

സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
ടോട്ടെക്‌സ് മാതൃക ഇല്ല
ടോട്ടെക്‌സ് മാതൃക ഒഴിവാക്കും. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും 93 മാസത്തേക്കുള്ള പ്രവര്‍ത്തന ചെലവും ഉള്‍പ്പെടുന്നതാണ് ടോട്ടെക്‌സ് മാതൃക. ഇതിനായി ചെലവഴിക്കുന്ന തുക 93 പ്രതിമാസ തവണകളായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത കാലയളവില്‍ പരിപാലനവും പ്രവര്‍ത്തനവും ഏജന്‍സിയെ ഏല്‍പ്പിക്കുന്ന ഈ മാതൃക നടപ്പാക്കുന്നതിതോട് സംസ്ഥാനത്തെ തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ വിയോജിച്ചിരുന്നു.
പുതിയ സംവിധാനം ഇങ്ങനെ
പുതിയ സംവിധാനത്തില്‍ ബില്ലിംഗ്, അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള സോഫ്റ്റ് വെയര്‍ കെ.എസ്.ഇ.ബി തന്നെ രുപപ്പെടുത്തും. കെ-ഫോണ്‍ വന്നതോടെ കെ.എസ്.ഇ.ബി.ക്ക് സൗജന്യമായി നല്‍കിയ ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍ ഉപയോഗിച്ച് വിവരവിനിമയം നടത്തും. കെ.എസ്.ഇ.ബി ഡേറ്റ സെന്റര്‍ ഉപയോഗിച്ച് ഡേറ്റ സ്റ്റോറേജും നടത്താവുന്നതാണ്.
പഴയ മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന ജോലി കെ.എസ്.ഇ.ബി ജീവനക്കാര്‍ തന്നെ നടത്തും. കെ.എസ്.ഇ.ബിയുടെ നിലവിലുള്ള എല്ലാ ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കില്ല. ആദ്യഘട്ടം എന്ന നിലയില്‍ വ്യവസായ-വാണിജ്യ ഉപയോക്താക്കള്‍ക്കാണ് സംവിധാനം ഏര്‍പ്പെടുത്തുക. മൂന്ന് ലക്ഷത്തില്‍ താഴെ പേരെയാണ് ഈ സംവിധാനത്തിന്റെ ഭാഗമാക്കുക. യോഗത്തില്‍ ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine