

സോപ്പ്, ഷാംപൂ, ടൂത്ത്പേസ്റ്റ് ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ വെജിറ്റേറിയനാണോ നോണ്‍-വെജിറ്റേറിയനാണോ എന്ന് ഇനി പാക്കറ്റില്‍ നിന്ന് തന്നെ തിരിച്ചറിയാം. ഇത്തരം ഉല്‍പന്നങ്ങളില്‍ പ്രത്യേക ലേബലിംഗ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
Legal Metrology (Packaged Commodities) Rules, 2011 ആണ് ഇതിനായി ഭേദഗതി ചെയ്തത്. പുതിയ വ്യവസ്ഥ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.
പുതിയ ചട്ടപ്രകാരം വെജിറ്റേറിയന്‍ ഉറവിടമുള്ള ഉല്‍പന്നങ്ങളുടെ പാക്കറ്റില്‍ പച്ച നിറത്തിലുള്ള ഡോട്ട് രേഖപ്പെടുത്തണം. നോണ്‍-വെജിറ്റേറിയന്‍ ഉറവിടമുള്ള ഉല്‍പന്നങ്ങളില്‍ ചുവപ്പ് അല്ലെങ്കില്‍ തവിട്ട് നിറത്തിലുള്ള ഡോട്ട് വേണം.
പാക്കറ്റില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ലഭിക്കുന്ന മുകള്‍ഭാഗത്തു തന്നെ ഈ അടയാളം നല്‍കണം. ഉല്‍പന്നം വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും.
സോപ്പ്, ഷാംപൂ, ടൂത്ത്പേസ്റ്റ് എന്നിവയ്ക്കൊപ്പം മറ്റ് കോസ്‌മെറ്റിക് ഉല്‍പന്നങ്ങളും പുതിയ ചട്ടത്തിന്റെ പരിധിയില്‍ വരും. പുതിയ മാറ്റം വരുന്നതോടെ ഉത്പന്നത്തില്‍ നോണ്‍-വെജിറ്റേറിയന്‍ ഘടകങ്ങള്‍ ഉണ്ടോയെന്ന് പാക്കേജിംഗ് നോക്കി തിരിച്ചറിയാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ചേരുവകളുടെ ലിസ്റ്റ് പരിശോധിക്കാതെ തന്നെ ഉല്‍പന്നത്തിന്റെ സ്വഭാവം അറിയാന്‍ സാധിക്കുന്നത് ഉപയോക്താക്കള്‍ക്ക് ഗുണകരമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine