തലസ്ഥാനത്ത് ഈഞ്ചക്കല്‍ മേൽപാലം ഉടന്‍

നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ മേല്‍പാലം വരുന്നു. 75 കോടി രൂപ ചെലവ് കണക്കാക്കുന്ന മേല്‍പ്പാലത്തിന്റെ പദ്ധതിരേഖയ്ക്ക് കേന്ദ്രം അനുമതി നല്‍കി. സാമ്പത്തികാനുമതി രണ്ടു മാസത്തിനകം ലഭിച്ചേക്കും. ഇത് ലഭിച്ചാല്‍ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

ഗതാഗതക്കുരുക്കിന് അറുതി

പദ്ധതി രേഖ പ്രകാരം 9 സ്പാനുകളുള്ള നാലുവരി മേല്‍പ്പാലമാണ് നിര്‍മിക്കുക. 25 മീറ്ററാണ് ദൂരം. ചാക്ക മേല്‍പ്പാലത്തില്‍ നിന്ന് ആരംഭിച്ച് മുട്ടത്തറയില്‍ ബന്ധിപ്പിക്കുന്ന വിധത്തിലായിരിക്കും നിര്‍മാണം. നിലവില്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രധാന മേഖലയാണിത്. പാലം വരുന്നതോടെ ഇതിന് അറുതിയുണ്ടാകും.

തിരക്കേറിയ കഴക്കൂട്ടം-മുക്കോല എന്‍.എച്ച് ജംഗ്ഷന്‍, കിഴക്കേക്കോട്ട, വള്ളക്കടവ്, അട്ടക്കുളങ്ങര, പേട്ട എന്നിവിടങ്ങളില്‍ നിന്ന് വരുന്ന റോഡുകളുടെ പ്രധാന ജംഗ്ഷനാണിത്. കൂടാതെ കോവളം, ശംഖുമുഖം, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് നഗരമധ്യത്തിലേക്കുള്ള യാത്രയും വേഗത്തിലാകും. നിലവില്‍ കിഴക്കേകോട്ടയില്‍ നിന്നും അട്ടക്കുളങ്ങരയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. പാലം വരുന്നതോടെ ഇതിനും പരിഹാരമാവും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, ഗതാഗത മന്ത്രി ആന്റണി രാജു ദില്ലിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെ ഇതിനായി പ്രാഥമികാംഗീകാരം ലഭിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ വിശദമായ പദ്ധതിരേഖ തയാറാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതി രേഖയ്ക്ക് അംഗീകാരം ലഭിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it