

വ്യാജപേരുകളില്‍ ഇന്ത്യയിലെത്തിക്കുന്ന സിഗരറ്റുകളിലൂടെ രാജ്യത്തിന് ഒരുവര്‍ഷം 21,000 കോടി രൂപ നികുതി നഷ്ടമുണ്ടാകുന്നതായി പരാതി. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പുകയില ഉത്പന്നങ്ങള്‍ തീവ്രവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസാണെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും സിഗരറ്റ് നിര്‍മാണ കമ്പനിയായ ഐ.റ്റി.സി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് വില്‍ക്കുന്ന 25 ശതമാനം പുകയില ഉത്പന്നങ്ങളും നികുതി അടക്കാതെ എത്തുന്നവയാണെന്നാണ് റിപ്പോർട്ട്. ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം ഒരുലക്ഷം കോടി രൂപക്ക് മുകളില്‍ നികുതി നഷ്ടം ഈയിനത്തില്‍ മാത്രം രാജ്യത്തിനുണ്ടായി.
വിദേശരാജ്യങ്ങളില്‍ നിന്ന് വിമാന, കപ്പല്‍, റോഡ് മാര്‍ഗവും സ്പീഡ് പോസ്റ്റിലൂടെയും ഇന്ത്യയിലേക്ക് വ്യാജ സിഗരറ്റുകള്‍ എത്തുന്നുണ്ടെന്നാണ് പരാതി. ഗള്‍ഫ്, തെക്ക്-കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലും. നികുതി നഷ്ടത്തിന് പുറമെ സംഘടിത കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇത് കാരണമാകുന്നു. ഇന്ത്യയിലെ പുകയില കര്‍ഷകരെയും നിര്‍മാതാക്കളെയും ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ കണക്ക് പ്രകാരം 2023-24 കാലയളവില്‍ 179 കോടി രൂപ വിലവരുന്ന വിദേശ സിഗരറ്റ് പിടികൂടിയിരുന്നു. ഇതില്‍ പകുതിയും കപ്പലുകളില്‍ കടത്തിയതായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളമായിരുന്നു ഈ കാലയളവില്‍ പിടികൂടിയത്. കസ്റ്റംസ് വകുപ്പുമായി ചേര്‍ന്ന് 308 കോടി രൂപയുടെ വ്യാജ സിഗരറ്റ് പിടികൂടിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സമാനകാലയളവില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 5.6 കോടി രൂപയുടെ സിഗരറ്റ്. 325 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2024 സെപ്റ്റംബറില്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്നും 1.25 കോടി രൂപയുടെ അമേരിക്കന്‍ നിര്‍മിത സിഗരറ്റും പിടികൂടിയിരുന്നു.
ഉപയോഗം കുറക്കാനായി ഇന്ത്യയില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയാണ് ഈടാക്കുന്നത്. 2012ന് ശേഷം പുകയില ഉത്പന്നങ്ങള്‍ക്കുള്ള നികുതി മൂന്ന് മടങ്ങ് വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ.നികുതി കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ പുകയില ഉത്പന്നങ്ങള്‍ രാജ്യത്തെത്തിച്ചാല്‍ കൂടിയ വിലക്ക് വില്‍ക്കാനും സാധിക്കും. ഒരു പാക്കറ്റിന് 50 രൂപ വരെ ലാഭം കിട്ടുമെന്നാണ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കംബോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെങ്കില്‍ ലാഭം ഇരട്ടിയാകും. വിപണിയിലുള്ള പുകയില ഉത്പന്നങ്ങളുടേതിന് സമാനമായ ബ്രാന്‍ഡിംഗ് ഉപയോഗിക്കുന്നതിനാല്‍ വ്യാജന്മാരെ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ഇത് കടത്തുകാരുടെ ജോലി എളുപ്പമാക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നികുതി അടക്കാതെ വിദേശത്ത് നിന്നും കടത്തിക്കൊണ്ടുവരുന്ന ഫോറിന്‍ സിഗരറ്റുകള്‍ സംസ്ഥാനത്തെ കടകളിലും സുലഭമായി ലഭിക്കുമെന്നതാണ് സത്യം. ഇന്ത്യന്‍ നിര്‍മിത പുകയില ഉത്പന്നങ്ങള്‍ക്ക് തുല്യമായ വിലയായിരിക്കും പലപ്പോഴും ഈടാക്കുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരും കൂടുതലാണ്. വലിയ ലാഭം കിട്ടുമെന്നതിനാല്‍ കച്ചവടക്കാരും ഇത് വില്‍ക്കാന്‍ തയ്യാറാകുന്നു. സ്വര്‍ണക്കടത്തിന് ലാഭം കുറഞ്ഞതോടെ പലരും സിഗരറ്റ് കടത്തിലേക്ക് മാറിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine