പ്രവാസി പെരുക്കത്തിനൊരു മറുപുറം: ഇന്ത്യയില്‍ വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ല

ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ, പ്രവാസി ലോകം വലുതായിക്കൊണ്ടിരിക്കുന്നു. അതു നേരു തന്നെ. പഠിക്കാനും ജീവിതം കരുപ്പിടിപ്പിക്കാനും വിദേശങ്ങളിലേക്ക് ചേക്കേറുന്ന കുട്ടികളുടെയും വിവിധ മേഖലകളിലെ യുവ വിദഗ്ധരുടെയും എണ്ണം പെരുകുകയാണ്. അതേസമയം, ഇന്ത്യയില്‍ വിവിധ തൊഴില്‍ മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍ വേണ്ടത്രയുണ്ടോ? ഇല്ലെന്നാണ് പ്രമുഖ സ്ഥാപനങ്ങള്‍ പറയുന്നത്.
നിര്‍മാണ മേഖലയിലും ഐ.ടി രംഗത്തും അതികായരാണ് ലാര്‍സന്‍ ആന്റ് ടൂബ്രോ കമ്പനി. അവിദഗ്ധ തൊഴിലാളികളെ കിട്ടാന്‍ പ്രയാസമില്ല. എന്നാല്‍ വിദഗ്ധ തൊഴിലാളികളില്ലാത്തതു മൂലം, ഏറ്റെടുത്ത കരാറുകള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ പ്രയാസം നേരിടുന്നുവെന്ന് എല്‍ ആന്‍ഡ് ടിയുടെ സാരഥികള്‍ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.
2024 മാര്‍ച്ച് 31ലെ കണക്കു പ്രകാരം എല്‍ ആന്‍ഡ്ടിയുടെ ഓര്‍ഡര്‍ ബുക്ക് 4.76 ലക്ഷം കോടി രൂപയുടേതാണ്. അതില്‍ 62 ശതമാനവും ഇന്ത്യയിലാണ്. ശരിയായ വിദഗ്ധ തൊഴിലാളികളെ കിട്ടുന്ന മുറക്കാണ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുക. സ്വന്ത നിലക്ക് തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ എല്‍.ആന്‍ഡ് ടി, സമയബന്ധിതമായി കരാര്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ക്രെഡിറ്റ് അവകാശപ്പെടാവുന്ന കമ്പനി കൂടിയാണ്.
ഏറ്റെടുത്ത കരാറുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ 30,000 വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ടെന്നാണ് എല്‍ആന്‍ഡ്ടി ചൂണ്ടിക്കാട്ടിയത്. ഐ.ടി മേഖലയിലാകട്ടെ, 20,000ഓളം എഞ്ചിനീയര്‍മാരുടെ പോരായ്മയുണ്ട്. ഫലത്തില്‍ ബ്ലൂ കോളര്‍ പണിക്ക് ആളില്ല.
തൊഴില്‍ നൈപുണ്യം പ്രശ്‌നമാണ്
കാര്‍പന്റര്‍, പെയിന്റര്‍ തുടങ്ങി നിര്‍മാണ മേഖലയിലെ വിവിധ തൊഴിലുകള്‍ക്ക് നൈപുണ്യമുള്ളവരെ കിട്ടാനില്ല. പെയിന്റടിക്കാന്‍ ആളെ കിട്ടും. പക്ഷേ, ഗുണമേന്മയോടെ, കുറ്റമറ്റ നിലയില്‍ അതു ചെയ്യാനുള്ളവരെ കിട്ടാന്‍ പ്രയാസപ്പെടുക തന്നെ വേണം.
കാലാവസ്ഥാ മാറ്റത്തിനും ഇതില്‍ ഒരു പങ്കുണ്ട്. അസാധാരണമായ മഴ, കടുത്ത വേനല്‍ എന്നിവക്കിടയില്‍ ജോലിക്കിറങ്ങാന്‍ പോകാതെ തൊഴിലാളി വീട്ടിലിരിക്കുന്നത് നിര്‍മാണ കമ്പനികളെ മാത്രമല്ല, കൃഷിപ്പണിയെ വരെ ബാധിച്ചിരിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് പണി നടക്കാത്തതു മൂലം ഏറ്റെടുത്ത കരാര്‍ പൂര്‍ത്തിയാക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടുന്ന സ്ഥാപനങ്ങളുമുണ്ട്.
ഇന്ത്യയില്‍ നിന്ന് പുറത്തു പോയി ജോലി ചെയ്യുന്നവരുടെ ഏകദേശ ചിത്രം ഇക്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടാം. യു.എ.ഇയില്‍ കഴിയുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 34 ലക്ഷത്തില്‍പരമാണ്. സൗദി അറേബ്യയില്‍ 26 ലക്ഷം, കുവൈത്തില്‍ 10 ലക്ഷം, ഖത്തറില്‍ ഏഴര ലക്ഷം, ഒമാനില്‍ ഏഴു ലക്ഷം എന്നിങ്ങനെയാണ് ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ പ്രവാസികള്‍. ഇവരില്‍ അവിദഗ്ധ തൊഴിലാളികളുമുണ്ടെങ്കിലും വിദഗ്ധ തൊഴിലാളികള്‍ ഒട്ടും കുറവല്ല.
Related Articles
Next Story
Videos
Share it