സൗത്ത് ഇന്ത്യന്‍ ബാങ്ക് അവകാശ ഓഹരി വില്‍പ്പനയ്ക്ക് തുടക്കമായി, അപേക്ഷിക്കാം ഇങ്ങനെ

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അവകാശ ഓഹരി ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് തുടക്കമായി. 1151.01 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ടുള്ള അവകാശ ഓഹരി വില്‍പ്പന മാര്‍ച്ച് 20ന് അവസാനിക്കും. മൊത്തം 52.31 കോടി ഓഹരികളാണ് അവകാശ ഓഹരി ഇഷ്യുവില്‍ ബാങ്ക് പുറത്തിറക്കുക.

നിലവിലെ ഓഹരി ഉടമകള്‍ക്ക് കുറഞ്ഞവിലയ്ക്ക് അധികമായി ഓഹരി നല്‍കി നടത്തുന്ന മൂലധന സമാഹരണമാണ് അവകാശ ഓഹരി വില്‍പ്പന. ഫെബ്രുവരി 27 ആയിരുന്നു അവകാശ ഓഹരി വില്‍പ്പനയുടെ റെക്കോഡ് തീയതി. ഈ തീയതിക്ക് മുന്‍പായി ഓഹരി സ്വന്തമാക്കിയ ആളുകള്‍ക്കാണ് അവകാശ ഓഹരി വില്‍പ്പനയില്‍ പങ്കെടുക്കാനാകുക.

ഓഹരിയൊന്നിന് 22 രൂപയ്ക്കാണ് ഓഹരി നല്‍കുന്നത്. നാല് ഓഹരികള്‍ക്ക് ഒന്നെന്ന നിരക്കിലാണ് ഓഹരികള്‍ ഇഷ്യു ചെയ്യുന്നത്. അതായത് 300 ഓഹരികളുള്ള ഒരാള്‍ക്ക് 75 ഓഹരികള്‍ക്ക് അധികമായി അര്‍ഹത ലഭിക്കും. ഒറ്റയടിക്ക് വലിയ മൂലധന വര്‍ധന നേടാന്‍ അവകാശ ഓഹരി വാങ്ങുന്നത് വഴി നിക്ഷേപകര്‍ക്ക് സാധിക്കും. അതായ്ത് 75 ഓഹരികള്‍ 22 രൂപ നിരക്കില്‍ നിങ്ങള്‍ മുടക്കുന്നത് 1,650 രൂപയാണ്. ഇന്നത്തെ വ്യാപാര പ്രകാരം ഓഹരിയുടെ വില 30 രൂപയാണ്. അതനനുസരിച്ച് നിങ്ങള്‍ക്ക് 600 രൂപ നേട്ടം ലഭിക്കും. ഏപ്രില്‍ 5ന് ഓഹരി ഇഷ്യു ചെയ്യും. നിക്ഷേപകരുടെ അക്കൗണ്ടില്‍ ഓഹരികള്‍ ക്രെഡിറ്റാകുക ഏപ്രില്‍ 9നാണ്. ഏപ്രില്‍ 12ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.

എങ്ങനെ അപേക്ഷിക്കാം?

അവകാശ ഓഹരിക്ക് അര്‍ഹതയുള്ള നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടില്‍ ഇതനകം തന്നെ ഇതേകുറിച്ച് സന്ദേശം വന്നിരിക്കും. നിലവില്‍ കൈയിലുള്ള ഓഹരികള്‍ കൂടാതെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ റൈറ്റ് എന്റൈറ്റില്‍മെന്റ് എന്ന പേരില്‍ വേറെ ഷെയര്‍ ക്രെഡിറ്റ് ചെയ്തതായി കാണാനാകും. അതായത് 300 ഓഹരികള്‍ കൈവശമുള്ള ഒരാളുടെ അക്കൗണ്ടില്‍ 75 ഓഹരികള്‍ അധികമായി കാണിക്കും.

ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ഈ ഓഹരി ലഭിച്ചു എന്നല്ല. നിങ്ങള്‍ക്ക് മുന്നില്‍ മൂന്ന് ഓപ്ഷനുകളാണ് ഇവിടെ ലഭിക്കുന്നത്. വാങ്ങാം, വില്‍ക്കാം, പ്രതികരിക്കാതിരിക്കാം.

നെറ്റ് ബാങ്കിംഗ് വഴി

വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നെറ്റ് ബാങ്കിംഗ് വഴി വേണം ഇത് ചെയ്യാന്‍. ബ്രോക്കര്‍ പ്ലാറ്റ്‌ഫോം വഴി വാങ്ങാനാകില്ല നെറ്റ് ബാങ്ക് അക്കൗണ്ടിലെ എ.എസ്.ബി.എ (ആപ്ലിക്കേഷന്‍സ് സപ്പോര്‍ട്ടഡ്‌ ബൈ ബ്ലോക്ക്ഡ് എമൗണ്ട്) എന്ന ഓപ്ഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ബ്രോക്കര്‍ അക്കൗണ്ടിന്റെയും ഡീമാറ്റ് അക്കൗണ്ടിന്റെയും വിവരങ്ങള്‍ ഇതില്‍ നല്‍കണം. എത്ര ഓഹരിക്കാണോ നിങ്ങള്‍ അപേക്ഷിക്കുന്നത് അതിന് ആനുപാതികമായ തുക ബാങ്ക് ബ്ലോക്ക് ചെയ്യും. കമ്പനി എത്ര ഓഹരിയാണോ ഇഷ്യു ചെയ്യുന്നത് അതിനുള്ള തുക ബാങ്ക് കമ്പനിക്ക് കൊടുക്കും. ഇനി അപേക്ഷിച്ച മുഴുവന്‍ ഓഹരിയും ലഭിച്ചില്ലെങ്കില്‍ ബാക്കി തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.

വില്‍ക്കാം, പ്രതികരിക്കാതിരിക്കാം

രണ്ടാമത്തേത് ഈ ഓഹരികള്‍ വേറെ ആള്‍ക്കാര്‍ക്ക് വില്‍ക്കാമെന്നുള്ളതാണ്. അര്‍ഹതയുള്ള എല്ലാവരും ഓഹരി വാങ്ങണമെന്നില്ല. നിങ്ങള്‍ക്ക് ഓഹരി വേണ്ടെങ്കിൽ റൈറ്റ് ഇഷ്യു കാലയളവില്‍, അതായത് മാര്‍ച്ച് ആറ് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഇത് വില്‍ക്കാനോ വാങ്ങാനോ സാധിക്കും.

ഇനി മൂന്നാമത്തെ ഓപ്ഷന്‍ പ്രതികരിക്കാതിരിക്കുക എന്നതാണ്. പക്ഷെ പ്രതികരിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് നഷ്ടം വരാനുള്ള സാധ്യതയുണ്ട്.

അവകാശ ഓഹരി വിൽപ്പനയ്ക്ക് ശേഷം ഓഹരികളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിൽ ഇപ്പോൾ തന്നെ ഓഹരി വിലയിൽ തിരുത്തൽ ഉണ്ടായിട്ടുണ്ട്. സൈദ്ധാന്തികമായി, പുതിയ ഓഹരികൾ ലിസ്റ്റ് ചെയ്യുന്ന ദിവസം വില ഇടിയില്ല. എന്നാൽ റൈറ്റ് ഇഷ്യൂ വഴി കിട്ടുന്ന ഓഹരികൾ ആളുകൾ വിൽക്കുകയാണെങ്കിൽ ചെറുതായി ഇടിഞ്ഞേക്കാം.

ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരി ഇല്ലാത്തവര്‍ക്കും കൂടുതല്‍ ഓഹരികള്‍ വേണമെന്നാഗ്രഹിക്കുന്നവര്‍ക്കും റൈറ്റ് ഇഷ്യുവിന് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ അലോട്ട്‌മെന്റ് ലഭിക്കുമെന്ന് ഉറപ്പില്ല.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it