

ശുഭാംശു ശുക്‌ള തിരിച്ചെത്തുമ്പോള്‍ എന്തെല്ലാം വിവരങ്ങളാണ് കൈവശമുണ്ടാകുക? ബഹികാശത്തു നിന്ന് പുതുമയുള്ള വിവരങ്ങള്‍ ഈ ഇന്ത്യക്കാരന്റെ കയ്യിലുണ്ടാകുമോ? ലോകം ഉറ്റു നോക്കുകയാണ്. നീണ്ട 18 ദിവസങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ ചെലവിട്ട് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്‌ള ഭൂമിയിലേക്കുള്ള യാത്ര പുറപ്പെട്ടു കഴിഞ്ഞു. നാളെ വൈകീട്ട് മൂന്നു മണിയോടെ അദ്ദേഹം സഞ്ചരിക്കുന്ന പേടകം കാലിഫോര്‍ണിയയില്‍ പസഫിക് സമുദ്രത്തില്‍ ഇറങ്ങുമെന്നാണ് കണക്കുകൂട്ടുന്നത്. തന്റെ മുന്‍ഗാമി രാകേഷ് ശര്‍മക്ക് ഒരു രഹസ്യ സമ്മാനം കൊണ്ടു വരുമെന്ന് ശുഭാംശു, ഭൂമിയില്‍ നിന്ന് പുറപ്പെടും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അത് എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.
ഈ 18 ദിവസങ്ങളില്‍ ബഹിരാകാശത്ത് നടത്തിയ 60 പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ശുഭാംശുവിന്റെ കൈവശമുണ്ടാകും. ഒപ്പം നാസയുടെ ഹാര്‍ഡ്‌വെയറുകളും. എല്ലാം കൂടി 580 പൗണ്ട് (264 കിലോ ഗ്രാം) തൂക്കം വരും. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റിലാണ് അദ്ദേഹം തിരിച്ചെത്തുന്നത്. ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം 4.30 നാണ് ഈ ബഹിരാകാശ പേടകം ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചിട്ടുള്ളത്. 22.5 മണിക്കൂറാണ് യാത്രാ സമയം. മുന്‍ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വില്‍സണ്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയില്‍ നിന്നുള്ള പോളണ്ട് സ്വദേശി സ്ലോവാസ് ഇസ്നാന്‍സ്‌കി, ഹംഗറിയില്‍ നിന്നള്ള ടിബോര്‍ കാപ്പു എന്നിവരാണ് അദ്ദേഹത്തോടൊപ്പം തിരിച്ചെത്തുന്നത്.
ആക്‌സിയോണ്‍ മിഷന്‍-4 ന്റെ ഭാഗമായി ജൂണ്‍ 25 നാണ് ശുഭാംശു ശുക്‌ള അമേരിക്കയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് യാത്ര പുറപ്പെട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ആദ്യത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യന്‍ പൗരനും. രാകേഷ് ശര്‍മായാണ് ആദ്യമായി ബഹിരാകാശ സന്ദര്‍ശനം നടത്തിയത്. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജ സുനിത വില്യംസ് അടുത്തിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച് തിരിച്ചെത്തിയിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഗ്രൂപ്പ് കാപ്റ്റനും പൈലറ്റുമായ ശുഭാംശു ശുക്‌ള ഐഎസ്ആര്‍ഒ യിലാണ് ബഹിരാകാശ യാത്രക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയത്.
തിരിച്ചെത്തിയാല്‍ ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ സഞ്ചാരികളും ഏഴ് ദിവസം പുനരധിവാസത്തിലാകും. ഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനുള്ള സമയമാണിത്. ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് ശാരീരികവും മാനസികവുമായി പരിശോധനകള്‍ക്കും വിധേയനാകും. ബഹിരാകാശത്തു നിന്ന് കൊണ്ടവരുന്ന ഡാറ്റകള്‍ ഉപയോഗിച്ചുള്ള സ്‌പേസ് എക്‌സിന്റെ തുടര്‍ പരിശീലനങ്ങളിലും അദ്ദേഹം പങ്കാളിയാകും. ഇന്ത്യന്‍ എയര്‍ഫോഴ്സും ഐഎസ്ആര്‍ഒയും അദ്ദേഹത്തിന് സ്വീകരണമൊരുക്കുന്നുണ്ട്.
ശുഭാംശു ശുക്‌ളയുടെ യാത്രക്കായി ഐഎസ്ആര്‍ഒ ചെലവിട്ടത് 550 കോടി രൂപയാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2027 ല്‍ ഇന്ത്യ നടത്താനിരിക്കുന്ന ഗഗന്‍യാന്‍ ബഹിരാകാശ മിഷനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ശുഭാംശുവിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine