

By Kurian Abraham
ലോകം കോവിഡ് 19ന് മുമ്പും ശേഷവും എന്ന് വേര്‍തിരിക്കപ്പെടുന്ന സ്ഥിതിയാണിപ്പോള്‍. കോറോണ ബാധയ്ക്കു മുമ്പ് നിലനിന്നിരുന്ന പല ധാരണകളും കാഴ്ചപ്പാടുകളും ഇപ്പോള്‍ വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. പുതിയ ചില ആശയങ്ങള്‍ക്കും ശൈലികള്‍ക്കും അതിശക്തമായ വേരോട്ടം ലഭിച്ചിരിക്കുന്നു. കോറോണ വൈറസ് ബാധയില്‍ നിന്നും ഉള്‍ക്കൊള്ളാനും മനസിലാക്കാനും ഏറെ കാര്യങ്ങളുണ്ട്. ഇതാ കോവിഡ് 19 നമ്മെ പഠിപ്പിക്കുന്ന ആറ് കാര്യങ്ങള്‍.
കൊറോണയുടെ സാമൂഹ്യവ്യാപനം തടയാന്‍ രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിന് സാക്ഷ്യം വഹിക്കുമ്പോള്‍ പലരും ജോലികള്‍ വീട്ടിലിരുന്ന് ചെയ്യാന്‍ നിര്‍ബന്ധിതരായി. ചെറുകിട ഇടത്തരം കമ്പനികള്‍ പോലും തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലികള്‍ ചെയ്യാനുള്ള അവസരം നല്‍കി. വര്‍ക്ക് ഫ്രം ഹോം എന്ന തൊഴില്‍ സംസ്‌കാരത്തിന് മുന്‍പെങ്ങുമില്ലാത്ത സ്വീകാര്യത ലഭിച്ചു. മറ്റൊരു വഴിയില്ലാത്തതുകൊണ്ട് കൂടി വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വന്നപ്പോള്‍ പല ജോലികളും അങ്ങനെ ചെയ്താല്‍ മതിയെന്ന് വ്യക്തമായി.
ഇത് ഭാവിയില്‍ പല ചെലവുകള്‍ കുറയാനിടയാക്കും. ഓഫീസുകളിലെ വൈദ്യുതി ചെലവുകള്‍ കുറയും. യാത്രകള്‍ കുറയും. വലിയ സ്‌പേസുകള്‍ വാടയ്ക്ക് എടുക്കേണ്ടി വരില്ല. ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കായുള്ള സമയം ലാഭിക്കാന്‍ പറ്റും.
കോവിഡ് 19 മൂലം മെട്രോ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും വിവിധ ജോലികള്‍ ചെയ്ത് ജീവിച്ചിരുന്നവരുടെ തൊഴിലുകള്‍ നഷ്ടമായേക്കും. ഈ തൊഴിലില്ലായ്മ പലരെയും ഉപജീവനമാര്‍ഗത്തിനായി കൃഷിയിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാക്കും. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകള്‍ വരെ കാര്‍ഷിക രംഗത്തെ സാധ്യതകള്‍ കണ്ട് ആ രംഗത്തേക്ക് കടക്കാനിടയുണ്ട്.
പകര്‍ച്ച വ്യാധികളും ദുരന്തങ്ങളും മൂന്നാം ലോക രാജ്യങ്ങള്‍ക്ക മാത്രമുലഌതാണെന്ന ധാരണയുണ്ടായിരുന്നു. കോവിഡ് 19 പടര്‍ന്നു പിടിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രബല ചാര സംഘടനയായ അമേരിക്കയുടെ സിഐഎ നടത്തിയ പഠനം വെളിപ്പെടുത്തിയത് വൈറസ് ബാധ ഇന്ത്യയില്‍ അതിരൂക്ഷമാകുമെന്നും ദശലക്ഷക്കണക്കിനാളുകള്‍ക്ക് രോഗം പടര്‍ന്നുപിടിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ ഇന്ന് ചൈനയേക്കാള്‍ രൂക്ഷമാണ് അമേരിക്കയിലെ സ്ഥിതി. ഇന്ത്യയിലെ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ സമയവും വിഭവവും ചെലവിട്ട അമേരിക്ക സ്വന്തം രാജ്യത്ത് കോറോണ വന്നാല്‍ എന്ത് സംഭവിക്കുമെന്ന് പഠിക്കാന്‍ ശ്രമിച്ചില്ല.
