

2025 സ്വര്‍ണത്തിന്റെ വര്‍ഷമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. എന്നാല്‍ സ്വര്‍ണവിലയേക്കാള്‍ വേഗത്തിലാണ് വെള്ളി കുതിക്കുന്നത്. ആഭരണങ്ങള്‍ നിര്‍മിക്കുന്നതിന് അപ്പുറത്തേക്ക് വെള്ളിയുടെ വ്യവസായിക സാധ്യതകള്‍ വര്‍ധിച്ചതാണ് ഡിമാന്‍ഡ് ഉയരുന്നതിലേക്ക് നയിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ഒരുകിലോ വെള്ളിയുടെ വില 1,84,727 രൂപയാണ്. ഈ പോക്ക് പോയാല്‍ അധികം വൈകാതെ രണ്ടുലക്ഷമെന്ന സ്വപ്‌ന സംഖ്യയിലേക്ക് വെള്ളി എത്തുമെന്നാണ് വിലയിരുത്തല്‍. വില ഉയര്‍ന്നതോടെ വെള്ളിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്.
ഒരു വര്‍ഷം കൊണ്ട് സ്വര്‍ണവിലയിലുണ്ടായ വര്‍ധന 90 ശതമാനത്തിന് മുകളിലാണ്. മറ്റേതൊരു നിക്ഷേപത്തിലേക്കാള്‍ നേട്ടം തരാന്‍ വെള്ളിക്ക് സാധിക്കുന്നു. അഭരണമായും നിക്ഷേപമായും മാത്രമല്ല വെള്ളിയുടെ സാധ്യത. സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളിയെ വ്യത്യസ്തമാക്കുന്നതും ഇതാണ്. വൈദ്യുത വാഹനങ്ങള്‍ മുതല്‍ സാറ്റലൈറ്റ് വരെയുള്ളവയില്‍ വെള്ളി അനിവാര്യ ഘടകമാണ്.
ആഗോളതലത്തില്‍ ഉപയോഗിക്കുന്ന വെള്ളിയുടെ 60 ശതമാനത്തോളം ഇപ്പോള്‍ വ്യവസായങ്ങളുമായി ബന്ധപ്പെട്ടതാണ്. അതില്‍ തന്നെ പ്രധാനമായും ഗ്രീന്‍ എനര്‍ജിയുടെ ഉല്‍പ്പാദന ആവശ്യങ്ങള്‍ക്ക്. ആഭരണ നിര്‍മാണത്തിനായിരുന്നു മുമ്പ് വെള്ളി ഉപയോഗിച്ചിരുന്നത്. ഇപ്പോഴത് സോളാര്‍ പാനലുകളിലും 5ജിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ഘടകമായി മാറി.
ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ വര്‍ധിച്ചതോടെ സ്വര്‍ണം, വെള്ളി എന്നിവയിലേക്ക് നിക്ഷേപം മാറ്റുന്നവരുടെ എണ്ണം വര്‍ധിച്ചു. ഓഹരി വിപണിയും മറ്റും അസ്ഥിരമായി തുടരുന്നതാണ് മെറ്റലുകളിലേക്ക് നിക്ഷേപം മാറ്റാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
സ്വര്‍ണ പണയം പോലെ വെള്ളി പണയംവച്ച് വായ്പയെടുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ അനുമതി നല്കിയിരുന്നു. അടുത്ത ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന പോലെയാണ് വെള്ളി വായ്പ പദ്ധതി. വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയ്ക്കാണ് വെള്ളി പണയംവാങ്ങി വായ്പ കൊടുക്കാന്‍ അനുമതിയുള്ളത്.
പരമാവധി 10 കിലോഗ്രാം വെള്ളി വരെ ഈടായി സ്വീകരിക്കാം. വെള്ളി കോയിനുകളാണെങ്കില്‍ ഈടായി സ്വീകരിക്കാവുന്നത് പരമാവധി 500 ഗ്രാം ആണ്. രണ്ടര ലക്ഷം രൂപ വരെ വായ്പ നല്കുകയാണെങ്കില്‍ പണയംവച്ച വെള്ളിയുടെ വിപണി വിലയുടെ 85 ശതമാനം വരെ നല്കാം. വെള്ളിയുടെ ഡിമാന്‍ഡ് ഉയര്‍ന്നതാണ് ആര്‍.ബി.ഐയെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine