കാക്കനാട് കൂടുതല്‍ കേന്ദ്രങ്ങളുമായി സ്‌പേസ്‌വണ്‍; ദക്ഷിണേന്ത്യയിലും വിപുലീകരണത്തിന് തുടക്കം

കൊച്ചിക്ക് പുറമെ കേരളത്തിലെ മറ്റ് നഗരങ്ങളിലേക്കും ദക്ഷിണേന്ത്യയിലുടനീളവും കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സ്‌പേസ്‌വണ്‍
കാക്കനാട് കൂടുതല്‍ കേന്ദ്രങ്ങളുമായി സ്‌പേസ്‌വണ്‍; ദക്ഷിണേന്ത്യയിലും വിപുലീകരണത്തിന് തുടക്കം
Published on

ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്ഡ് വര്‍ക്ക് സ്‌പേസ് ഓപ്പറേറ്ററായ സ്‌പേസ് വണ്‍ കൊച്ചിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. കാക്കനാട് കേന്ദ്രീകരിച്ച് വന്‍ വികസന പദ്ധതികള്‍ക്കാണ് കമ്പനി തുടക്കമിടുന്നത്. ഇന്‍ഫോപാര്‍ക്കില്‍ പുതിയ സെന്റര്‍ തുറക്കുന്നതിനൊപ്പം, നിലവിലുള്ള രണ്ടു കേന്ദ്രങ്ങളുടെ രണ്ടാം ഘട്ട വികസനവും നടപ്പാക്കും.

ഇതോടെ കാക്കനാട് മേഖലയില്‍ മാത്രം സ്‌പേസ്‌വണിന് നാല് പ്രമുഖ കേന്ദ്രങ്ങളിലായി ആകെ 1,250 സീറ്റുകളുടെ ശേഷിയുണ്ടാകും. ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ കാസ്പിയന്‍ ടവര്‍, ജെ ടവര്‍, റിറ്റ്‌സ് പ്ലാസ, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ ഇന്‍ഫ്രാ ഫ്യൂച്ചറ എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയ പ്രധാന ബിസിനസ് ഇടനാഴികളിലാണ് ഈ കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട കമ്പനികള്‍ക്കും ഡിസ്ട്രിബ്യൂട്ടഡ് ടീമുകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് സ്‌പേസ്‌വണ്‍ സഹസ്ഥാപകന്‍ സിജോ ജോസ് വ്യക്തമാക്കി.

മെട്രോ കണക്റ്റിവിറ്റി കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും സാധിക്കുന്ന പ്ലഗ്-ആന്‍ഡ്-പ്ലേ അന്തരീക്ഷം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാകും. കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ കൊച്ചിയിലെ ഏറ്റവും വലിയ ഐടി-വ്യാവസായിക ഹബ്ബായി കാക്കനാട് മാറിയിട്ടുണ്ട്.

കൊച്ചിക്ക് പുറമെ കേരളത്തിലെ മറ്റ് നഗരങ്ങളിലേക്കും ദക്ഷിണേന്ത്യയിലുടനീളവും കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സ്‌പേസ്‌വണ്‍. കോയമ്പത്തൂരില്‍ നിലവില്‍ 24X7 പ്രവര്‍ത്തിക്കുന്ന 6 കേന്ദ്രങ്ങള്‍ കമ്പനിക്കുണ്ട്. അടുത്തിടെ ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌പേസ് വണ്‍ മൈസൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വികസനത്തിന് ഒരുങ്ങുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com