വികസിത രാജ്യങ്ങളുടെ അഹങ്കാരത്തിനുള്ള അടിയാണ് കോവിഡ് 19 നല്‍കിയിരിക്കുന്നത്. മൂന്നാം ലോക രാജ്യങ്ങള്‍ രോഗബാധയെ സാധ്യമായ വിധത്തിലെല്ലാം പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴും ജനതയെ കൂടി നിര്‍ത്തി മുന്നോട്ടുപോകുമ്പോഴും വികസിത രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെടുന്നു. ലോകത്തിലെ എല്ലാത്തിനെയും സമദര്‍ശിയാക്കുന്ന ഒന്നാണ് പ്രകൃതിയെന്ന് ഇതിലൂടെ വെളിവാക്കപ്പെടുന്നു.
ലോകത്തിലെ അത്യാഡംബര ക്രൂസ് ഷിപ്പായ ഡയമണ്ട് പ്രിന്‍സസിന്റെ കാര്യം തന്നെ നോക്കൂ. ലോകത്തിലെ അതിസമ്പന്നരും സ്വാധീനശേഷിയുള്ളവരും അവധിക്കാലം ആഘോഷിക്കുന്ന ആഡംബര നൗകയാണിത്. കോവിഡ് ബാധയെ തുടര്‍ന്ന് ഈ ക്രൂസ് ഷിപ്പിനെ അടുപ്പിക്കാന്‍ നിരവധി രാജ്യങ്ങള്‍ മടിച്ചപ്പോള്‍ ഒടുവില്‍ മൂന്നാം ലോക രാജ്യമായ കംബോഡിയയാണ് അതിന് തയ്യാറായത്. പണവും സ്വാധീനവും ബന്ധങ്ങളും ഡയമണ്ട് പ്രിന്‍സസിന്റെ അതിസമ്പന്നര്‍ക്ക് കൈത്താങ്ങായില്ല.
കോവിഡ് 19 ബാധയെ തുടര്‍ന്ന് മൂന്നാം ലോക രാജ്യങ്ങളോടുള്ള വികസിത രാജ്യങ്ങളുടെ തൊട്ടുകൂടായ്മ ഒരു പരിധി വരെ കുറഞ്ഞേക്കാം. കൂടുതല്‍ വികസിത രാജ്യങ്ങള്‍ ചൈനയെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കാനിടയുണ്ട്; അവര്‍ക്കതില്‍ പൂര്‍ണമായും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടി. കോവിഡ് നിയന്ത്രണാതീതമാകാതെ ഇന്ത്യയ്ക്ക് പിടിച്ചുനിര്‍ത്താന്‍ സാധിച്ചാല്‍ അത് രാജ്യത്തിന് വലിയ അവസരമാകും. ചൈനയില്‍ മറ്റൊരു രാജ്യത്തിലേക്ക് നോക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയുടെ സാധ്യതകള്‍ കണ്ണില്‍ പതിയും. ഉയര്‍ന്നു വരുന്ന അവസരങ്ങള്‍ ഇന്ത്യയ്ക്ക് മുതലെടുക്കാനാകും.
കോവിഡ് 19 എന്ന അതിനിര്‍ണായക ഘട്ടം രണ്ട് രാഷ്ട്രീയ, ഭരണ സാരഥികളുടെ മേധാവിത്വം ശക്തിപ്പെടുത്താന്‍ കൂടി ഉപകരിക്കും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും. ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ ഭരണാധികാരികളുടെ പോസിറ്റീവായ നിലപാടുകള്‍ ജനം ഏറെ ശ്രദ്ധിക്കാന്‍ ഈ അവസരം കാരണമായിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine