കയറ്റുമതി, ഇറക്കുമതി വ്യാപാര സാധ്യതകള്‍ ചര്‍ച്ച ചെയ്ത് എസ്.ഐ.ബി എക്സിം കണക്ട്

ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി സാധ്യതകളെ പ്രയോജനപ്പെടുത്തി വിദേശ വിപണികളില്‍ വ്യാപാരം നടത്തുന്നവര്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച എസ്.ഐ.ബി എക്സിം കണക്ട് 2024 പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ശില്പശാല സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി. ആര്‍. ശേഷാദ്രി ഉദ്ഘാടനം ചെയ്തു.
കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ത്യയുടെ വിദേശ വ്യാപാര നയങ്ങള്‍ ഏതെല്ലാം വിധത്തില്‍ ഉപകാരപ്രദമാകുമെന്ന വിഷയത്തില്‍ ഫോറിന്‍ ട്രേഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ എന്‍.എ. ഹസന്‍ ഉസൈദ് ഐടിഎസ് സംസാരിച്ചു. വിദേശ വ്യാപാരം സുഗമമാക്കുന്നതിനു വേണ്ടി കസ്റ്റംസ് വകുപ്പ് നടപ്പിലാക്കുന്ന നൂതന മാര്‍ഗങ്ങളെക്കുറിച്ച് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഗുര്‍കരണ്‍ സിംഗ് ബെയിന്‍സ് സെഷന്‍ അവതരിപ്പിച്ചു.
കയറ്റുമതി-ഇറക്കുമതി മേഖലയിലെ ഫെമ (FEMA) നിയമവും നടപടിക്രമങ്ങളും എന്ന വിഷയത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ. എസ്. രാധാകൃഷ്ണന്‍ ക്ലാസ് നയിച്ചു.
കയറ്റുമതിക്ക് പ്രോത്സാഹനം
കയറ്റുമതി എളുപ്പമാക്കാനും വേഗത്തിലാക്കാനും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി. പേപ്പര്‍ലെസ് കസ്റ്റംസ്, സിംഗിള്‍ വിന്‍ഡോ സിസ്റ്റം, ഡയറക്ട് പോര്‍ട്ട് ഡെലിവറി ഡയറക്ട് പോര്‍ട്ട് എന്‍ട്രി തുടങ്ങിയവ കയറ്റുമതിക്കാരെ പിന്തുണയ്ക്കാനുള്ള പദ്ധതികളാണ്. കയറ്റുമതി വര്‍ധിക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ വേഗം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറൈന്‍ പ്രൊഡക്ട് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി വൈസ് ചെയര്‍മാന്‍ അലക്സ് കെ. നൈനാന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജരും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ എസ്.എസ്. ബിജി, ജനറല്‍ മാനേജരും ട്രഷറി ഹെഡുമായ വിനോദ് എ. എന്‍. എന്നിവര്‍ സംസാരിച്ചു.

Related Articles

Next Story

Videos

Share it