഷി മേഖലകളായ കൊങ്കണ്‍ പ്രദേശം, പൂനെ, നാസിക്, കോലാപ്പൂര്‍, ഛത്രപതി സാംബാജി നഗര്‍, ലാത്തൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഈ മാസം തുടക്കം മുതല്‍ ശക്തമായ മഴയാണ്. സമീപ പ്രദേശങ്ങളായ ധൂലെ, സോളാപ്പൂര്‍, അകോല, ജല്‍ന,ജാല്‍ഗണ്‍ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലെ കൃഷിയിടങ്ങളും മഴക്കെടുതിയിലാണ്. ഈ പ്രദേശങ്ങളില്‍ നിന്നുള്ള സവാള വരവ് നിലക്കുന്നതോടെ വിപണിയില്‍ കടുത്ത ക്ഷാമത്തിന് ഇടയാകുമെന്ന് മഹാരാഷ്ട്ര ഒനിയന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഭാരത് ദിന്‍ഗോള്‍ സൂചിപ്പിച്ചു.
ഇത്തവണ സവാളക്ക് വില കുറഞ്ഞ സീസണ്‍ ആയിരുന്നു. മാര്‍ച്ച് മാസത്തില്‍ വിളവെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ കിലോക്ക് 11.50 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. ഈ വിലക്കുറവ് വിപണിയിലും പ്രതിഫലിച്ചിരുന്നു. മികച്ച വിളവ് ലഭിച്ചതോടെ കുറഞ്ഞ വിലയില്‍ വിറ്റാലും ഇത്തവണ വരുമാനമുണ്ടാകുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. ജൂണ്‍ പകുതി വരെ വിളവെടുപ്പ് തുടരാമെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ മഴയില്‍ കര്‍ഷകരുടെ കണക്കു കൂട്ടലുകളെല്ലാം പാളി.
ഈ വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കിയിരുന്നു. മഹാരാഷ്ട്രയില്‍ മാത്രം 6,51,965 ഹെക്ടറിലാണ് കൃഷി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏതാണ്ട് രണ്ട് ലക്ഷം ഹെക്ടറിന്റെ വര്‍ധനയുണ്ടായി. നാസിക്കില്‍ മാത്രം മൂന്ന് ലക്ഷത്തോളം ഹെക്ടറില്‍ കൃഷിയിറക്കി. വിദേശത്തേക്ക് സവാള കയറ്റി അയക്കുന്നതിലും മുന്നില്‍ മഹാരാഷ്ട്രയാണ്. 3,922 കോടി രൂപ വിലവരുന്ന 17.17 ലക്ഷം ടണ്‍ ആണ് കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത്. അതേസമയം, 2023 ലെ കയറ്റുമതിയെ അപേക്ഷിച്ച് (25.25 ലക്ഷം ടണ്‍) കഴിഞ്ഞ വര്‍ഷം കുറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കയറ്റുമതി നയം കര്‍ഷകര്‍ക്കും വിതരണക്കാര്‍ക്കും അനുകൂലമല്ലെന്ന് കര്‍ഷകരുടെ സംഘടന കുറ്റപ്പെടുത്തുന്നു. ആഗോള തലത്തില്‍ സവാള വില കൂടുമ്പോള്‍ കയറ്റുമതി നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കയറ്റുമതിക്ക് പ്രത്യേക ഡ്യൂട്ടി ചുമത്തിയും കുറഞ്ഞ കയറ്റുമതി വില നിശ്ചയിച്ചും കയറ്റുമതി നിരോധിച്ചും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്നും മഹാരാഷ്ട്ര ഒനിയന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine