വൈദ്യുതി സ്മാര്‍ട്ട് മീറ്ററിനോട് മുഖം തിരിച്ച് കേരളം; നഷ്ടമാകുന്നത് 10,000 കോടി കേന്ദ്ര വായ്പയും ഗ്രാന്റും

ടോടെക്സ് മോഡില്‍ സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്ററുകള്‍ സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) മാനേജ്‌മെന്റ് സ്വീകരിച്ച നടപ്പാക്കല്‍ മാതൃക സംസ്ഥാനത്തിനും വൈദ്യുതി ഉപയോക്താക്കള്‍ക്കും പ്രതികൂലമായ ആഘാതങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി മേഖലയിലെ യൂണിയനുകള്‍ ശക്തമായി തീരുമാനത്തെ എതിര്‍ത്തു. പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇതോടെ 10,475 കോടി രൂപയുടെ കേന്ദ്രപദ്ധതിയാണ് സംസ്ഥാനത്തിന് നഷ്ടമാവുന്നത്.

താങ്ങാനാവാത്ത ഭാരം അടിച്ചേല്‍പ്പിക്കും

പദ്ധതി പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും താങ്ങാനാവാത്ത ഭാരം അടിച്ചേല്‍പ്പിക്കുമെന്ന് പറഞ്ഞ് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ രാജ്യവ്യാപകമായി സ്മാര്‍ട്ട മീറ്റര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. മാത്രമല്ല കേരളത്തില്‍ ഒന്നാം ഘട്ടം നടപ്പിലാക്കുന്നതിനായി മീറ്ററുകള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ നടത്തിയപ്പോള്‍ കമ്പനികള്‍ കെ.എസ്.ഇ.ബി പ്രതീക്ഷിച്ചതിലും കൂടുതല്‍ വില പറഞ്ഞിരുന്നു. വിഷയത്തില്‍ ഉപദേശം തേടി കെ.എസ്.ഇ.ബി സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതുവരെ ഇതില്‍ തീരുമാനമായിട്ടില്ല.

സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കും

കേന്ദ്രസഹായത്തോടെയുള്ള നവീകരിച്ച വിതരണ മേഖലാ പദ്ധതിയ്ക്ക് (Revamped Distribution Sector Scheme) കീഴിലുള്ള ഒരു ഘടകമാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കൽ. 37 ലക്ഷം മീറ്ററുകള്‍ ഒന്നാം ഘട്ടത്തില്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കെ.എസ്.ഇ.ബി അന്തിമ രൂപം നല്‍കിയിരുന്നു. എന്നാല്‍, ടോടെക്സ് മാതൃക വൈദ്യുതി വിതരണത്തില്‍ സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കുമെന്ന് ആരോപിച്ച് കെ.എസ്.ഇ.ബിയിലെ ചില ജീവനക്കാരുടെ സംഘടനകള്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തു. പകരം പൊതുമേഖലാ കമ്പനികളുടെ പിന്തുണയോടെ കെ.എസ്.ഇ.ബി പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശിച്ചു.

2022ല്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം നവീകരിച്ച വിതരണ മേഖലാ പദ്ധതി ഘട്ടം I-ന് കീഴില്‍ കെ.എസ്.ഇ.ബി സമര്‍പ്പിച്ച 10,475.03 കോടി രൂപയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. കെ.എസ്.ഇ.ബി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനായി 8,175.05 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിനും നഷ്ടം കുറയ്ക്കുന്നതിനുമായി 2,235.78 കോടി രൂപയും നീക്കിവച്ചിരുന്നു. അതേസമയം സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജന്‍ ഖോബ്രഗഡെ പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it