ചെറുകിട വ്യാപാരി, വ്യവസായികള്‍ വന്‍ പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെങ്കില്‍ വന്‍ ദുരന്തം

2022-23 മുതല്‍ സെപ്റ്റംബര്‍ 2024 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് മൂന്ന് ലക്ഷം ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചതായാണ് വ്യവസായ വകുപ്പിന്റെ കണക്കില്‍ പറയുന്നത്. ഇതിലൂടെ 19,876 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തുണ്ടായത്. ഏതാണ്ട് ആറര ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവഴി തൊഴിലും ലഭിച്ചു. അതേസമയം, വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പല ചെറുകിട, ഇടത്തരം സംരംഭകരും ഉല്‍പ്പാദനം വെട്ടിക്കുറച്ചും ജീവനക്കാരെ കുറച്ചും പിടിച്ചുനില്‍ക്കാനുള്ള പരിശ്രമത്തിലാണ്.

പതിനായിരക്കണക്കിന് വ്യാപാരികളാണ് കച്ചവടം മതിയാക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം സംരംഭം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാനത്ത് ലഘൂകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ വ്യവസായവും വ്യാപാരവും നടത്തുന്നവരുടെ സ്ഥിതി ദിനംപ്രതി മോശമായി വരികയാണ്. ''വിപണിയില്‍ പണമില്ല, പിന്നെങ്ങനെ കച്ചവടം നടക്കും,'' സംസ്ഥാനത്തെ ചെറുകിട, ഇടത്തരം ബിസിനസുകാരില്‍ നിന്നും ഏകസ്വരത്തില്‍ കേള്‍ക്കാം ഈ ശബ്ദം.

ധനപ്രതിസന്ധിയില്‍ വലയുന്ന വികസനം

സംസ്ഥാന വരുമാനത്തിന്റെ 71 ശതമാനം ശമ്പളവും പെന്‍ഷനും പലിശ നല്‍കാനുമാണ് വിനിയോഗിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടമെടുത്ത് മുന്നോട്ടുപോകുന്ന കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദന (Grossts ate domtseic product GSDP) ത്തില്‍ അതിവേഗ വളര്‍ച്ചയുമില്ല. ധനപ്രതിസന്ധിയില്‍ വലയുന്ന സര്‍ക്കാരിന് അടിസ്ഥാന സൗകര്യവികസന രംഗത്ത് വലിയ തോതില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നില്ല. സ്ഥലക്കച്ചവടം, കെട്ടിട നിര്‍മാണ മേഖല എന്നീ രംഗങ്ങളിലെ മുരടിപ്പ് വിപണിയിലേക്കുള്ള പണം വരവിനെ ഗണ്യമായ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലായിരുന്ന പ്രവാസി പണം വരവ് വലിയ തോതില്‍ കുറഞ്ഞതോടെ സ്ഥിതി ഏറെ ഗുരുതരമായി. പ്രവാസികള്‍ എടുക്കുന്ന വായ്പകളുടെ വരെ തിരിച്ചടവ് അവതാളത്തിലാണെന്ന് ബാങ്കിംഗ്, ധനകാര്യ സേവന രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. മിഡില്‍ ഈസ്റ്റിലെ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ ഗള്‍ഫ് പ്രവാസി മലയാളികളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ മലയാളിയുടെ കുടിയേറ്റത്തില്‍ വന്ന മാറ്റവും സംസ്ഥാനത്തിലേക്കുള്ള പണം വരവിനെ സ്വാധീനിക്കുന്നുണ്ട്.

മുന്‍കാലങ്ങളില്‍ മലയാളികള്‍ തൊഴിലിനായാണ് വിദേശത്തേക്ക് കുടിയേറിയിരുന്നതെങ്കില്‍ ഇന്ന് വിദ്യാഭ്യാസത്തിനും അവിടെ സ്ഥിരതാമസ സാധ്യതകളും തേടിയാണ് പോകുന്നത്. കേരള മൈഗ്രേഷന്‍ സര്‍വെ 2023 കണക്ക് പ്രകാരം ഈ വര്‍ഷം രണ്ടര ലക്ഷം കുട്ടികള്‍ വിദേശത്തേക്ക് പഠനത്തിനായി നാട് വിട്ടിട്ടുണ്ട്. വിവിധ വിദേശ രാജ്യങ്ങളിലെ പഠനത്തിനായി കേരളത്തിലുള്ള മാതാപിതാക്കള്‍ ചെലവിടുന്നത് ഏകദേശം 50,000 കോടി രൂപയാണ്.

കേരളത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന പണം ഇത് മാത്രമല്ല. 35 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. കേരളത്തിലെ വിപണികളില്‍ തന്നെ ക്രയവിക്രയം ചെയ്യപ്പെടേണ്ട പണമാണ് ഇവര്‍ക്ക് കൂലിയായി നല്‍കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ നാമമാത്രമായ തുകയാണ് ഇവിടെ വിനിയോഗിക്കുന്നത്. ബാക്കി മുഴുവന്‍ അവര്‍ സ്വന്തം വീടുകളിലേക്കാണ് അയച്ചുകൊടുക്കുന്നത്. ഈയിനത്തില്‍ പ്രതിവര്‍ഷം 40,000 കോടി രൂപ കേരളത്തിന് പുറത്തേക്ക് പോകുന്നുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണവും കൂടുകയാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 17 ശതമാനം 60 വയസിന് മുകളിലുള്ളവരാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ നല്‍കുന്നസൂചന. സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിരമിച്ച് വലിയ തുക പെന്‍ഷന്‍ ഇനത്തില്‍ പ്രതിമാസം വാങ്ങുന്ന മുതിര്‍ന്ന പൗരന്മാര്‍ മരുന്നിനും അത്യാവശ്യ കാര്യങ്ങള്‍ക്കും മാത്രമാണ് പണം ചെലവിടുന്നത്. ആ ഘടകങ്ങളെല്ലാം ചേര്‍ന്നതോടെയാണ് കേരളത്തിലെ വിപണിയിലേക്കുള്ള പണമൊഴുക്ക് ഗണ്യമായ തോതില്‍ കുറഞ്ഞിരിക്കുന്നത്. ചെറുകിട വ്യവസായ-വാണിജ്യ മേഖല തളരാനുള്ള ഒരു പ്രധാനകാരണവും ഇതാണ്.

ചട്ടങ്ങള്‍ കര്‍ശനം, മനോഭാവവും മാറുന്നില്ല

'ഇഎസ്ഐ, ഇപിഎഫ് എന്നിവയില്ലാതെ കേരളത്തില്‍ വ്യവസായം നടത്താന്‍ പറ്റില്ല. മിനിമം കൂലി നല്‍കിയില്ലെങ്കില്‍ വലിയ തുക പിഴയും തടവ് ശിക്ഷയും എന്ന നയം വന്ന നാടാണിത്. ഇപ്പോള്‍ അത് സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര കര്‍ശനമായ ചട്ടങ്ങള്‍ നിലവിലുള്ള നാട്ടില്‍ നിക്ഷേപം നടത്തണമോയെന്ന് വ്യവസായികള്‍ പലവട്ടം ചിന്തിക്കും. അനുകൂല നയങ്ങളുള്ള നാട്ടിലേക്ക് പോവുകയും ചെയ്യും,' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യവസായി പറയുന്നു.

പല സംസ്ഥാനങ്ങളും തൊഴിലുടമ അടയ്ക്കുന്ന ഇപിഎഫ്, ഇഎസ്ഐ വിഹിതം നിശ്ചിത കാലത്തേക്ക് റീഫണ്ട് ചെയ്യുന്നുണ്ടെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വ്യവസായങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാണ്. വ്യവസായത്തിന് അനുയോജ്യമായ ഭൂമി ഇതര സംസ്ഥാനങ്ങളില്‍ യഥേഷ്ടം ലഭിക്കുമ്പോള്‍ കേരളത്തില്‍ വ്യവസായ എസ്റ്റേറ്റുകളിലെ ലീസ് പ്രീമിയം താങ്ങാവുന്ന നിരക്കിലേക്കാള്‍ കൂടുതലാണെന്ന് പരാതിയും സംരംഭകര്‍ പങ്കുവെയ്ക്കുന്നു.

ഏറ്റവും കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍, ഉയര്‍ന്ന കൂലി, ഉയര്‍ന്ന വൈദ്യുതി നിരക്ക്, സ്ഥലദൗര്‍ലഭ്യം, സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലുള്ള വ്യവസായ പാര്‍ക്കുകളില്‍ വരെയുള്ള ഉയര്‍ന്ന ലീസ് പ്രീമിയം എന്നിങ്ങനെ സംരംഭകരെ വലയ്ക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. സര്‍ക്കാര്‍ ചട്ടങ്ങളും കോടതി വിധികളും എല്ലാം ഉണ്ടായിട്ടു പോലും നോക്കുകൂലി ഇപ്പോഴും ഇവിടെയുണ്ട്.

''ഞങ്ങള്‍ ഇപ്പോഴും ഒരു പ്രോജക്റ്റിന്റെ ചെലവ് കണക്കാക്കുമ്പോള്‍ അതില്‍ നോക്കുകൂലി ഉള്‍പ്പെടുത്താറുണ്ട്. അത് നല്‍കിയാല്‍ പ്രശ്നമില്ലാതെ സമയബന്ധിതമായി പദ്ധതി മുന്നോട്ട് പോകും,'' തൃശൂരിലെ ഒരു വ്യവസായി തുറന്നുപറയുന്നു. തിരുവനന്തപുരത്ത് ഭരണസിരാ കേന്ദ്രത്തിന് തൊട്ടരികില്‍ നോക്കുകൂലി പ്രശ്നം വന്നപ്പോള്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് തന്നെ നേരിട്ട് ഇടപെടേണ്ടി വന്നതായി അടുത്തിടെ പത്രവാര്‍ത്തകള്‍ വന്നിരുന്നു. ആശാരിപ്പണിക്ക് വന്ന ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് വീട്ടുടമസ്ഥന്‍ സിമന്റ്, ഇഷ്ടിക ഇറക്കുന്നത് ചുമട്ടുതൊഴിലാളികള്‍ തടഞ്ഞ സംഭവം നടന്നത് തൃശൂരാണ്.

വേണം പുതിയൊരു കേരള മോഡല്‍

വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സാമൂഹിക സൂചകങ്ങള്‍ കൊണ്ട് അത്ഭുത മാതൃക സൃഷ്ടിച്ച ചരിത്രമാണ് കേരളത്തിന്റേത്. കാലം മാറി, വ്യവസായ-വാണിജ്യ മേഖലകളും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നിവയെല്ലാം എല്ലാ രംഗത്തും വലിയ തോതില്‍ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസവും നൈപുണ്യവുമുള്ള യുവതലമുറയെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്ത് നേടിയ അനുഭവസമ്പത്തുള്ള പ്രവാസി മലയാളികയെയും കരുത്താക്കി, അനുയോജ്യമായ മേഖലകള്‍ തിരഞ്ഞെടുത്ത് നോളജ് ഇക്കോണമിയായി സംസ്ഥാനത്തെ വളര്‍ത്താനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

അങ്ങേയറ്റം മത്സരാധിഷ്ഠിതമായ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ബിസിനസുകളെ സഹായിക്കുന്ന നയങ്ങളും നിലപാടുകളുമാണ് വേണ്ടത്. തൊഴില്‍ നിയമത്തില്‍ മുതല്‍ പുതുസംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ക്കുമുള്ള ഇളവുകളില്‍ വരെ പൊളിച്ചെഴുത്ത് അനിവാര്യമാണ്. സര്‍ക്കാര്‍ എത്രമാത്രം ആര്‍ജവം ഇക്കാര്യത്തില്‍ എടുക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയും.

----------------------------

സൂക്ഷ്മ, ചെറുകിടക്കാര്‍ക്ക് 'നികുതി ഇരുട്ടടി'

1. 2024 ഏപ്രില്‍ ഒന്നുമുതല്‍ എംഎസ്എംഇ രജിസ്ട്രേഷനുള്ളവര്‍ക്കുള്ള പേയ്മെന്റുകള്‍ എംഎസ്എംഇ നിയമത്തില്‍ പറയുന്നതു പോലെ (പേയ്മെന്റ് ടേംസിനു പ്രത്യേകം കരാര്‍ ഉണ്ടെങ്കില്‍ 45 ദിവസത്തിനകം അല്ലെങ്കില്‍ 15 ദിവസത്തിനകം) കൊടുത്ത് തീര്‍ത്തില്ലെങ്കില്‍ ആ തുക വര്‍ഷാവസാനം നികുതി കണക്കാക്കുന്നതിനായി ലാഭ, നഷ്ടക്കണക്ക് തയാറാക്കുമ്പോള്‍ ചെലവായി കണക്കാക്കാന്‍ പറ്റില്ല. പിന്നീട് അത് കൊടുക്കുന്ന വര്‍ഷം മാത്രമേ ആ തുക ചെലവായി കണക്കാക്കാന്‍ പറ്റൂ. മുകളില്‍ പറഞ്ഞ ദിവസത്തിനുള്ളില്‍ തുക കൊടുത്ത് തീര്‍ത്തില്ലെങ്കില്‍ നിലവിലുള്ള ബാങ്ക് പലിശയുടെ മൂന്ന് മടങ്ങ് പിഴയായി കൊടുക്കണം. അങ്ങനെ കൊടുക്കുന്ന തുക ഒരിക്കലും നികുതി കണക്കാക്കുമ്പോള്‍ ചെലവായി കൂട്ടില്ല.

ചെറുകിട സംരംഭകരുടെ സഹായത്തിനായി കൊണ്ടുവന്ന നിയമമാണെങ്കിലും പല സന്ദര്‍ഭങ്ങളിലും എംഎസ്എംഇ രജിസ്ട്രേഷനുള്ളവരെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണിപ്പോള്‍ ഈ നിയമം കൊണ്ടുള്ളത്. ഉദാഹരണത്തിന് പല ചെറുകിട വ്യവസായികളും തുടക്കത്തില്‍ നിലനില്‍പ്പിന് വേണ്ടി കൂടുതല്‍ ക്രെഡിറ്റ് പിരീഡ് കൊടുത്താണ് കച്ചവടം നടത്തുന്നത്. ഈ നിയമപ്രകാരം അത്തരത്തില്‍ ക്രെഡിറ്റ് പിരീഡ് നല്‍കി കച്ചവടം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. ഏതെങ്കിലും കാരണവശാല്‍ ബില്‍ തുക നിയമത്തില്‍ പറയുന്ന പ്രകാരം കൊടുത്ത് തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴ കൊടുക്കേണ്ടിവരും.

''ചെറുകിട, ഇടത്തരം വ്യവസായങ്ങളെ രക്ഷിക്കാന്‍ കൊണ്ടുവന്ന നയം ഫലത്തില്‍ എന്താകുമെന്ന് അറിയില്ല. ചെറുകിട ഉപേക്ഷിച്ച്, വന്‍കിടക്കാരിലേക്ക് വാങ്ങലുകാര്‍ മാറിയാല്‍ ഇരുട്ടടിയാകും,'' കെഎസ്എസ്ഐഎ തൃശൂര്‍ ജില്ലാ പ്രസിഡന്റും ഓഷ്യന്‍ പോളിമര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഫിലിപ് എ മുളക്കല്‍ പറയുന്നു.

2. കെട്ടിട ഉടമയ്ക്ക് ജിഎസ്ടി രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍, ഒക്ടോബര്‍ മാസം മുതല്‍ വ്യാപാരി കൊടുക്കുന്ന വാടകയുടെ 18 ശതമാനം ജിഎസ്ടി കണക്കാക്കി റിട്ടേണിന്റെ കൂടെ അടയ്ക്കണം എന്ന പുതിയ നികുതി ഭേദഗതി നിലവില്‍ വന്നിട്ടുണ്ട്. കോമ്പൗണ്ടിംഗ് സ്‌കീമിലാണ് വ്യാപാരി രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളതെങ്കില്‍ ആ തുക അവരുടെ കയ്യില്‍ നിന്നും പോകും. അല്ലാത്തവര്‍ക്ക് ആ തുക ഇന്‍പുട്ട് ക്രെഡിറ്റ് ആയി ഉപയോഗിക്കാം.

ഈ നികുതി അടയ്ക്കേണ്ടത് റിവേഴ്സ് ചാര്‍ജ് മെക്കാനിസം (RCM) രീതിയിലായത് കൊണ്ട് ആദ്യം ഈ തുക പണമായി അടയ്ക്കേണ്ടതുണ്ട്. അടച്ച ശേഷം ഈ തുക ഇന്‍പുട്ട് ക്രെഡിറ്റ് ആയി ഉപയോഗിക്കാം. അതായത് നിലവിലുള്ള ഇന്‍പുട്ട് ക്രെഡിറ്റ് ഉപയോഗിച്ച് ഈ തുകയെ സെറ്റ്-ഓഫ് ചെയ്യാന്‍ പറ്റില്ല.
പ്രധാനപ്പെട്ട മറ്റൊരു കാര്യം പലരും വാടകക്കരാറില്ലാതെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടെയോ വസ്തുവില്‍ ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തിട്ടുണ്ടാവും.

അത്തരത്തില്‍ രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളവര്‍ ആ വസ്തുവിന്റെ വാടക കണക്കാക്കി അതിന് ജിഎസ്ടി അടയ്‌ക്കേണ്ടതായി വരും. ഇത്തരത്തില്‍ റിവേഴ്സ് ചാര്‍ജ് വഴി നികുതി അടയ്‌ക്കേണ്ടി വരുമ്പോള്‍ അധിക ബാധ്യത വരുന്നത് കോമ്പൗണ്ടിംഗ് രീതിയില്‍ രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളവര്‍ക്കായിരിക്കും. മറ്റുള്ളവര്‍ക്ക് ഈ തുക ഇന്‍പുട്ട് ക്രെഡിറ്റ് ആയി തിരിച്ച് കിട്ടുമ്പോള്‍ കോമ്പൗണ്ടിംഗ് സ്‌കീമിലെ വ്യാപാരികള്‍ക്ക് നഷ്ടം വരുന്ന സ്ഥിതിയായിരിക്കും.

------------------

സര്‍ക്കാര്‍ എന്ത് ചെയ്യണം?

ചെറുകിട, ഇടത്തരം സംരംഭകരെ സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി മാറ്റാന്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്യണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ പറയുന്നു

കേരളം സാമ്പത്തികമായി പുരോഗമിക്കാന്‍ ഇവിടെ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ അനിവാര്യമാണെന്ന തിരിച്ചറിവില്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന ഭരണാധികാരിയാണ് വ്യവസായ മന്ത്രി പി. രാജീവ്. അതിന്റെ ഭാഗമായി ഒട്ടനവധി കാര്യങ്ങള്‍ ഇവിടെ നടപ്പാക്കുകയും ലക്ഷക്കണക്കിന് പുതുസംരംഭങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ടുമുണ്ട്. പക്ഷേ ഇപ്പോഴും താഴേത്തട്ടിലെ ഉദ്യോഗസ്ഥരുടെയും ട്രേഡ് യൂണിയനുകളുടെയും മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്നതാണ് വാസ്തവം.

ഞാന്‍ അടുത്തിടെ ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ 40 അടിയുടെ ഒരു കണ്ടെയ്നര്‍ 25 മിനിട്ടുകൊണ്ട് രണ്ട് ജീവനക്കാര്‍ ലോഡ് ചെയ്യും. അത് ശരാശരി 1,600 ഡോളറിന് കൊച്ചി തുറമുഖത്ത് എത്തിക്കാം. പക്ഷേ കൊച്ചി തുറമുഖത്ത് നിന്ന് വെറും 25 കിലോമീറ്ററിനുള്ളിലുള്ള ഒരു സ്ഥലത്തേക്ക് ഇതേ കണ്ടെയ്നര്‍ കൊണ്ടുവരാന്‍ ഒന്നേകാല്‍ ലക്ഷം രൂപ വേണം. കാലഘട്ടം മാറി. സാധ്യമായ എല്ലായിടത്തും യന്ത്രവല്‍ക്കരണം കൊണ്ടുവന്നു കഴിഞ്ഞു.

മത്സരാധിഷ്ഠിതമായ ലോകത്ത് ബിസിനസുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യം കേരളത്തിലും ഉണ്ടാവണം. കാലഘട്ടത്തിന് അനുസൃതമായി ചില കാര്യങ്ങള്‍ വരുമ്പോള്‍ ചില തൊഴിലുകള്‍ ഇല്ലാതാകും. മറ്റ് ചിലത് ഉയര്‍ന്നുവരും. ഇത് ലോകത്തെല്ലായിടത്തും നടക്കുന്ന കാര്യമാണ്. ട്രേഡ് യൂണിയനുകള്‍ പുതിയ കാലത്ത് തിരിച്ചറിയേണ്ട വസ്തുത ഇതാണ്.

♦ 50 കോടിയില്‍ താഴെ നിക്ഷേപം വരുന്ന റെഡ് കാറ്റഗറി ഒഴികെയുള്ള വ്യവസായ യൂണിറ്റുകള്‍ക്ക് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് അനുമതി പത്രം ലഭിക്കാന്‍ മാസങ്ങളുടെ കാലതാമസമുണ്ട്. കെ- സ്വിഫ്റ്റ് അക്നോളജ്മെന്റ് വഴി മറ്റെല്ലാ കാര്യങ്ങളും ശരിയായാലും ഇതില്ലാതെ വ്യവസായം തുടങ്ങാന്‍ പറ്റില്ല. മഹാരാഷ്ട്രയിലൊക്കെ വ്യവസായങ്ങള്‍ക്ക് വ്യവസായ വികസന അതോറിറ്റി തന്നെയാണ് എല്ലാ അനുമതികളും നല്‍കുന്നത്. വ്യവസായങ്ങള്‍ വരണമെന്ന് അതിയായി ആഗ്രഹിക്കുന്നത് എന്നും വ്യവസായ വകുപ്പ് തന്നെയാകും. കേരളത്തിലും വ്യവസായികളുടെ 'സിംഗില്‍ ടച്ച് പോയിന്റായി' വ്യവസായ വകുപ്പ് മാറണം. മറ്റ് വകുപ്പുകളുടെ അനുമതികള്‍ വ്യവസായ വകുപ്പ് വഴി ലഭിക്കുന്ന സംവിധാനം വന്നാല്‍ കാര്യങ്ങള്‍ ഏറെ മാറും.

♦ കേരളത്തില്‍ ഭൂമി കുറവാണ്. നിലവിലുള്ള സ്ഥലത്ത് ബഹുനില മന്ദിരങ്ങള്‍ പണിതാല്‍ മാത്രമേ വ്യവസായ യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. കേരളത്തില്‍ പിന്തുടരുന്ന ദേശീയ ബില്‍ഡിംഗ് കോഡ് പ്രകാരം പത്ത് മീറ്റര്‍ സെറ്റ്ബാക്കും തൊട്ടടുത്ത വീടുകളില്‍ നിന്ന് 25 മീറ്റര്‍ ദൂരപരിധിയും എല്ലാം അനുസരിച്ച് ബഹുനില കെട്ടിടങ്ങള്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി നിര്‍മിക്കാന്‍ സാധിക്കുന്നില്ല. കേരളത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന ബില്‍ഡിംഗ് കോഡ് കൊണ്ടുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യവസായികള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകുകയുള്ളൂ.
♦ 150 കിലോവാട്ട് വരെയുള്ള വ്യവസായങ്ങളെ എല്‍ടി4 താരിഫ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് സപ്ലൈ കോഡ് പുതുക്കി വന്നാല്‍ ഈ ആനുകൂല്യം ഇല്ലാതെയായി. ഇപ്പോള്‍ ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഒരു വ്യവസായ യൂണിറ്റ് തുടങ്ങുന്ന വ്യക്തിക്ക് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ തന്നെ 6-7 ലക്ഷം ചെലവാകും.

പുതിയ സംരംഭകന്റെ വര്‍ക്കിംഗ് ക്യാപ്പിറ്റലില്‍ നിന്ന് അധികമായി ചെലവിട്ട് പോകുന്ന തുകയാണിതെന്നോര്‍ക്കണം. അയല്‍ സംസ്ഥാനങ്ങള്‍ വൈദ്യുതിക്കും മറ്റും ഇളവുകള്‍ നല്‍കി സംരംഭകരെ ആകര്‍ഷിക്കുമ്പോള്‍, കേരളത്തില്‍ ഇതുപോലെ അധിക നിക്ഷേപം വേണ്ടിവരുന്നത് പുതിയ സംരംഭകരെ പിന്തിരിപ്പിക്കുക തന്നെ ചെയ്യും.

♦ സിഡ്കോയുടെ കീഴിലുള്ള പല എസ്റ്റേറ്റുകള്‍ക്കും ഇപ്പോഴും റവന്യൂ വകുപ്പില്‍ നിന്ന് പട്ടയം ലഭിച്ചിട്ടില്ല. അതുകൊണ്ട് അവിടെ വ്യവസായം നടത്തുന്ന വ്യവസായിക്കും പട്ടയമില്ല. ദശാബ്ദങ്ങളായുള്ള സ്ഥിതിയാണിത്. ഇനിയെങ്കിലും ഈ അവസ്ഥ മാറണം.
--------------------------------

കേരളത്തില്‍ 35 ലക്ഷത്തോളമുള്ള ഇതര സംസ്ഥാനക്കാര്‍ക്ക് ഇവിടെ നിന്ന് കിട്ടുന്ന കൂലി മുഴുവന്‍ അവരുടെ നാട്ടിലേക്കാണ് അയക്കുന്നത്. ഇവിടെ ചെലവിടുന്നില്ല. വന്‍കിട മാളുകളില്‍ നിന്നും ഓണ്‍ലൈന്‍ വഴിയുമാണ് മലയാളികള്‍ സാധനങ്ങള്‍ വാങ്ങുന്നത്. വിപണിയിലേക്ക് പണം വരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ നടുവില്‍ നില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് ഇരുട്ടടിയാണ് കെട്ടിട വാടകയ്ക്കുള്ള ജിഎസ്ടി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് ഞങ്ങള്‍ തുടക്കം കുറിക്കുകയാണ്.

