

2026ല്‍ നിങ്ങള്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടോ? എങ്കില്‍ പണം കുറച്ചുകൂടി കരുതിക്കോളൂ. അടുത്ത വര്‍ഷം മൊബൈല്‍ ഫോണുകള്‍ക്ക് 15 ശതമാനം വരെ വില കൂടുമെന്നാണ് വിപണി നല്കുന്ന സൂചന. മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചിപ്പുകള്‍ക്കും മറ്റ് അസംസ്‌കൃത വസ്തുക്കള്‍ക്കും ചെലവേറിയതായതാണ് വിലകൂടാനുള്ള പ്രധാന കാരണം.
നിര്‍മാണ ചെലവില്‍ 8 മുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് വിവരം. ഒട്ടുമിക്ക മൊബൈല്‍ കമ്പനികളും വിപണി മത്സരത്തില്‍ പിന്നില്‍ പോകാതിരിക്കാനാണ് വില വര്‍ധിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞ് നില്‍ക്കുന്നത്.
സ്മാര്‍ട്ട്ഫോണിന്റെ ഉള്ളിലെ പ്രധാന ഘടകങ്ങളായ പ്രോസസര്‍, മെമ്മറി, ഡിസ്‌പ്ലേ, ക്യാമറ സെന്‍സര്‍ എന്നിവയുടെ നിര്‍മാണ ചെലവ് ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. സെമികണ്ടക്ടര്‍ മേഖലയിലെ ക്ഷാമവും ഉയര്‍ന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും നിര്‍മാതാക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്.
പുതിയ തലമുറ 5ജി ചിപ്സെറ്റുകളും എഐ ശേഷിയുള്ള പ്രോസസറുകളും നിര്‍മിക്കാന്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. ഇതിന്റെ ചെലവുകള്‍ കമ്പനികള്‍ ഏറ്റെടുക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു.
സ്മാര്‍ട്ട്ഫോണ്‍ ഘടകങ്ങളുടെ വലിയൊരു ഭാഗം ഇറക്കുമതിയാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിയുമ്പോള്‍ കമ്പനികള്‍ക്ക് ഇറക്കുമതി ചെലവ് കൂടും. ഈ അധിക ചെലവ് ഉപഭോക്താവില്‍ നിന്നാണ് ഈടാക്കുന്നത്.
ഇന്ത്യ പോലെ വിലയെ കൂടുതല്‍ ശ്രദ്ധിക്കുന്ന വിപണിയില്‍ പരിധിവിട്ട് വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ ശ്രമിച്ചേക്കില്ലെന്ന വാദവും ഉയരുന്നുണ്ട്. അതിനാല്‍, വില കുറയ്ക്കാന്‍ കമ്പനികള്‍ ഫോണുകളിലെ റാം കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2026 ആകുമ്പോഴേക്കും 16 ജിബി റാമുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഏതാണ്ട് ഇല്ലാതാകുമെന്ന് ചില വിദഗ്ധര്‍ പറയുന്നു. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന മെമ്മറി ക്ഷാമം കാരണം 2026ല്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ 16 ജിബി റാം മോഡലുകള്‍ പുറത്തിറക്കുന്നത് നിര്‍ത്തുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
ഓപ്പണ്‍ എഐ, ഗൂഗിള്‍, എന്‍വിഡിയ, മൈക്രോസോഫ്റ്റ് തുടങ്ങിയവ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ എഐ മേഖലയില്‍ അതിവേഗ നിക്ഷേപ, വികസനങ്ങളാണ് നടത്തുന്നത്. ഇവര്‍ എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വലിയ ഡേറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നു. ഇതിന് ധാരാളം പ്രോസസറുകളും റാമും ആവശ്യമാണ്.
ചിപ്പ് നിര്‍മാതാക്കള്‍ എഐ കമ്പനികള്‍ക്കുള്ള വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തന്മൂലം പല കമ്പനികളും സ്മാര്‍ട്ടഫോണുകളില്‍ ഉപയോഗിക്കുന്ന ചിപ്പുകളുടെ ഉത്പാദനം കുറച്ച് എഐ ചിപ്പുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചു. സ്മാര്‍ട്ട്ഫോണ്‍, കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ ഇത് കാരണം പ്രതിസന്ധിയിലായിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine