

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയ ഇന്ത്യന്‍ സില്‍വര്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ETF) വലിയ തിരിച്ചടി. വ്യാഴാഴ്ച വ്യാപാരത്തിനിടെ പ്രമുഖ സില്‍വര്‍ ഇ.ടി.എഫുകളുടെ വിലയില്‍ 20 ശതമാനം വരെ കുത്തനെ ഇടിവ് രേഖപ്പെടുത്തി. ഇതോടെ സമീപകാലത്തെ ശക്തമായ റാലിക്ക് പെട്ടെന്ന് ബ്രേക്ക്.
നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ETF, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ സില്‍വര്‍ ETF, കൊടാക് സില്‍വര്‍ ETF തുടങ്ങിയ ഫണ്ടുകളിലാണ് ഏറ്റവും വലിയ ഇടിവ് കണ്ടത്. ഈ ഇ.ടി.എഫുകളുടെ വിപണി വിലകള്‍ അവയുടെ യഥാര്‍ഥ മൂല്യമായ ഇന്‍ഡിക്കേറ്റീവ് നെറ്റ് ആസറ്റ് വാല്യൂവിനും (iNAV) താഴേക്ക് വീണു.
ആഗോള വിപണിയിലെ റിസ്‌ക് സെന്റിമെന്റിലെ മാറ്റമാണ് സില്‍വര്‍ ഇ.ടി.എഫുകളെ ബാധിച്ചത്. യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും, സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള താത്പര്യം താല്‍ക്കാലികമായി കുറഞ്ഞതുമാണ് വെള്ളിക്ക് തിരിച്ചടിയായത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ സൈനിക നീക്കങ്ങള്‍ ഇല്ലെന്ന സൂചന നല്‍കിയതും, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ പുതിയ തീരുവകള്‍ ഉടന്‍ പ്രഖ്യാപിക്കില്ലെന്ന പരാമര്‍ശങ്ങളും ആഗോള വിപണിയില്‍ റിസ്‌ക് എടുക്കാനുള്ള മനോഭാവം വര്‍ധിപ്പിച്ചു. ഇതോടെ സ്വര്‍ണം, വെള്ളി പോലുള്ള സുരക്ഷിത നിക്ഷേപങ്ങളില്‍നിന്ന് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങി.
അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ സ്‌പോട്ട് വിലയില്‍ വലിയ ഇടിവുണ്ടായില്ല. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് വെള്ളിയുടെ വില 92 ഡോളറിന് സമീപം തുടരുമ്പോള്‍, മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (MCX) വെള്ളി ഫ്യൂച്ചേഴ്സില്‍ ഏകദേശം 2 ശതമാനം മാത്രം ഇടിവാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ ETFകളില്‍ ഉണ്ടായ ഇടിവ് ഇതിലും വളരെ കൂടുതലായിരുന്നു. ഇതിന് പ്രധാന കാരണം ഈ ഫണ്ടുകള്‍ നേരത്തെ iNAV-നേക്കാള്‍ ഉയര്‍ന്ന പ്രീമിയത്തില്‍ വ്യാപാരം നടന്നതാണ് ഈ അമിത പ്രീമിയം ഒറ്റയടിക്ക് ഇല്ലാതായതോടെ ETF വിലകള്‍ കുത്തനെ ഇടിഞ്ഞു.
സില്‍വര്‍ ETFകള്‍ സാധാരണയായി iNAV-നേക്കാള്‍ ഉയര്‍ന്നോ താഴ്‌ന്നോ വ്യാപാരം നടക്കാറുണ്ട്. ആവശ്യകത കൂടുമ്പോള്‍ പ്രീമിയം വര്‍ധിക്കുന്നതും നിക്ഷേപകര്‍ പെട്ടെന്ന് പിന്മാറുമ്പോള്‍ ആ പ്രീമിയം ഇല്ലാതാകുന്നതും ഇത്തരം കടുത്ത ചാഞ്ചാട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ വെള്ളിക്ക് ഇപ്പോഴും പിന്തുണയുണ്ടെന്നാണ് ചില വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. സൗരോര്‍ജം, ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക്സ് മേഖലകള്‍ എന്നിവയില്‍നിന്നുള്ള വ്യവസായ ആവശ്യകത വെള്ളിയുടെ ഡിമാന്‍ഡ് ശക്തിപ്പെടുത്തുന്ന ഘടകമാണ്.
എന്നാല്‍ നിലവിലെ ഉയര്‍ന്ന വിലനിലവാരങ്ങളില്‍ നിന്ന് കൂടുതല്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, പുതിയ നിക്ഷേപങ്ങള്‍ക്ക് മുന്‍പ് നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സില്‍വര്‍ ETFകളിലെ ഇടിവ്, വേഗത്തില്‍ കുതിച്ച നിക്ഷേപങ്ങളില്‍ അടങ്ങിയിരിക്കുന്ന അപകടസാധ്യതകളുടെ ഓര്‍മ്മപ്പെടുത്തലാണ്. അടിസ്ഥാന വസ്തുവിന്റെ വില സ്ഥിരത പുലര്‍ത്തുമ്പോഴും, ETFകളിലെ പ്രീമിയം-ഡിസ്‌കൗണ്ട് ചാഞ്ചാട്ടങ്ങള്‍ നിക്ഷേപകര്‍ക്ക് വലിയ നഷ്ടങ്ങള്‍ വരുത്തിവെക്കും. അതുകൊണ്ട് തന്നെ, ലാഭം വേഗത്തില്‍ ഉയര്‍ന്ന സെഗ്മെന്റുകളില്‍ നിക്ഷേപിക്കുമ്പോള്‍ വിലയും മൂല്യവും തമ്മിലുള്ള വ്യത്യാസം സൂക്ഷ്മമായി വിലയിരുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ഓര്‍മപ്പെടുത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine