
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരിടവേളയ്ക്കുശേഷം പ്രാഥമിക ഓഹരി വില്പന (initial public offering- IPO) സജീവമാകുന്നു. മോശം കാലാവസ്ഥയായിരുന്നതിനാല്‍ പല കമ്പനികളും ഓഹരി വിപണിയിലേക്കുള്ള വരവ് നീട്ടിവച്ചിരുന്നു. വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുകയും വിപണി സ്ഥിരത കൈവരിക്കുകയും ചെയ്തതോടെ ഐപിഒകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇരുചക്ര വൈദ്യുത വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി ലിസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ദക്ഷിണകൊറിയന്‍ ഇലക്‌ട്രോണിക്‌സ് വമ്പന്മാരായ എല്‍ജിയുടെ ഇന്ത്യന്‍ ഘടകത്തിന്റെ ഐപിഒ മെയ് മാസം നടത്താനായിരുന്നു ആദ്യ പദ്ധതി. പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു.
ഇരുചക്ര വൈദ്യുത വാഹന രംഗത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ സിംപിള്‍ എനര്‍ജി (simple energy) ഐപിഒയ്ക്കായി തയാറെടുക്കുകയാണ്. നിര്‍മാണത്തിനാവശ്യമായ 95 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് സിംപിള്‍. ഇപ്പോള്‍ രണ്ട് ഇരുചക്ര വാഹന മോഡലുകളാണ് കമ്പനി വില്ക്കുന്നത്. 2019ല്‍ സുഹാസ് രാജ്കുമാറാണ് കമ്പനിക്ക് തുടക്കമിട്ടത്. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രാഥമിക ഓഹരി വില്പനയിലൂടെ 3,000 കോടി രൂപ കണ്ടെത്താനാണ് കമ്പനി തയാറെടുക്കുന്നത്.
നിലവില്‍ സിംപിള്‍ വണ്‍, സിംപിള്‍ വണ്‍ എസ് എന്നീ മോഡലുകളാണ് കമ്പനി വിപണിയില്‍ ഇറക്കുന്നത്. ഉത്പാദനം വര്‍ധിപ്പിക്കാനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തികവര്‍ഷം 800 കോടി രൂപ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.
കേരളത്തില്‍ കൊച്ചിയിലടക്കം ഔട്ട്‌ലെറ്റുകളുള്ള കമ്പനിയാണ് സിംപിള്‍. സിംപിള്‍ വണ്‍ മോഡലിന് 248 കിലോമീറ്റര്‍ റേഞ്ചും സിംപിള്‍ വണ്‍എസിന് 181 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 1.7 ലക്ഷത്തില്‍ താഴെയാണ് മോഡലുകളുടെ വില.
Read DhanamOnline in English
Subscribe to Dhanam Magazine