തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്കുളള കണക്ഷന്‍ ട്രെയിന്‍ നഷ്ടപ്പെട്ടു, അഞ്ച് യാത്രക്കാര്‍ക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം നൽകാന്‍ ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷന്‍

സ്വകാര്യ കമ്പനികളുമായി മത്സരിക്കുന്നതിന് റെയില്‍വേ പ്രവർത്തനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കമ്മീഷന്‍
Indian Railway
Image : Canva
Published on

കണക്ഷൻ ട്രെയിൻ നഷ്ടപ്പെട്ടതിന് യാത്രക്കാർക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം ദക്ഷിണ റെയിൽവേ നൽകണം. ആദ്യ ട്രെയിൻ എത്താൻ വൈകിയതിനാൽ മംഗലാപുരത്ത് നിന്ന് മൂകാംബികയിലേക്ക് പോകുന്ന കണക്ഷൻ ട്രെയിൻ നഷ്ടപ്പെട്ടതിനാണ് അഞ്ച് യാത്രക്കാർക്ക് നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ ആവശ്യപ്പെട്ടത്. കൂടാതെ യാത്രക്കാര്‍ക്ക് ചെലവ് ഇനത്തില്‍ 2,500 രൂപ കൂടി നൽകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കാൻ യാത്രക്കാർ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കാണ് മാവേലി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. ബൈന്ദൂർ സ്റ്റേഷനിലേക്ക് (മൂകാംബിക റോഡ്) യാത്ര ചെയ്യാൻ മംഗലാപുരം-കാർവാർ എക്സ്പ്രസിലും അവർ ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടാമത്തെ ട്രെയിൻ രാവിലെ 9 മണിക്ക് മംഗലാപുരം സ്റ്റേഷനിൽ നിന്നാണ് പുറപ്പെടുന്നത്.

ഔട്ടറില്‍ നിർത്തിയിട്ടു

മാവേലി എക്സ്പ്രസ് 8.20 ന് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഔട്ടറിൽ എത്തിയെങ്കിലും ബൈന്ദൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട കണക്ഷൻ ട്രെയിൻ സെൻട്രൽ സ്റ്റേഷൻ വിടുന്നതുവരെ ഔട്ടറില്‍ തന്നെ നിർത്തിയിട്ടു എന്നതായിരുന്നു യാത്രക്കാരുടെ പരാതി. സെൻട്രൽ സ്റ്റേഷനിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലാറ്റ്‌ഫോമുകൾ ഉണ്ടായിരുന്നിട്ടും ട്രെയിൻ ഔട്ടറിൽ നിർത്തിയിട്ടതായി യാത്രക്കാർ ചൂണ്ടിക്കാട്ടി.

റെയിൽവേയുടെ സർവീസിലെ പോരായ്മയും അശ്രദ്ധയും കാരണം, തുടർന്നുള്ള യാത്രയ്ക്കായി ബസ് പിടിക്കേണ്ടി വന്നതായും ഇത് സാമ്പത്തിക നഷ്ടത്തിനും മാനസിക വേദനയ്ക്കും കാരണമായതായും ചൂണ്ടിക്കാട്ടിയാണ് യാത്രക്കാര്‍ കമ്മീഷനെ സമീപിച്ചത്.

റെയില്‍വേയുടെ വാദം തളളി

അതേസമയം, മാവേലി എക്‌സ്പ്രസ് മംഗലാപുരം-കാർവാർ എക്സ്പ്രസിന്റെ കണക്ഷൻ ട്രെയിനല്ലെന്ന വാദമാണ് റെയില്‍വേ ഉന്നയിച്ചത്. എന്നാല്‍ പരാതിക്കാർക്ക് നൽകിയ ടിക്കറ്റുകൾ തിരുവനന്തപുരത്ത് നിന്ന് മൂകാംബിക റോഡിലേക്കുള്ളതായിരുന്നതിനാൽ മംഗലാപുരം-കാർവാർ എക്സ്പ്രസ് കണക്ഷൻ ട്രെയിൻ അല്ലെന്ന റെയിൽവേയുടെ വാദം കമ്മീഷൻ അംഗീകരിക്കാൻ വിസമ്മതിച്ചു.

മംഗലാപുരം സെൻട്രലിൽ നിന്ന് മൂകാംബികയിലേക്കുള്ള ട്രെയിൻ കണക്ഷൻ ട്രെയിൻ അല്ലെങ്കിലും, ആദ്യ ട്രെയിൻ എത്താൻ വൈകിയതിനാൽ പരാതിക്കാർക്ക് രണ്ടാമത്തെ ട്രെയിനിൽ കയറാൻ കഴിഞ്ഞില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. പൊതുഗതാഗതം ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതിനും സ്വകാര്യ കമ്പനികളുമായി മത്സരിക്കുന്നതിനും റെയില്‍വേ പ്രവർത്തനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. ട്രെയിൻ രാവിലെ 8.05 ന് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മംഗലാപുരം സ്റ്റേഷനില്‍ വൈകി എത്തിയതിന് കാരണം വ്യക്തമാക്കാന്‍ റെയിൽവേക്ക് സാധിച്ചില്ലെന്നും കമ്മീഷൻ പറഞ്ഞു.

Southern Railway ordered to compensate passengers ₹10,000 each for missing a connection train due to delay in Maveli Express.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com