₹4 ലക്ഷത്തില്‍ നിന്ന് ₹1.70 ലക്ഷത്തിലേക്ക്! 10 മാസത്തിനിടെ വില ഇടിഞ്ഞത് 60%; വെള്ളി വിലയിടിവിന് പിന്നില്‍ മൂന്ന് പ്രധാന കാരണങ്ങള്‍

ഇപ്പോള്‍ ക്ഷീണത്തിലെങ്കിലും വെള്ളിയുടെ ദീര്‍ഘകാല സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതായിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍
Gold, Silver, Copper, Platinum next 1 year outlook
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ഈ വര്‍ഷം ജനുവരിയില്‍ കിലോഗ്രാമിന് 4 ലക്ഷം കടന്ന് ചരിത്ര റെക്കോര്‍ഡ് കുറിച്ച വെള്ളിവില കുത്തനെ ഇടിഞ്ഞ് 1.75 ലക്ഷം രൂപയ്ക്കും താഴെ. 10 മാസത്തിനിടയുള്ള ഇടിവ് 60 ശതമാനത്തിനടുത്ത് വരും. യുഎസ് ഡോളറിന്റെ കരുത്ത്, വ്യാവസായിക ആവശ്യകതയിലെ കുറവ്, നിക്ഷേപകരുടെ ലാഭമെടുപ്പ് എന്നിവയാണ് വിപണിയെ തളര്‍ത്തിയത്. എംസിഎക്സില്‍ ഡിസംബര്‍ ഫ്യൂച്ചേഴ്സ് വ്യാപാരം കിലോഗ്രാമിന് 1,70,065 രൂപ നിലവാരത്തിലാണ് നടക്കുന്നത്.

വെള്ളിവിലയിലെ ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് യുഎസ് ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതാണ്. രാജ്യാന്തര വിപണിയില്‍ ഡോളറിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് വെള്ളി വാങ്ങുന്നവര്‍ക്ക് ചെലവ് കൂടും. ഇത് ആവശ്യകതയെ ബാധിക്കാം.

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന വിപണിയുടെ പ്രതീക്ഷയും വെള്ളിക്ക് തിരിച്ചടിയായി. യുഎസ് സര്‍ക്കാര്‍ ബോണ്ടുകളില്‍നിന്ന് കൂടുതല്‍ വരുമാനം ലഭിക്കാനുള്ള സാഹചര്യം രൂപപ്പെടുമ്പോള്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണം, വെള്ളി തുടങ്ങിയ ആസ്തികളുടെ ആകര്‍ഷണം കുറയുന്നു. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ ഡിമാന്‍ഡ് കുറയാനുള്ള ഒരു കാരണവും ഇതാണ്.

വ്യാവസായിക ആവശ്യകത കുറയുന്നു

സ്വര്‍ണത്തില്‍ നിന്ന് വ്യത്യസ്തമായി വെള്ളിക്ക് വ്യാവസായിക മേഖലയില്‍ വലിയ ഉപയോഗമുണ്ട്. സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ വെള്ളി ഉപയോഗിക്കുന്നു. അതിനാല്‍ വ്യാവസായിക ഉല്‍പാദനത്തിലെ മാറ്റങ്ങള്‍ വെള്ളിവിലയെയും കാര്യമായി സ്വാധീനിക്കും.

ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറയുന്നതാണ് ഇപ്പോള്‍ വെള്ളിയുടെ വ്യവസായിക ആവശ്യം ദുര്‍ബലപ്പെടുത്തിയത്. ചൈനയില്‍ സോളാര്‍ പാനല്‍, ഇലക്ട്രിക് വാഹന മേഖലകളിലെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നത് വെള്ളിയുടെ ആവശ്യകതയെ ബാധിക്കുന്നുണ്ട്. അതേസമയം, ഉല്‍പദനച്ചെലവ് കുറയ്ക്കാന്‍ ചില വ്യവസായങ്ങള്‍ വെള്ളിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകളിലേക്കും മാറുകയാണ്. ഇതും വെള്ളിയുടെ ഡിമാന്‍ഡിനെ ബാധിച്ചു.

സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി മെറ്റല്‍സ് ഫോക്കസ് തയാറാക്കിയ കണക്കുകള്‍ പ്രകാരം 2026ല്‍ ആഗോള വെള്ളി ആവശ്യകത അഞ്ച് ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാവസായിക ആവശ്യകതയില്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടാകാനും സാധ്യതയുണ്ട്. ഉയര്‍ന്ന വിലയും ഗ്രാമീണ ഉപഭോഗത്തിലെ മന്ദതയും ഇന്ത്യയില്‍ വെള്ളി ആഭരണങ്ങളുടെ ആവശ്യകതയെ ബാധിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലാഭമെടുപ്പും കൂട്ടവില്‍പ്പനയും

അപ്രതീക്ഷിത കുതിപ്പാണ് 2025ലും 2026ന്റെ തുടക്കത്തിലും വെള്ളിവിലയില്‍ ഉണ്ടായത്. വില റെക്കോര്‍ഡ് നിലവാരത്തിലെത്തിയതോടെ നേരത്തെ നിക്ഷേപം നടത്തിയവര്‍ ലാഭമെടുക്കാന്‍ തുടങ്ങി. വലിയ തോതിലുള്ള വില്‍പ്പന വിലയിടിവിന് ആക്കം കൂട്ടി.

വായ്പയെടുത്ത് ഫ്യൂച്ചേഴ്‌സ് വിപണിയില്‍ വ്യാപാരം നടത്തുന്ന നിക്ഷേപകര്‍ക്ക് വില കുറയുമ്പോള്‍ അധിക മാര്‍ജിന്‍ നല്‍കേണ്ടിവരും. ഈ തുക കണ്ടെത്താന്‍ കഴിയാത്തവര്‍ കൈവശമുള്ള കരാറുകള്‍ വിറ്റൊഴിയുന്നതും വിപണിയില്‍ വില്‍പ്പന സമ്മര്‍ദം വര്‍ധിപ്പിച്ചു.

ഇപ്പോള്‍ ക്ഷീണത്തിലെങ്കിലും വെള്ളിയുടെ ദീര്‍ഘകാല സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതായിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ശക്തമായ തിരിച്ചുവരവിന് വ്യാവസായിക ആവശ്യകതയും നിക്ഷേപകരുടെ താല്‍പര്യവും മെച്ചപ്പെടേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```