

റെയില്‍വേ സ്റ്റേഷനുകളില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നല്കാന്‍ ദക്ഷിണ റെയില്‍വേ ആരംഭിച്ച 'ജനതാ ഖാന' പദ്ധതി ഏറ്റെടുത്ത് യാത്രക്കാര്‍. വെറും 20 രൂപയ്ക്ക് രുചികരമായ ഭക്ഷണമാണ് റെയില്‍വേ സ്റ്റേഷനുകളിലെ സ്റ്റാളുകളില്‍ ലഭ്യമാക്കുന്നത്.
ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള 27 സ്റ്റേഷനുകളിലാണ് നിലവില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇത് കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ യാത്രക്കാരെ ഉദ്ദേശിച്ചാണ് പദ്ധതി കൊണ്ടുവന്നത്.
നിലവില്‍ തമിഴ്‌നാട്ടിലെ സ്‌റ്റേഷനുകളിലാണ് ജനതാ ഖാന സ്റ്റാളുകള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. പാലക്കാട്. തിരുവനന്തപുരം ഡിവിഷനുകളിലും ജനതാ ഖാന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ പൂരിയും കറിയുമാണ് വിതരണം ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ തൈര് സാദം, ലെമണ്‍ റൈസ്, പുളിസാദം എന്നിവയാണ് വില്ക്കുന്നത്.
കേരളത്തില്‍ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് ജനതാ ഖാന പദ്ധതി എത്തിക്കുമെന്നാണ് റെയില്‍വേ നല്കുന്ന സൂചന. കൂടുതല്‍ തിരക്കുള്ള സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാകും സ്റ്റാളുകള്‍ ആരംഭിക്കുക. യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതാണ് പദ്ധതി കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാന്‍ റെയില്‍വേയെ പ്രേരിപ്പിക്കുന്നത്.
അടുത്തിടെ റെയില്‍വേ നടപ്പിലാക്കിയ വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്ട് പദ്ധതിയും വലിയ പിന്തുണ നേടിയിരുന്നു. ഓരോ പ്രദേശത്തിന്റെയും തനതു ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതിയാണിത്. ഈ പദ്ധതിയിലൂടെ പ്രാദേശിക ഉത്പാദകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനും വിപണനം ചെയ്യാനും അവസരം ലഭിക്കുന്നു. 2022ല്‍ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ആ വര്‍ഷം തന്നെ നടപ്പിലാക്കി തുടങ്ങി.
പ്രാദേശിക കരകൗശലത്തൊഴിലാളികള്‍, കുശവന്‍മാര്‍, നെയ്ത്തുകാര്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സജ്ജമാക്കുന്ന താത്ക്കാലിക സ്റ്റാള്‍ വഴി വിറ്റഴിക്കാനുള്ള അവസരമാണ് റെയില്‍വേ മന്ത്രാലയം ഒരുക്കുന്നത്.
ഭക്ഷ്യവസ്തുക്കള്‍, കരകൗശലവസ്തുക്കള്‍, പുരാവസ്തുക്കള്‍, തുണിത്തരങ്ങള്‍, കൈത്തറി, പരമ്പരാഗത വസ്ത്രങ്ങള്‍, പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍, പ്രാദേശിക കളിപ്പാട്ടങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, പ്രാദേശിക ആഭരണങ്ങള്‍ തുടങ്ങിയവ റെയില്‍വേ സ്റ്റേഷന്‍ വഴി വിറ്റഴിച്ചു വരുമാനം നേടാം.
Read DhanamOnline in English
Subscribe to Dhanam Magazine