ഇന്ത്യന്‍ മുളകും ചൈനക്കാര്‍ അടിച്ചുമാറ്റുമോ? സ്‌പൈസസ് കയറ്റുമതിയില്‍ മേധാവിത്വം നേടാന്‍ ചൈനീസ് നീക്കം

ഇന്ത്യന്‍ മുളകും ചൈനക്കാര്‍ അടിച്ചുമാറ്റുമോ? സ്‌പൈസസ് കയറ്റുമതിയില്‍ മേധാവിത്വം നേടാന്‍ ചൈനീസ് നീക്കം

ചൈനയുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ് ഇന്ത്യന്‍ കര്‍ഷകരെ ബാധിക്കുമെന്നാണ് സ്‌പൈസസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്
Published on

ഇന്ത്യന്‍ മുളക്, ജീരകം ഇനങ്ങള്‍ സ്വന്തം രാജ്യത്ത് ഉത്പാദിപ്പിച്ച് വിപണി പിടിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി ചൈന. ഈ രംഗത്ത് ഇന്ത്യയ്ക്കുള്ള മേല്‍ക്കൈ തകരാന്‍ ചൈനയുടെ മുന്നേറ്റം കാരണമാകുമെന്ന ആശങ്ക കയറ്റുമതി മേഖലയ്ക്കുണ്ട്. ഇന്ത്യയില്‍ നിന്ന് മുളക് ഇറക്കുമതി ചെയ്ത് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിദേശ വിപണിയിലേക്ക് കയറ്റിയയച്ച് ചൈന വലിയതോതില്‍ വരുമാനം നേടുന്നുണ്ട്.

ചൈനയുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ് ഇന്ത്യന്‍ കര്‍ഷകരെ ബാധിക്കുമെന്നാണ് സ്‌പൈസസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മുളക് ഉള്‍പ്പെടെയുള്ളവ വില്ക്കാന്‍ ചൈനയ്ക്ക് സാധിക്കും. സ്വഭാവികമായും മറ്റ് രാജ്യക്കാര്‍ ചൈനീസ് ചരക്കിന് പിന്നാലെ പോകും. ഇപ്പോള്‍ തന്നെ ന്യായമായ വില കിട്ടാത്തതിനാല്‍ ഇന്ത്യന്‍ കര്‍ഷകര്‍ മുളക് കൃഷി കുറച്ചിട്ടുണ്ട്.

ഇന്ത്യ എല്ലായിനം മുളകും കൃഷി ചെയ്യുന്നുണ്ടെങ്കില്‍ ചില പ്രത്യേകയിനങ്ങള്‍ക്ക് പ്രാധാന്യം നല്കിയാണ് ചൈനയുടെ കൃഷി. കൂടുതല്‍ കയറ്റുമതി വരുമാനം ലഭിക്കുന്ന പാപ്രിക, തേജ ഇനങ്ങളാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയുടെ മുളക്, ജീരകം കയറ്റുമതി കഴിഞ്ഞ വര്‍ഷം വര്‍ധിച്ചെങ്കിലും വിലയില്‍ അത് പ്രതിഫലിച്ചിരുന്നില്ല. വരുമാന കണക്ക് താഴേക്കാണ് പോയത്.

ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് മുളക് കൃഷിയില്‍ മുന്നിലുള്ളത്. ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം മുളക് വിളവെടുപ്പില്‍ 35 ശതമാനത്തോളം കുറവുണ്ടായിരുന്നു. ചൈനീസ് മുളക് വിപണി പിടിച്ചാല്‍ ഈ രംഗത്തെ ഇന്ത്യന്‍ ആധിപത്യത്തിന് അവസാനമായേക്കും.

കയറ്റുമതി കണക്കുകള്‍

2024-25 സാമ്പത്തികവര്‍ഷം മുളകുപൊടി കയറ്റുമതിയില്‍ 35 ശതമാനം വര്‍ധനയുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. 80.6 മില്യണ്‍ കിലോയാണ് ഇക്കാലയളവില്‍ കയറ്റിയയച്ചത്. അതേസമയം, മുളക് കയറ്റുമതിയില്‍ വര്‍ധന 19 ശതമാനം. 700,000 ടണ്‍ എന്ന നാഴികക്കല്ല് പിന്നിടാനും സാധിച്ചു. കയറ്റുമതിയുടെ അളവ് കൂടിയപ്പോള്‍ അതില്‍ നിന്നുള്ള വരുമാനത്തില്‍ 11 ശതമാനം കുറവുണ്ടായിയെന്നത് ശ്രദ്ധേയമാണ്.

ജീരകം കയറ്റുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷം 2,29,881 ടണ്ണായിരുന്നു. മുന്‍വര്‍ഷത്തെ 1,65,269 ടണ്ണില്‍ നിന്നാണ് ഈ വര്‍ധന.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com