
തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനങ്ങളുടെ എണ്ണം കുറയുമ്പോഴും രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം കൂടുന്നതായി കണക്കുകള്‍. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് വലിയ തോതിലാണ് രജിസ്‌ട്രേഷന്‍ നടന്നത്. അതേസമയം, ഓരോരുത്തര്‍ക്കും ലഭിക്കുന്ന തൊഴില്‍ ദിനങ്ങളില്‍ കുറവ് വരുന്നു. പ്രതിശീര്‍ഷ കൂലി കുറയാന്‍ ഇത് ഇടയാക്കുന്നുണ്ട്. വരുമാനം കുറഞ്ഞിട്ടും കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് വരുന്നത് മറ്റു മേഖലകളില്‍ മെച്ചപ്പെട്ട വരുമാനമുള്ള ജോലികള്‍ ലഭിക്കാത്തതു കൊണ്ടാണെന്നാണ് ദേശീയ തലത്തിലെ വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം മാത്രം പദ്ധതിയില്‍ ചേര്‍ന്നത് 1.31 കോടി ആളുകളാണെന്ന് ഗവേഷണ സ്ഥാപനമായ ലിബ് ടെക് ഇന്ത്യ (LibTech India) നടത്തിയ പഠനത്തില്‍ പറയുന്നു. ഇതില്‍ 1.16 കോടി പേര്‍ പുതിയതായി രജിസ്‌ട്രേഷന്‍ നടത്തിയവരാണ്. ബാക്കിയുള്ളവര്‍ മുമ്പ് വിട്ടുപോയി തിരിച്ചെത്തിയവരും. അതേസമയം 2022-23, 2023-24 വര്‍ഷങ്ങളില്‍ പദ്ധതിയില്‍ വലിയ കൊഴിഞ്ഞു പോക്കാണ് ഉണ്ടായിരുന്നത്. ഈ രണ്ട് വര്‍ഷങ്ങളിലായി 5.9 കോടി പേര്‍ പദ്ധതിയില്‍ നിന്ന് മാറി നിന്നിരുന്നു. അവരില്‍ വലിയൊരു വിഭാഗം വീണ്ടും തൊഴിലിന് വേണ്ടി ഈ വര്‍ഷം തിരിച്ചെത്തി. അതേസമയം, തൊഴില്‍ ദിനങ്ങള്‍ കുറയുകയുമാണ്.
തൊഴില്‍ ദിനങ്ങളില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ കുറവ് വന്നിട്ടുണ്ട്. 2023 ല്‍ വര്‍ഷത്തില്‍ 289 ദിവസമായിരുന്നു ജോലി. ഇപ്പോള്‍ 268 ആയാണ് കുറഞ്ഞത്. ഇതോടെ ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍ 52 ല്‍ നിന്ന് 50 ആയി കുറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളിലും തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് രാജ്യത്തെ തൊഴില്‍ മേഖലയില്‍ ഉണ്ടാകുന്ന പ്രതിസന്ധിയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന തൊഴിലുകള്‍ ഗ്രാമീണ മേഖലയില്‍ കുറഞ്ഞു വരികയാണെന്ന് സാമ്പത്തിക വിദഗ്ധനും പാറ്റ്‌ന എഎന്‍ സിന്‍ഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസിന്റെ മുന്‍ ഡയറക്ടറുമായ സുനില്‍ റോയ് പറയുന്നു.
കുടുംബത്തിന്റെ ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്തവരാണ് ഈ പദ്ധതിയിലേക്ക് വരുന്നത്. മറ്റു വഴികളൊന്നും അവര്‍ക്ക് മുന്നില്‍ ഉണ്ടാകുന്നില്ല. തൊഴില്‍ തേടുന്നവരുടെ അവസാനത്തെ ആശ്രയം മാത്രമാകേണ്ട ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. എന്നാല്‍ അത് കൂടുതല്‍ പേരുടെ മുന്‍ഗണനയിലേക്ക് വരുന്നത് ഗ്രാമീണ മേഖലയിലെ തൊഴില്‍ പ്രതിസന്ധി കൊണ്ടാണ്. സുനില്‍ റോയ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 45 ശതമാനം ജനങ്ങള്‍ ഇപ്പോഴും വരുമാനം കുറഞ്ഞ കാര്‍ഷിക മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine