ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി സ്‌പെഷ്യല്‍ വന്ദേ ഭാരത്; വിശദാംശങ്ങള്‍
ശബരിമലയിലെ മണ്ഡലകാല തിരക്ക് കണക്കിലെടുത്ത് ചെന്നൈ-കോട്ടയം റൂട്ടില്‍ വന്ദേ ഭാരത് ഉള്‍പ്പെടെ കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ സജ്ജമാക്കി ദക്ഷിണ റെയില്‍വേ. ശബരിമല സ്‌പെഷ്യല്‍ വന്ദേ ഭാരത് ട്രെയിനുകള്‍, വന്ദേഭാരത് എന്നിവയാണ് ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചും അനുവദിച്ചിരിക്കുന്നത്.
ഈ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ 15 മുതല്‍ 25 വരെയാണ് സര്‍വീസ് നടത്തുക. ചെന്നൈയില്‍ നിന്ന് വെള്ളി, ഞായര്‍ ദിവസങ്ങളിലും തിരിച്ച് കോട്ടയത്ത് നിന്ന് ശനി, തിങ്കള്‍ ദിവസങ്ങളിലുമാണ് സ്‌പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക.
നമ്പര്‍ 06151 എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കോട്ടയം വന്ദേ ഭാരത് സ്പെഷല്‍ രാവിലെ 4.30ന് എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍നിന്ന് യാത്ര തിരിച്ച് അന്നേ ദിവസം വൈകിട്ട് 4.15ന് കോട്ടയത്തെത്തും. 15, 17, 22, 24 തീയതികളിലാണ് ഇത്.
നമ്പര്‍ 06152 കോട്ടയം- ചെന്നൈ സെന്‍ട്രല്‍ വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിന്‍ കോട്ടയത്ത് നിന്ന് രാവിലെ 4.40-ന് യാത്ര പുറപ്പെടും. വൈകിട്ട് 5.15ന് ചെന്നൈയിലെത്തും. ഡിസംബര്‍ 16, 18, 23, 25 തീയതികളിലാണ് ഈ ട്രെയിന്‍ സര്‍വീസ്.
പെരമ്പൂര്‍, കാട്പാടി, സേലം, ഈറോഡ്, തിരുപ്പുര്‍, പോഡനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. എട്ട് കോച്ചുകളുള്ള റേക്ക് ആണ് സര്‍വീസ് നടത്തുന്നത്. ഈ പ്രത്യേക ട്രെയിനുകളിലേക്കുള്ള ബുക്കിംഗ് നിലവില്‍ സജീവമാണ്.