രാജു അപ്‌സര പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി


മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി. രാജീവും ഇവിടെ വ്യവസായ വികസനം സാധ്യമാക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിക്കുന്നവരാണ്. സാധ്യമാകുന്ന കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. പക്ഷേ ബ്യൂറോക്രസിയും ഇവിടെ അടിയുറച്ചുപോയ പല സിദ്ധാന്തങ്ങളും വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. തൊഴിലുകള്‍ മാറുകയാണ്. തൊഴില്‍ നിയമങ്ങളും മാറണം. തൊഴിലാളികളെ സംരക്ഷിക്കുമ്പോള്‍ തന്നെ തൊഴിലുടമയെയും സംരക്ഷിക്കണ്ടേ? മനോഭാവങ്ങളില്‍, കാഴ്ചപ്പാടുകളില്‍, നയങ്ങളില്‍ ഏറെ മാറ്റം വരണം. അതിന് കുറഞ്ഞത് പത്തു വര്‍ഷമെങ്കിലും എടുക്കും.

കെ.ജെ സ്‌കറിയ ജനറല്‍ സെക്രട്ടറി, കേരള സ്മോള്‍ സ്‌കെയ്ല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്സ് ഫെഡറേഷന്‍

-----
സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി നടപ്പില്‍ വരുത്തുന്ന ചില കാര്യങ്ങള്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നുണ്ടോ എന്നത് സംശയമാണ്. ലോക്ക്ഡൗണ്‍ സമയത്ത് അനുവദിക്കപ്പെട്ടിരുന്ന ലോണുകളുടെ തിരിച്ചടവ് കാലാവധി തുടങ്ങിയതിനാല്‍ മാര്‍ക്കറ്റില്‍ പ്രതീക്ഷിച്ചതിലേറെ മാന്ദ്യവും ചെറുകിട, ഇടത്തരം യൂണിറ്റുകള്‍ സാമ്പത്തിക ബുദ്ധിമുട്ടിലാവുന്നതും കാണുന്നു. തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ബാങ്കുകളും ആര്‍ബിഐ അടക്കമുള്ള സംവിധാനങ്ങളും തയാറാവുകയാണെങ്കില്‍ അത് ചെറുകിട വ്യവസായ മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാവും.

കെ.വി അന്‍വര്‍ എംഡി, മോഡേണ്‍ ഡിസ്ട്രോപോളിസ് ലിമിറ്റഡ്


-----

സംസ്ഥാനത്ത് ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ വളരണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സമീപനത്തില്‍ ഇനിയും മാറ്റം വരേണ്ടതുണ്ട്. കേരളത്തിലെ വിപണിയില്‍ ക്യാഷ് ഫ്ളോ വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ കൈവശം പണമില്ലാത്തതിനാല്‍ വന്‍കിട നിക്ഷേപങ്ങള്‍ നടത്താന്‍ പറ്റുന്നില്ല. സ്വകാര്യ നിക്ഷേപവും കാര്യമായില്ല. ഇത് എംഎസ്എംഇകളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്.

ഫിലിപ് എ മുളക്കല്‍ പ്രസിഡന്റ്, കെഎസ്എസ്ഐഎ തൃശൂര്‍ ഘടകം

----

ദിനംപ്രതി ചെറുകിട, ഇടത്തരം വ്യവസായികളുടെ പ്രശ്നങ്ങള്‍ കൂടി വരികയാണ്. എന്റെ യൂണിറ്റ് സിഡ്കോയുടെ കീഴിലുള്ള ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ്. ഇവിടെ ഒട്ടുമുക്കാലും യൂണിറ്റുകളും ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ജീവനക്കാരെയും കുറച്ചു. സര്‍ക്കാരിന്റെ ധനപ്രതിസന്ധി വ്യവസായ എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിക്കുന്നുണ്ട്. 50 വര്‍ഷമായി സിഡ്കോ എസ്റ്റേറ്റിലുള്ള യൂണിറ്റാണ് എന്റേത്. ഇതുവരെ പോക്കുവരവ് നടത്തിക്കിട്ടിയിട്ടില്ല.

സിജോ പി ജോയ്, മോളി എന്റര്‍പ്രൈസസ്
Related Articles
Next Story
Videos
Share it