75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് നിരോധനം; ഏതൊക്കെ ഉല്‍പ്പന്നങ്ങളെ ബാധിക്കും ?

രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാനുറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം 2022 ജൂലൈ മുതല്‍ പൂര്‍ണ നിരോധനം വരും. 75 മൈക്രോണില്‍ താഴെയുള്ള എല്ലാ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുമാണ് നിരോധിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് പ്‌ളേറ്റ്, കപ്പ്, ഗ്‌ളാസ്, ട്രേ, വിവിധ ഉല്‍പ്പന്നങ്ങളുടെ കവറുകള്‍ എന്നിവയ്ക്ക് നിരോധനം വരും.

അടുത്ത വര്‍ഷം ജൂലൈ 1 മുതല്‍ 120 മൈക്രോണില്‍ കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപനത്തില്‍ വിശദമാക്കുന്നു. രണ്ട് ഘട്ടമായിട്ടായിരിക്കും നിരോധനം നടത്തുക. ആദ്യ ഘട്ടം സെപ്റ്റംബര്‍ 30 ന് ആരംഭിക്കും.

കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം പറയുന്നത് ആദ്യ ഘട്ടത്തില്‍ 50 മൈക്രോണുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കുമെന്നാണ്. അടുത്ത വര്‍ഷം ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ത്താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും പൂര്‍ണമായും നിരോധിക്കും.

കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റിക് ഉപയോഗപ്പെടുത്തിയുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിതരണം,വില്‍പ്പന, കയറ്റുമതി, സംഭരണം എന്നിവ നിരോധിച്ചിട്ടുണ്ട്.

ഏതൊക്കെ ഉല്‍പ്പന്നങ്ങളെ ബാധിക്കും

സ്‌ട്രോകള്‍, ബലൂണുകളിലെ പ്ലാസ്റ്റിക് കോര്‍ക്ക്, സ്റ്റിക്കുകള്‍, ഇയര്‍ ബഡ്‌സ്, ഐസ്‌ക്രീം പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പോളിസ്റ്റെറീന്‍ (തെര്‍മോകോള്‍) ഡെക്കറേഷന്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസ്സുകള്‍, ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍, സ്‌ട്രോ, ട്രേ, മധുരപലഹാരങ്ങളില്‍ പൊതിയുന്ന കവറുകള്‍, ക്ഷണക്കത്തുകളിലെ പ്ലാസ്റ്റിക്, സിഗരറ്റ് പാക്കറ്റിലെ പ്ലാസ്റ്റിക്, കോഫി സ്റ്റിറിംഗ് സ്റ്റിക്, പുഡ്ഡിംഗിലും മറ്റും ഉപയോഗിക്കുന്ന കവറുകള്‍ എന്നിവയോടൊപ്പം 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് - പിവിസി ബാനറുകള്‍ എന്നിവയെല്ലാം നിരോധിക്കപ്പെടും.

പുതിയ നിരോധനങ്ങൾ നിര്‍മാണമേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെങ്കിലും ചെറുകിട വ്യവസായികളെ ബാധിക്കാത്ത തരത്തിലാകും നിരോധന നടപടികളെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. മാര്‍ച്ചില്‍ ഈ വിജ്ഞാപനത്തിന്റെ കരട് മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.

ഇതില്‍ നിര്‍ദേശങ്ങളെല്ലാം പരിശോധിച്ച് അവയെല്ലാം ഉള്‍പ്പെടുത്തിയ ശേഷമാണ്, അന്തിമവിജ്ഞാപനം പുറത്തിറക്കിയത്. മൈക്രോണ്‍ പരിധി ഉയര്‍ത്തുന്നതോട്കൂടി റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദനം കൂട്ടാമെന്നാണ് കണക്ക് കൂട്ടല്‍.

Related Articles
Next Story
Videos
Share it